പോര്‍ട്ടോ പ്രിന്‍സ്- ഹെയ്തിയില്‍ അമേരിക്കക്കാരായ 17 അംഗ ക്രിസ്ത്യന്‍ മിഷനറി സംഘത്തെ കുടുംബ സമേതം തട്ടിക്കൊണ്ടു പോയി. ഹെയ്തി തലസ്ഥാനമായ പോര്‍ട്ടോ പ്രിന്‍സിലെ ഒരു അനാഥാലയം സന്ദര്‍ശിച്ചു മടങ്ങുന്നതനിടെയാണ് ഗുണ്ടാ സംഘം ഇവരെ തട്ടിക്കൊണ്ടു പോയത്. എയര്‍പോര്‍ട്ടിലേക്ക് പോകാനായി കയറിയ ബസില്‍ വച്ചാണ് ഗുണ്ടാ സംഘം ഇവരെ പിടികൂടിയത്. സംഭവം അന്വേഷിച്ചു വരികയാണെന്ന് യുഎസ് വിദേശകാര്യ വകുപ്പ് വക്താവ് അറിയിച്ചു. ഹെയ്തിയിലെ അമേരിക്കന്‍ എംബസി ഇതു സംബന്ധിച്ച് പ്രതികരിച്ചിട്ടില്ല. അന്വേഷണം നടത്തിവരികയാണെന്ന് ഹെയ്തി പോലീസ് വക്താവ് അറിയിച്ചു.
ജൂലൈയില്‍ പ്രസിഡന്റ് ജൊവനല്‍ മൊയ്‌സ് കൊല്ലപ്പെടുകയും ഓഗസ്റ്റില്‍ 2000 പേരുടെ മരണത്തിനിടയാക്കിയ ഭൂകമ്പത്തിനും ശേഷം തകര്‍ന്നടിഞ്ഞ ഹെയ്തിയില്‍ സംഘര്‍ഷവും ഗുണ്ടാവിളയാട്ടവും രൂക്ഷമായിക്കൊണ്ടിരിക്കുകയാണ്. ഇതു മൂലം നിരവധി പേര്‍ക്കാണ് വീടുവിട്ടു പോകേണ്ടി വന്നത്. രാജ്യത്തിന്റെ സാമ്പത്തിക സ്ഥിതിയും തകര്‍ന്നടിഞ്ഞ നിലയിലാണ്.