ന്യൂദല്‍ഹി- താജ്മഹല്‍ ഉടന്‍ തന്നെ തേജ് മന്ദിറാകുമെന്ന വിവാദ പ്രസ്താവനയുമായി ബി.ജെ.പി എം.പി വിനയ് കത്യാര്‍ വീണ്ടും. ആഗ്രയില്‍ നടക്കുന്ന താജ് മഹോത്സവത്തെ കുറിച്ചുള്ള ചോദ്യത്തോട് പ്രതികരിക്കുകയായിരുന്നു എം.പി. താജ് മഹോത്സവമെന്നോ തേജ മഹോത്സവമെന്നോ പറഞ്ഞാലും രണ്ടും ഒന്നു തന്നെയാണ്. താജും തേജും തമ്മില്‍ വലിയ വ്യത്യാസമില്ല. നമ്മുടെ തേജ് മന്ദിറാണ് ഔറംഗസേബ് ശ്മശാന ഭൂമിയാക്കി മാറ്റിയത്. താജ്മഹല്‍ ഉടന്‍തന്നെ തേജ് മന്ദിറായി പരിവര്‍ത്തിക്കപ്പെടും- അദ്ദേഹം പറഞ്ഞു.
ആഘോഷം സംഘടിപ്പിക്കുന്നത് നല്ല കാര്യം തന്നെ. പക്ഷേ, ഈ താജ് മഹലല്ല, ഔറംഗസേബിന്റെ കാലത്ത് ഉണ്ടായിരുന്നത്. അത് നമ്മുടെ ക്ഷേത്രമായിരുന്നു-കത്യാര്‍ പറഞ്ഞു.
ആദ്യമായല്ല വിനയ് കത്യാര്‍ താജ്മഹലിനെ കുറിച്ച് വിവാദ പരാമര്‍ശം നടത്തുന്നത്. ശിവക്ഷേത്രമാണെന്നായിരുന്നു മുന്‍ പ്രസ്താവന. താജ്മഹല്‍ ഒരിക്കല്‍ ശിവക്ഷേത്രമായിരുന്നുവെന്നും ശിവലിംഗം എടുത്തു മാറ്റിയതാണെന്നുമായിരുന്നു ആദ്യവിവാദം. മുഗള്‍ ശവകുടീരം ഹിന്ദുക്ഷേത്രമാണെന്നതിന് വേറെയും തെളിവുകളുണ്ടെന്ന് കത്യാര്‍ അവകാശപ്പെട്ടിരുന്നു. പത്ത് ദിവസം നീണ്ടുനില്‍ക്കുന്ന താജ് മഹോത്സവം ഈ മാസം 18നാണ് ആരംഭിക്കുന്നത്. ഉദ്ഘാടന ചടങ്ങില്‍ യു.പി മുഖ്യമന്ത്രി യോഗി ആദിത്യനാഥും ഗവര്‍ണര്‍ രാം നായിക്കും മുഖ്യാതിഥികളായിരിക്കും.