ന്യൂദല്‍ഹി- കല്‍ക്കരി ക്ഷാമം രൂക്ഷമായതോടെ വ്യവസായമേഖലക്കുള്ള ഓണ്‍ലൈന്‍ ലേലം നിര്‍ത്തിവച്ച് കോള്‍ ഇന്ത്യ. താപവൈദ്യുത മേഖലക്ക് കല്‍ക്കരി വിതരണം ഉറപ്പാക്കുന്നതിനു വേണ്ടിയാണ് നടപടി. ഇതോടെ വ്യവസായ മേഖലയുടെ പ്രവര്‍ത്തനം പ്രതിസന്ധിയിലായി.വരാനിരിക്കുന്നത് വന്‍ സാമ്പത്തിക തകര്‍ച്ചയെന്ന് കമ്പനികള്‍ ചൂണ്ടിക്കാട്ടി. രണ്ട് മണിക്കൂറിലധികം വൈദ്യുതി വിതരണം നിര്‍ത്തിവയ്ക്കുന്നത് കമ്പനികള്‍ക്ക് കനത്ത സാമ്പത്തിക നഷ്ടത്തിന് ഇടയാക്കുമെന്ന് അലുമിനിയം അസോസിയേഷന്‍ ഓഫ് ഇന്ത്യ വ്യക്തമാക്കുന്നു. ഉത്പാദനചെലവിന്റെ 40 ശതമാനവും കല്‍ക്കരിക്കുവേണ്ടി വിനിയോഗിക്കേണ്ടി വരുന്ന അവസ്ഥയാണ് ഇപ്പോഴെന്നും ഇത് പ്രതിസന്ധികൂട്ടുമെന്നും കമ്പനികള്‍ ചൂണ്ടിക്കാട്ടി. കല്‍ക്കരി ക്ഷാമത്തെ തുടര്‍ന്നുള്ള വൈദ്യുതി പ്രതിസന്ധിയും രാജ്യത്ത് കൂടുതല്‍ സങ്കീര്‍ണമാകുകയാണ്. പഞ്ചാബ്, മഹാരാഷ്ട്ര, അസം, ഗുജറാത്ത്, ആന്ധ്ര, തെലങ്കാന, തമിഴ്‌നാട്, ഒഡിഷ, രാജസ്ഥാന്‍ എന്നിവിടങ്ങളില്‍ വൈദ്യുതിക്ഷാമം രൂക്ഷമാണ്. കൂടുതല്‍ സംസ്ഥാനങ്ങളില്‍ ലോഡ്‌ഷെഡിങ് അനിവാര്യമായിരിക്കുകയാണ്.