ന്യൂദൽഹി- കഴിഞ്ഞമാസം തട്ടിക്കൊണ്ടുപോയ അഞ്ചു വയസുകാരനെ അക്രമികളിൽനിന്ന് പോലീസ് മോചിപ്പിച്ചു. കുട്ടിയെ മോചിപ്പിക്കുന്നതിനുള്ള ശ്രമത്തിനിടെ പോലീസ് നടത്തിയ വെടിവെപ്പിൽ അക്രമികളിൽ ഒരാൾ കൊല്ലപ്പെട്ടു. ഇക്കഴിഞ്ഞ ജനുവരി 25നാണ് ആയുധധാരികളായ രണ്ടു പേർ ബൈക്കുകളിലെത്തി സ്‌കൂൾ വാനിൽനിന്ന് കുട്ടിയെ തട്ടിക്കൊണ്ടുപോയത്. വാനിൽ നിറയെ വിദ്യാർഥികളുണ്ടായിരുന്നു. കുട്ടിയെ രാജ്യതലസ്ഥാനമായ ദൽഹിയിൽനിന്ന് നാൽപത് കിലോമീറ്റർ മാത്രം അകലെയുള്ള ഷാഹിദാബാദിലെ ഒരു ഫഌറ്റിൽ അടച്ചിട്ടിരിക്കുകയായിരുന്നു.
അരമണിക്കൂറോളം നീണ്ടുനിന്ന വെടിവെപ്പിന് ശേഷമാണ് കുട്ടിയെ മോചിപ്പിക്കാനായത്. ഒരു അപ്പാർട്ട്‌മെന്റിലെ അഞ്ചാം നിലയിലായിരുന്നു കുട്ടിയെ അടച്ചിട്ടിരുന്നത്. ഇവിടെ പുലർച്ചെ ഒരു മണിയോടെ പോലീസ് എത്തുകയായിരുന്നു. തുടർന്നാണ് വെടിവെപ്പുണ്ടായത്. അക്രമികളിൽ രണ്ടു പേർക്ക് വെടിവെപ്പിൽ പരിക്കേറ്റു. കുട്ടിയെ കഴിഞ്ഞ പത്തുദിവസമായി ഇവിടെ പാർപ്പിച്ചിരിക്കുകയായിരുന്നു.
കഴിഞ്ഞ പത്തുദിവസമായി കുട്ടിക്ക് വേണ്ടിയുള്ള തെരച്ചിലിൽ ആയിരുന്നു പോലീസ്. ജനുവരി 28ന് കുട്ടിയുടെ രക്ഷിതാക്കൾക്ക് അക്രമികളുടെ ഫോൺ സന്ദേശം ലഭിച്ചിരുന്നു. കുട്ടിയെ വിട്ടുകിട്ടാൻ അൻപത് ലക്ഷം രൂപ ആവശ്യപ്പെട്ടായിരുന്നു ഫോൺ. ഈ ഫോൺ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിനൊടുവിലാണ് കുട്ടിയെ കണ്ടെത്താനായത്. കുട്ടിയെ ഇന്ന് രാവിലെ കുടുംബത്തിന് കൈമാറി.
ഈസ്റ്റ് ദൽഹിയിലെ ദിൽഷാദ് ഗാർഡന് സമീപത്ത് വെച്ച് കുട്ടിയെ തട്ടിക്കൊണ്ടുപോയത്. വാൻ ഡ്രൈവറെ തോക്കിൻ മുനയിൽ നിർത്തിയായിരുന്നു കുട്ടിയെ തട്ടിക്കൊണ്ടുപോയത്. എതിർക്കാൻ ശ്രമിച്ച ഡ്രൈവറുടെ കാലിന് അക്രമികൾ വെടിവെക്കുകയും ചെയ്തു.