Sorry, you need to enable JavaScript to visit this website.

യുവനേതാക്കൾക്കിടയിലെ ചേരിപ്പോരിൽ സി.പി.എമ്മിന് കടുത്ത അതൃപ്തി. ഇവരുടെ പ്രവർത്തനങ്ങൾ നിരീക്ഷിക്കും

 

കോഴിക്കോട് : യുവനേതാക്കൾക്കിടയിലെ ചേരിപ്പോരിൽ സി.പി.എമ്മിന് കടുത്ത അതൃപ്തി. ഇത്തരം നിലപാടുകൾ ഒരു കാരണവശാലും അംഗീകരിക്കാനാകില്ലെന്നാണ് പാർട്ടി നിലപാട്.

കൂടുതൽ യുവാക്കളെ ഭരണ നേതൃത്വത്തിലേക്ക് കൊണ്ടു വരുന്നതിന്റെ ഭാഗമായി കഴിഞ്ഞ നിയമസഭാ തെരഞ്ഞടുപ്പിൽ യുവജന സംഘടനയായ ഡി.വൈ.എഫ്.ഐയിൽ നിന്നും സി.പി.എമ്മിലെ തന്നെ യുവതലമുറയിൽ നിന്നും കൂടുതൽ പേരെ മത്സരിപ്പിച്ചിരുന്നു. ഇവരിൽ നല്ലൊരു ശതമാനം പേരും വിജയിച്ചു കയറുകയും ചെയ്തു.

എന്നാൽ പാർലമെന്ററി അധികാരത്തിലെത്തിയതോടെ യുവനേതാക്കൾക്കിടയിൽ വലിയ തോതിൽ ചേരിപ്പോര് ഉടലെടുത്തതായാണ് പാർട്ടി വിലയിരുത്തുന്നത്. നിയമസഭയിലേക്ക് ആദ്യമായി എത്തിയ ഡി.വൈ.എഫ്. ഐ അഖിലേന്ത്യാ നേതാവും മുഖ്യമന്ത്രി പിണറായി വിജയന്റെ മകളുടെ ഭർത്താവുമായ പി.എ..മുഹമ്മദ് റിയാസിന് മന്ത്രി സ്ഥാനം നൽകിയത് മുതൽ യുവനേതാക്കൾക്കിടയിൽ ചേരിപ്പോര് ഉടലെടുത്തിരുന്നു. പലരെയും മറി കടന്നുകൊണ്ടാണ് മുഹമ്മദ് റിയാസിന് മന്ത്രിസ്ഥാനം നൽകിയതെന്ന് അന്ന് മുതൽ തന്നെ പ്രചാരണം അഴിച്ചു വിടുകയും ചെയ്തിരുന്നു. പരസ്പരം അംഗീകരിക്കാത്ത നിലയിലാണ് പിന്നീട് യുവനേതാക്കളിൽ പലരും  പ്രവർത്തിച്ചു വന്നത്. 

