ന്യൂദല്‍ഹി- ദല്‍ഹി എയിംസ് കാമ്പസില്‍ മുതിര്‍ന്ന സഹപ്രവര്‍ത്തകന്‍ ബലാത്സംഗം ചെയ്‌തെന്ന് വനിതാ ഡോക്ടറുടെ പരാതിയില്‍ പോലീസ് കേസെടുത്തു. സെപ്തംബര്‍ 26ന് നടന്ന ഒരു ബെര്‍ത്ത്‌ഡേ പാര്‍ട്ടിക്കിടെയാണ് സംഭവമെന്ന് ഡോക്ടറുടെ പരാതിയില്‍ പറയുന്നു. വിവാഹിതനും എയിംസ് കാമ്പസിലെ അപാര്‍ട്‌മെന്റില്‍ കുടുംബ സമേതം കഴിയുകയും ചെയ്യുന്ന പ്രതി മുങ്ങിയിരിക്കുകയാണ്. സംഭവത്തെ കുറിച്ച് ഒക്ടോബര്‍ 11നാണ് പോലീസിന് പരാതി ലഭിച്ചത്. തുടര്‍ന്ന് പോലീസ് ആശുപത്രിയിലെത്തി ബലാത്സംഗത്തിനിരയായ ഡോക്ടറെ കണ്ടു മൊഴിയെടുത്തു.
കൂടെ ജോലി ചെയ്യുന്ന മറ്റൊരാളുടെ ജന്മദിനാഘോഷത്തിനായി പ്രതിയുടെ മുറിയിലെത്തിയപ്പോഴായിരുന്നു സംഭവമെന്ന് ഡോക്ടര്‍ പറഞ്ഞു. പാര്‍ട്ടിക്കിടെ എല്ലാവരും മദ്യപിച്ചിരുന്നു. അതിനാല്‍ രാത്രി അവിടെ തന്നെ തങ്ങുകയായിരുന്നു. ഇതിനിടെയാണ് പ്രതി ബലപ്രയോഗത്തിലൂടെ തന്നെ പീഡിപ്പിച്ചതെന്ന് വനിതാ ഡോക്ടര്‍ പോലീസിനോട് പറഞ്ഞു. ഇവരുടെ മൊഴിയുടെ അടിസ്ഥാനത്തില്‍ പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തു അന്വേഷണം ആരംഭിച്ചു. മജിസ്‌ട്രേറ്റിന്റെ സാന്നിധ്യത്തില്‍ ഡോക്ടറുടെ മൊഴി രേഖപ്പെടുത്തി. പ്രതിക്കു വേണ്ടി തിരച്ചില്‍ നടത്തി വരികയാണ്. ഇയാളെ കണ്ടെത്താനായിട്ടില്ല.
എയിംസിലെ അപാര്‍ട്‌മെന്റ് കോംപ്ലക്‌സില്‍ കുടുംബ സമേതമാണ് പ്രതി കഴിഞ്ഞിരുന്നത്. എന്നാല്‍ സംഭവം നടന്ന ദിവസം രാത്രി പ്രതിയുടെ കുടുംബം വീട്ടിലുണ്ടായിരുന്നില്ല. പാര്‍ട്ടിയില്‍ പങ്കെടുത്ത മറ്റു ഡോക്ടര്‍മാരേയും ചോദ്യം ചെയ്യുമെന്ന് പോലീസ് പറഞ്ഞു.