മക്ക - ഇരുപതു മാസത്തോളം നീണ്ട ഇടവേളക്കു ശേഷം നമസ്കാരത്തിൽ വിടവുകളില്ലാതെ, നിരയൊപ്പിച്ച്, അടുത്തടുത്തായി നിൽക്കണമെന്ന് മക്കയിൽ വിശുദ്ധ ഹറമിലും മദീന മസ്ജിദുന്നബവിയിലും ഇമാമുമാർ ഉണർത്തിയത് വിശ്വാസികളെ ആഹ്ലാദഭരിതരാക്കി. ഇന്ന് പുലർച്ചെ മക്കയിൽ വിശുദ്ധ ഹറമിലും മദീനയിൽ പ്രവാചക മസ്ജിദിലും സുബ്ഹി നമസ്കാരത്തിൽ ശാരീരിക അകലം പാലിക്കാതെ തീർഥാടകരും വിശ്വാസികളും പങ്കെടുത്തത് ലോകത്തെങ്ങുമുള്ള വിശ്വാസികളുടെ മനസ്സുകളെ കുളിരണിയിപ്പിച്ചു. ഹറമുകളിൽ ശാരീരിക അകലം ഉറപ്പുവരുത്തുന്ന സ്റ്റിക്കറുകളും ബാരിക്കേഡുകളുമില്ലാതെയാണ് വിശ്വാസികൾ ഇന്നലെ നമസ്കാരങ്ങളിൽ സംബന്ധിച്ചത്.
സുബ്ഹി നമസ്കാരത്തിന് ഇഖാമത്ത് കൊടുത്ത ശേഷം, വിടവുകളില്ലാതെ, നിരനിരയായി അടുത്തടുത്ത് നിൽക്കാൻ വിശ്വാസികളെ ഇമാമുമാർ ഉണർത്തുകയും ചെയ്തു. ഇരുപതു മാസത്തോളം നീണ്ട ഇടവേളക്കു ശേഷമാണ് ഹറമുകളിൽ ഇമാമുമാർ വിടവുകളില്ലാതെ അടുത്തടുത്ത് നിൽക്കാൻ വിശ്വാസികളെ ഉണർത്തിയത്. വിടവുകളില്ലാതെ, നിരയൊപ്പിച്ച് അടുത്തടുത്ത് നിൽക്കാൻ സംഘടിത നമസ്കാരങ്ങളിൽ ഇമാമുമാർ വിശ്വാസികളെ ഉണർത്തുന്നത് പതിവാണ്. എന്നാൽ ഈ പതിവ് ഇരുപതു മാസത്തോളമായി മുടങ്ങിയിരുന്നു. ഇതാണ് ഇന്ന് സുബ്ഹി നമസ്കാരത്തോടെ ഹറമുകളിൽ വീണ്ടും പുനരാരംഭിച്ചത്. വിടവുകളില്ലാതെയും ശാരീരിക അകലം പാലിക്കാതെയും വിശുദ്ധ ഹറമിലും മസ്ജിദുന്നബവിയിലും തീർഥാടകരും വിശ്വാസികളും തോളോടുതോൾ ചേർന്ന് സുബ്ഹി നമസ്കാരത്തിൽ പങ്കെടുക്കുന്നതിന്റെ ദൃശ്യങ്ങൾ അടങ്ങിയ വീഡിയോ സാമൂഹികമാധ്യമങ്ങളിൽ വൈറലായി. വിശുദ്ധ ഹറമിൽ സുബ്ഹി നമസ്കാരത്തിന് ഹറം ഇമാം ശൈഖ് ബന്ദർ ബലീല നേതൃത്വം നൽകി.فيديو | إمام #المسجد_النبوي يلتفت قائلاً:
— قناة الإخبارية (@alekhbariyatv) October 17, 2021
"استوا..سووا صفوفكم..وسدوا الفرج"
مشاهد من #صلاة_الفجر في #المسجد_النبوي بعد تخفيف الإجراءات الاحترازية #الإخبارية pic.twitter.com/ZVdruJ8lgD
വിശുദ്ധ ഹറമിലും മസ്ജിദുന്നബവിയിലും പൂർണ ശേഷിയിൽ ഇന്നലെ മുതൽ തീർഥാടകരെയും വിശ്വാസികളെയും സ്വീകരിക്കാൻ തുടങ്ങിയിട്ടുണ്ടെങ്കിലും ഹറമുകൾക്കകത്ത് എല്ലാവരും മുഴുസമയം മാസ്കുകൾ ധരിക്കണമെന്ന് വ്യവസ്ഥയുണ്ട്. വിശുദ്ധ ഹറമിലും മുറ്റങ്ങളിലുമായി ഒരേ സമയം 25 ലക്ഷത്തിലേറെ പേർക്ക് നമസ്കാരം നിർവഹിക്കാൻ സാധിക്കും.