- പ്രതിപക്ഷ നേതാക്കളെ മോചിപ്പിക്കില്ലെന്ന് സർക്കാർ
മാലെ- രാഷ്ട്രീയ പ്രതിസന്ധി രൂക്ഷമായ മാലദ്വീപിൽ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. 15 ദിവസത്തേക്കാണ് പ്രസിഡന്റ് അബ്ദുല്ല യമീൻ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചത്. പ്രതിപക്ഷ നേതാക്കളെ ജയിൽ മോചിതരാക്കണമെന്ന സുപ്രീം കോടതി ഉത്തരവ് അനുസരിക്കില്ലെന്ന് സർക്കാർ വ്യക്തമാക്കിയതോടെ മാലിദ്വീപിലെ രാഷ്ട്രീയ പ്രതിസന്ധി കൂടുതൽ രൂക്ഷമായി. തലസ്ഥാനമായ മാലെയിൽ ജനങ്ങൾ പ്രതിഷേധവുമായി തെരുവിൽ ഇറങ്ങി തുടങ്ങി. അംഗങ്ങൾ പ്രവേശിക്കാതിരിക്കാൻ പാർലമെന്റ് കെട്ടിടം സൈന്യം വളഞ്ഞിരിക്കയാണ്. കഴിഞ്ഞയാഴ്ച സുപ്രീം കോടതി പുറപ്പെടുവിച്ച അപ്രതീക്ഷിത ഉത്തരവ് പ്രസിഡന്റ് അബ്ദുല്ല യമീൻ അബ്ദുൽ ഖയ്യൂമിന്റെ നേതൃത്വത്തിലുള്ള സർക്കാരും കോടതിയും തമ്മിലുള്ള ഏറ്റുമുട്ടലിലെത്തിച്ചിരുന്നു.
അതിനിടെ, മാലദ്വീപിലുള്ള ഇന്ത്യക്കാർ ജാഗ്രത പാലിക്കണമെന്ന് വിദേശകാര്യ മന്ത്രാലയം ആവശ്യപ്പെട്ടു. അത്യാവശ്യ യാത്രകൾ ഒഴികെ മാലദ്വീപിലേക്കുള്ള സന്ദർശനങ്ങൾ റദ്ദാക്കാനും നിർദേശമുണ്ട്.
പൊതുസ്ഥലങ്ങളിലെ കൂട്ടംചേരലുകളിൽനിന്നു വിട്ടുനിൽക്കണമെന്നും ഇന്ത്യൻ പൗരന്മാരോട് വിദേശകാര്യ മന്ത്രാലയം നിർദേശിച്ചു.
രാഷ്ട്രീയ തടവുകാരെ വിട്ടയക്കണമെന്ന സുപ്രീം കോടതി ഉത്തവ് നടപ്പിലാക്കാനാകുമെന്ന് സർക്കാർ കുരുതുന്നില്ലെന്ന് നിയമകാര്യ മന്ത്രി അസിമ ശക്കൂറാണ് ഇന്നലെ വ്യക്തമാക്കിയത്. ഇത്തരമൊരു ഉത്തരവുണ്ടായാൽ നടപ്പിലാക്കാനാവില്ലെന്ന് സർക്കാർ പലതവണ സുപ്രീം കോടതിക്ക് എഴുതിയിരുന്നുവെന്നും അതൊന്നും കോടതി കണക്കിലെടുക്കാത്തതിനാലാണ് ഉത്തരവ് നടപ്പിലാക്കേണ്ടതില്ലെന്ന് സർക്കാർ തീരുമാനിച്ചതെന്നും അവർ വിശദീകരിച്ചു. ഉത്തരവ് നടപ്പിലാക്കുന്നതിന് പലവിധ വെല്ലുവിളികളുണ്ടെന്നാണ് സർക്കാർ കോടതിക്ക് എഴുതിയിരുന്നത്.
