കണ്ണൂർ : കോടതി ജീവനക്കാരൻ മകളെ പുഴയിൽ തള്ളിയിട്ട് കൊലപ്പെടുത്തുകയും ഭാര്യയെ കൊലപ്പെടുത്താൻ ശ്രമിക്കുകയും ചെയ്തതിന് പിന്നിൽ ഭാര്യയിൽ നിന്നുണ്ടായ അവഹേളനമെന്നു പ്രതിയുടെ മൊഴി. ആത്മഹത്യാ ശ്രമത്തിനിടെ പോലീസ് പിടിയിലായ തലശ്ശേരി കോടതി ജീവനക്കാരനായ കെ.പി.ഷിജുവാണ് ഭാര്യയുടെ അവഹേളനം മൂലം ഭാര്യയെയും മകളെയും കൊലപ്പെടുത്തി ആത്മഹത്യ ചെയ്യാൻ തീരുമാനിക്കുകയായിരുന്നുവെന്ന് പോലീസിനോട് വെളിപ്പെടുത്തിയത്.
സാമ്പത്തിക പ്രയാസമുള്ളതിനാൽ അധ്യാപിക കൂടിയായ ഭാര്യ സോനയുടെ സ്വർണ്ണാഭരണങ്ങൾ ഷിജു പണയപ്പെടുത്തിയിരുന്നുവെന്നും ഇത് തിരിച്ചെടുത്ത് കൊടുക്കാത്തതിന്റെ പേരിൽ ഭാര്യ നിരന്തരം അവഹേളിക്കുകയും കുറ്റപ്പെടുത്തുകയും ചെയ്യുന്നതിൽ മനം നൊന്താണ് ഇരുവരെയും കാലപ്പെടുത്തി ആത്മഹത്യ ചെയ്യാൻ തീരുമാനിച്ചതെന്നും ഷിജു പോലീസിനോട് പറഞ്ഞു.
വെള്ളിയാഴ്ച പാനൂർ പാത്തിപ്പാലത്തെ പുഴയ്ക്കരികിലേക്ക് സോനയെയും മകൾ അൻവിതയെയും കൂട്ടി ബൈക്കിൽ എത്തിയ ഷിജു പുഴയ്ക്ക് കുറുകെയുള്ള തടയണയിൽ നിന്ന് ഇരുവരെയും പുഴയിലേക്ക് തള്ളിയിടുകയായിരുന്നു. സോനയുടെ നിലവിളി കേട്ട് ഓടിയെത്തിയ നാട്ടുകാർ രണ്ട് പേരെയും പുഴയിൽ നിന്ന് കരക്കെത്തിച്ചെങ്കിലും അൻവിത മരണമടഞ്ഞിരുന്നു. എന്നാൽ അപ്പോഴേക്കും ഷിജു തന്റെ ബൈക്ക് ഉപേക്ഷിച്ച് രക്ഷപ്പെട്ടിരുന്നു.
ഭർത്താവ് തങ്ങളെ പുഴയിലേക്ക് തള്ളിയിടുകയാണുണ്ടായതെന്ന് സോന പോലീസിനോട് പറഞ്ഞിരുന്നു. പിന്നീട് ഷിജു ആത്മഹത്യ ചെയ്യാനായി മട്ടന്നൂരിലെ ക്ഷേത്രക്കുളത്തിലേക്ക് ചാടുകയായിരുന്നു. ഇത് നാട്ടുകാരുടെ ശ്രദ്ധയിൽ പെട്ടതിനെ തുടർന്ന് പോലീസിൽ അറിയിക്കുകയും പോലീസ് എത്തി ഷിജുവിനെ രക്ഷപ്പെടുത്തുകയുമായിരുന്നു. തുടർന്ന് നടന്ന ചോദ്യം ചെയ്യലിലാണ് ഭാര്യയുടെ അവഹേളനം മൂലമാണ് കടുംകൈ ചെയ്തതെന്ന് ഷിജു പോലീസിനോട് പറഞ്ഞത്. കൊലക്കുറ്റം ചുമത്തിയ ഇയാളെ തലശ്ശേരി കോടതി റിമാന്റു ചെയ്തു.