കരാറുകാരെ കൂട്ടി എം.എൽ. എ.മാർ തന്നെ കാണാൻ വരേണ്ടതില്ലെന്ന് മന്ത്രി മുഹമ്മദ് റിയാസ് നടത്തിയ പ്രസ്താവന സി.പി.എം നിയമസഭാ കക്ഷി യോഗത്തിൽ  വിവാദമാക്കിയതിന് പിന്നിലും യുവനേതാക്കളുടെ ചേരിപ്പോര് സി.പി.എം സംസ്ഥാന നേതൃത്വം വലിയിരുത്തുന്നുണ്ട്. മുഹമ്മദ് റിയാസിനെതിരെ തലശ്ശേരി എം.എൽ.എ എ.എൻ.ഷംസീറും, അഴീക്കോട് എം.എൽ.എ കെ.വി.സുമേഷും ശക്തമായ ഭാഷയിലാണ് എതിർപ്പുമായി രംഗത്തെത്തിയത്. മറ്റ് ചില എം.എൽ.എ മാരും ഇത് ഏറ്റ് പടിച്ചിരുന്നു. ഇതിന് മുഹമ്മദ് റിയാസ് മറുപടി നൽകുകയും ചെയ്തു. അതുകൊണ്ട് തന്നെ ഈ വിഷയം ഇവിടെ അവസാനിക്കേണ്ടതായിരുന്നു. മന്ത്രി മുഹമ്മദ് റിയാസിന്റെ പ്രസ്താവനക്കെതിരെ വിമർശനം ഉയർന്നതിൽ സി.പി.എം അസ്വഭാവികതയൊന്നും കാണുന്നില്ല. എന്നാൽ ഇത് പിന്നീട് മാധ്യമങ്ങളിലേക്കെത്തിച്ച് വിവാദമാക്കിയതിന് പിന്നിൽ ചില ഗൂഡ താൽപര്യങ്ങൾ പാർട്ടി നേതൃത്വം കാണുന്നുണ്ട്. യുവനേതാക്കൾ തമ്മിലുള്ള ചേരിപ്പോരിന്റെയും ഈഗോയുടെയും ഭാഗമായാണ് ഈ വിഷയം വിവാദമാകാൻ കാരണമെന്ന് പാർട്ടി നേതൃത്വം വലിയിരുത്തുന്നുണ്ട്. 

തന്റെ പ്രസ്താവനയിൽ മന്ത്രി മുഹമ്മദ് റിയാസ് ഖേദം പ്രകടിപ്പിച്ചെന്നാണ് ആദ്യം പുറത്ത് വന്ന വാർത്തകൾ. എന്നാൽ തൊട്ടടുത്ത ദിവസം തന്നെ മന്ത്രി ഇത് നിഷേധിക്കുകയും താൻ ഖേദം പ്രകടിപ്പിച്ചിച്ചിട്ടില്ലെന്നും പറഞ്ഞതിൽ തന്നെ ഉറച്ച് നിൽക്കുകയും ചെയ്യുന്നുവെന്ന്  വ്യക്തമാക്കി. കൈവിട്ടു പോകുമായിരുന്ന ഈ പ്രശ്‌നം സി.പി.എം സംസ്ഥാന നേതൃത്വത്തിന്റെ ഇടപെടൽ കൊണ്ട് മാത്രമാണ് അടക്കി നിർത്താനായത്.  എം.എൽ.എമാർ കരാറുകാരെ കൂട്ടി മന്ത്രിമാരെ കാണാൻ വരരുതെന്നത് പാർട്ടിയുടെ നയമാണെന്ന് പറഞ്ഞുകൊണ്ട് സി.പി.എം സംസ്ഥാന സെക്രട്ടറി എ.വിജയരാഘവൻ മന്ത്രിയുടെ രക്ഷക്കെത്തുകയായിരുന്നു. മുഹമ്മദ് റിയാസും ഷംസീറും പാർട്ടി സംസ്ഥാന കമ്മറ്റി അംഗങ്ങളായതിനാൽ ഇവർ തമ്മിലുള്ള ഏറ്റുമുട്ടൽ മറ്റ് സംസ്ഥാന കമ്മറ്റി അംഗങ്ങൾ ഏറ്റുപിടിക്കാനുള്ള സാധ്യതയും പാർട്ടി നേതൃത്വം മുൻകൂട്ടി കണ്ടിരുന്നു. മാത്രമല്ല ഈ വിഷയം പ്രതിപക്ഷം വലിയ രീതിയിൽ ഉപയോഗപ്പെടുത്താനുള്ള സാധ്യതയും പാർട്ടി തള്ളിക്കളഞ്ഞില്ല. അതുകൊണ്ട് തന്നെയാണ് ഈ വിഷയത്തിൻ മന്ത്രിയെ പിന്തുണച്ച് വിജയരാഘവൻ പാർട്ടി നേതൃത്വത്തിന്റെ അറിവോടെ പെട്ടെന്ന് തന്നെ രംഗത്തെത്തിയത്. 

