തൃശൂർ - വിയ്യൂർ ജയിലിലും പമ്പിലും കഞ്ചാവ് പിടികൂടി. വിയ്യൂർ സെൻട്രൽ ജയിലിൽനിന്ന് കൃഷിപ്പണികൾക്കായി പുറത്തിറക്കിയ തടവുകാരന്റെ മടിക്കുത്തിൽനിന്നാണ് കഞ്ചാവ് കണ്ടെടുത്തത്. മോഷണക്കേസിൽ ശിക്ഷ അനുഭവിക്കുന്ന മലപ്പുറം സ്വദേശി ഫൈസലിൽ നിന്നാണ് കഞ്ചാവ് പിടികൂടിയത്. ജയിൽ കോമ്പൗണ്ടിൽ പണിസ്ഥലത്തുവെച്ച് സംശയം തോന്നിയ ജയിൽ വാർഡൻ ഫൈസലിനെ പരിശോധിച്ചപ്പോഴാണ് കഞ്ചാവ് പിടികൂടിയത്. സൂപ്രണ്ടിന്റെ പരാതിയിൻമേൽ വിയ്യൂർ പോലീസ് അന്വേഷണം തുടങ്ങി.
ജയിൽ പമ്പിൽ ജോലി ചെയ്യുന്ന തടവുകാർ വഴി ജയിലിനകത്തേക്ക് കഞ്ചാവ് എത്തിക്കാനെത്തിയ രണ്ടു യുവാക്കളെ പമ്പിൽ ഡ്യൂട്ടിയിലുണ്ടായിരുന്ന ജയിൽ വാർഡൻ പിടികൂടി പോലീസിലേൽപിച്ചു. മാടക്കത്തറ തേറമ്പം കുണ്ടനി ദേവനാഥ് (18), കുണ്ടുകാട് വട്ടായി കുളമ്പുറത്ത് വിഷ്ണു (23) എന്നിവരാണ് അറസ്റ്റിലായത്. ബൈക്കിലെത്തിയ ഇവർ പമ്പിൽ നിന്ന് പെട്രോളടിച്ച ശേഷം ബൈക്കിന് എയറടിക്കാനെന്ന വ്യാജേന നിന്നു. ഒരാൾ ബൈക്കിനരികെ നിൽക്കുകയും മറ്റൊരാൾ ടോയ്‌ലറ്റിലേക്ക് പോവുകയും ചെയ്തപ്പോൾ സംശയം തോന്നി ജയിൽ വാർഡൻ നടത്തിയ പരിശോധനയിലാണ് യുവാവ് മൂന്നു പൊതികൾ ക്ലോസറ്റിനു സമീപത്തെ വേസ്റ്റ് ബാസ്‌കറ്റിൽ ഒളിപ്പിച്ചു വെക്കുന്നത് കണ്ടത്. ഉടൻ ഇരുവരേയും പിടികൂടുകയും വിയ്യൂർ പോലീസെത്തി ഇവരെ അറസ്റ്റു ചെയ്യുകയുമായിരുന്നു. നേരത്തെയും ജയിൽ പമ്പിനകത്തും ജയിൽ ബ്യൂട്ടി പാർലറിലും ഇത്തരം സംഭവങ്ങൾ നടന്നിരുന്നതിനാൽ ജയിൽ അധികൃതർ ഇവിടങ്ങളിൽ നിരീക്ഷണം ശക്തമാക്കിയിരുന്നു.