റാഞ്ചി- സോഷ്യല്‍ മീഡിയ നല്‍കുന്ന വാര്‍ത്തകളില്‍ അമിത വിശ്വാസമര്‍പ്പിച്ച ഝാര്‍ഖണ്ഡ് കായിക മന്ത്രി ഹാഫിസുല്‍ ഹസന്‍ അന്‍സാരിക്ക് സംഭവിച്ചത് വന്‍ അബദ്ധം. മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗ് മരിച്ചെന്ന് കരുതി അദ്ദേഹം ആദരാഞ്ജലി അര്‍പ്പിച്ചു. സിംഗിന് ആദരാഞ്ജലി അര്‍പ്പിച്ച് സംസാരിക്കുന്ന മന്ത്രിയുടെ വീഡിയോ വൈറല്‍ ആയി.
ഒരു സമ്മേളനത്തെ അഭിസംബോധന ചെയ്ത് സംസാരിക്കവെ സിംഗ് മരിച്ചതായി അദ്ദേഹം പറയുന്നത് വീഡിയോയില്‍ ഉണ്ട്. അദ്ദേഹത്തോടുള്ള ബഹുമാനാര്‍ഥം ഒരു മിനിറ്റ് മൗനം പാലിക്കുന്നതിനെക്കുറിച്ചും അന്‍സാരി പറഞ്ഞതായി ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. സംഭവം നടന്ന് ഒരു ദിവസം പിന്നിട്ടതിനു പിന്നാലെ മന്ത്രി സംഭവത്തില്‍ മാപ്പ് ചോദിച്ചിട്ടുണ്ട്.
മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗ് ഇന്ന് അന്തരിച്ചു. രാജ്യത്തിന്റെ വികസനത്തില്‍ അദ്ദേഹം 50 ശതമാനം സംഭാവന ചെയ്തു. മോഡിജി രാജ്യത്തെ 50 വര്‍ഷം പിന്നിലേക്ക് കൊണ്ടുപോയി. എന്നാല്‍ മന്‍മോഹന്‍ സിംഗ് രാജ്യത്തെ 50 വര്‍ഷം മുന്നോട്ട് കൊണ്ടുപോയി. അദ്ദേഹം ഇന്ന് നമ്മോടൊപ്പമില്ല. നമ്മള്‍ അദ്ദേഹത്തിനായി ഒരു മിനിറ്റ് മൗനം പാലിക്കണം എന്നാണ് വീഡിയോയില്‍ പറഞ്ഞത്.
വീഡിയോ വൈറലായതിന് പിന്നാലെ അന്‍സാരി സോഷ്യല്‍ മീഡിയയിലൂടെ വിശദീകരണവുമായി രംഗത്തെത്തി. ഞാന്‍ ആത്മാര്‍ഥമായി ക്ഷമ ചോദിക്കുന്നു. അദ്ദേഹത്തിന് വേഗത്തില്‍ സുഖം പ്രാപിക്കട്ടെ എന്ന് ആശംസിക്കുന്നു. സോഷ്യല്‍ മീഡിയയിലെ തെറ്റായ വിവരങ്ങള്‍ കാരണമാണ് ഇത് സംഭവിച്ചതെന്നും മന്ത്രി വ്യക്തമാക്കി.