ഉത്തരവ് നടപ്പിലാക്കുന്നതിനും രാഷ്ട്രീയ തടവുകാരെ മോചിപ്പിക്കുന്നതിനും തടസ്സമില്ലെന്നാണ് പ്രോസിക്യൂട്ടർ ജനറലിന്റെ ഓഫീസ് അറിയിച്ചതെന്ന് കഴിഞ്ഞ ദിവസം സുപ്രീം കോടതി വ്യക്തമാക്കിയിരുന്നു. സർക്കാരിന്റെ പുതിയ പ്രസ്താവനയോട് യമീന്റെ മുഖ്യഎതിരാളി വിപ്രവാസം നയിക്കുന്ന മുൻ പ്രസിഡന്റ് മുഹമ്മദ് നഷീദ് പ്രതികരിച്ചിട്ടില്ല. സുപ്രീം കോടതി വിട്ടയക്കാൻ ആവശ്യപ്പെട്ട പ്രതിപക്ഷ നേതാക്കളിൽ നഷീദും ഉൾപ്പെടുന്നു. ചികിത്സക്കെന്ന പേരിൽ 2016 ൽ രാജ്യംവിട്ട നഷീദിന് ബ്രിട്ടൻ രാഷ്ട്രീയാഭയം നൽകിയിരുന്നു.
രാഷ്ട്രീയ നേതാക്കൾക്ക് ശിക്ഷവിധിച്ച കേസുകൾ രാഷ്ട്രീയ സ്വാധീനത്താൽ കെട്ടിച്ചമച്ചതാണെന്നായിരുന്നു സുപ്രീം കോടതി ഉത്തരവിൽ വ്യക്തമാക്കിയിരുന്നത്. ഉത്തരവ് സർക്കാർ അനുസരിക്കണമെന്ന് ആവശ്യപ്പെട്ടാണ് ജനങ്ങൾ തെരുവിൽ പ്രതിഷേധിക്കുന്നത്. യു.എന്നിനു പുറമെ, യു.എസ് ഉൾപ്പെടെ നിരവധി രാജ്യങ്ങൾ കോടതി ഉത്തരവ് അനുസരിക്കാൻ മാലദ്വീപ് സർക്കാരിനോട് ആവശ്യപ്പെട്ടിരിക്കയാണ്. പ്രതിപക്ഷ നേതാക്കളെ വിട്ടയക്കണമെന്ന ഉത്തരവിനു പുറമെ, 12 പാർലമെന്റംഗങ്ങൾക്ക് പ്രഖ്യാപിച്ച അയോഗ്യത റദ്ദാക്കുകയും ചെയ്തിട്ടുണ്ട്. ഇതോടെ പ്രസിഡന്റ് യമീനെ ഇംപീച്ച് ചെയ്യാൻ ആവശ്യമായ ഭൂരിപക്ഷം പ്രതിപക്ഷത്തിനായിട്ടുണ്ട്. ഇംപീച്ച്മെന്റ് തടയുന്നതിന് പാർലമെന്റ് അനിശ്ചിതകാലത്തേക്ക് അടച്ചിരിക്കയാണ്. കോടതി തീരുമാനത്തിനു പിന്നാലെ രണ്ട് പോലീസ് മേധാവികളെ യമീൻ പുറത്താക്കി. സുപ്രീം കോടതി ഉത്തരവ് ചെറുക്കാനുള്ള സർക്കാർ നീക്കം രാജ്യത്തെ അസ്വസ്ഥതയിലേക്ക് നയിക്കുമെന്ന് നഷീദ് നേതൃത്വം നൽകുന്ന മാലദ്വീപ് ഡെമോക്രാറ്റിക് പാർട്ടി മുന്നറിയിപ്പ് നൽകി. 3,40,000 ആണ് മാലദ്വീപിലെ ജനസംഖ്യ.
മാലദ്വീപിൽ ആദ്യമായി ജനാധിപത്യാടിസ്ഥാനത്തിൽ തെരഞ്ഞെടുക്കപ്പെട്ട നഷീദിനെ 2012 ലാണ് അട്ടിമറിച്ചത്. ഭീകരത ആരോപിച്ചതിനാൽ 2015 മുതൽ ഇദ്ദേഹത്തെ തെരഞ്ഞെടുപ്പിൽ മത്സരിക്കുന്നതിൽനിന്ന് വിലക്കിയിട്ടുമുണ്ട്. വീണ്ടും തെരഞ്ഞെടുപ്പിൽ മത്സരിക്കുമെന്ന് നഷീദ് പ്രഖ്യാപിച്ചിട്ടുണ്ട്.