നിയമസഭയിൽ യുവനേതാക്കൾ പരസ്പരം അംഗീകരിക്കാത്ത പ്രശ്‌നം ഇതിന് മുൻപും പാർട്ടിയുടെ ശ്രദ്ധയിൽ പെട്ടിരുന്നു. സ്പീക്കർ ഉൾപ്പെടെയുള്ളവരുമായി ഷംസീർ ഇതിന് മുൻപ് പരസ്യമായി കൊമ്പുകോർക്കുകയും ചെയ്തിരുന്നു. വീണ ജോർജ് അടക്കമുള്ള  യുവമന്ത്രിമാർ തങ്ങളുടെ പ്രദേശത്തെ പാർട്ടി നേതാക്കളെ അംഗീകരിക്കാതെ പ്രവർത്തിക്കുന്നത് സംബന്ധിച്ച പരാതികളും നിലവിലുണ്ട്. യുവനേതാക്കളുടെ ഈഗോ അംഗീകരിച്ചുകൊണ്ട് മുന്നോട്ട് പോയാൽ അത് വലിയ വിഭാഗീയതക്ക് കാരണമാകുമെന്നും ഡി.വൈ.എഫ്.ഐയിലും എസ്.എഫ്.ഐയിലുമെല്ലാം ഇതിന്റെ പ്രത്യാഘാതങ്ങൾ ഉണ്ടാകുമെന്നും പാർട്ടി നേതൃത്വം കണക്ക് കൂട്ടുന്നുണ്ട്. ആശയപരമല്ല, മറിച്ച് കേവലം വ്യക്തിപരമായ പ്രശ്‌നങ്ങളാണ് യുവനേതാക്കൾ തമ്മിലുള്ളത്. 

23ാം പാർട്ടി കോൺഗ്രസിന്റെ ഭാഗമായി നടന്ന ബ്രാഞ്ച് സമ്മേളനങ്ങളിൽ ബ്രാഞ്ച് സെക്രട്ടറിമാരായി തെരഞ്ഞെടുക്കപ്പെട്ടവരിൽ നല്ലൊരു ശതമാനവും  35 വയസിന് താഴെയുള്ള യുവാക്കളാണ്. ഇപ്പോൾ നടന്നു വരുന്ന ലോക്കൽ സമ്മേളനങ്ങളിൽ കമ്മറ്റി അംഗങ്ങളായി തെരഞ്ഞെടുക്കപ്പെടുന്നവരിലും ഭൂരിഭാഗവും യുവാക്കളാണ്. പാർട്ടിയെ കൂടുതൽ ഊർജ്ജസ്വലമാക്കാനായി യുവാക്കളെ കൂടുതൽ സ്ഥാനങ്ങളിൽ എത്തിക്കണമെന്ന് പ്രാദേശിക ഘടകങ്ങൾക്ക് പാർട്ടി സംസ്ഥാന നേതൃത്വം നിർദ്ദേശം നൽകിയിരുന്നു. പാർട്ടിയുടെ ചരിത്രത്തിൽ ആദ്യമായാണ് യുവനിരയ്ക്ക് ഇത്രയധികം പ്രാമുഖ്യം പാർട്ടി കമ്മറ്റികളിൽ നൽകുന്നത്. ഈ അവസ്ഥയിൽ സംസ്ഥാന തലത്തിലുള്ള യുവനേതാക്കൾ തമ്മിലുള്ള ചേരിപ്പോര് പ്രാദേശിക തലത്തിലേക്ക് വ്യാപിക്കാനുള്ള സാധ്യതയും പാർട്ടി തള്ളിക്കളയുന്നില്ല. ഈ സാഹചര്യത്തിൽ കൂടിയാണ് യുവനേതാക്കളുടെ പ്രവർത്തനങ്ങളെ സുക്ഷ്മമായി നിരീക്ഷിക്കാൻ നേതൃത്വം തയ്യാറെടുക്കുന്നത്.
 

Latest News