Sorry, you need to enable JavaScript to visit this website.

ഇറാഖില്‍ യു.എസ് സേനയെ കുറയ്ക്കുന്നു; സൈനികര്‍ അഫ്ഗാനിലേക്ക്

അല്‍ അസദ് എയര്‍ബേസ്- ഐ.എസിനുമേല്‍ വിജയം പ്രഖ്യാപിച്ച ഇറാഖില്‍ യു.എസ് സൈനികരെ കുറച്ചുതുടങ്ങിയതായി റിപ്പോര്‍ട്ട്. ഇറാഖില്‍ യു.എസിന്റെ നേതൃത്വത്തിലുളള സൈനിക താവളത്തിലെ പാശ്ചാത്യ കരാറുകാരെ ഉദ്ധരിച്ചാണ് വാര്‍ത്ത. സൈന്യത്തെ കുറച്ചുതുടങ്ങിയതായി ഇറാഖ് സര്‍ക്കാര്‍ വക്താവ് സ്ഥിരീകരിച്ചു. എന്നാല്‍ യു.എസ് സേനയുടെ സമ്പൂര്‍ണ മടക്കത്തിന്റെ തുടക്കമാണെന്ന് പറയാറായിട്ടില്ലെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഡസന്‍ കണക്കിന് യു.എസ് സൈനികര്‍ ഓരോ ദിവസവും അഫ്ഗാനിസ്ഥാനിലേക്ക് പോകുകയാണെന്നും വിമാനങ്ങളില്‍ ആയുധങ്ങളും സാമഗ്രികളും കൊണ്ടുപോകുന്നുണ്ടെന്നും യു.എസ് സൈനിക താവളങ്ങളിലെ കരാറുകാരന്‍ പറഞ്ഞു. പടിഞ്ഞാറന്‍ ഇറാഖില്‍നിന്നുള്ള സൈനിക നീക്കം എ.പി റിപ്പോര്‍ട്ടറും സ്ഥിരീകരിച്ചു. അതേസമയം, എത്രമാത്രം സൈനികരെയാണ് കുറയ്ക്കുന്നതെന്ന് വ്യക്തമായ വിവരമില്ല.
തുടര്‍ന്നും സൈനിക സാന്നിധ്യം തീരുമാനിക്കുക ഇറാഖി സര്‍ക്കാരിന്റെ ആവശ്യപ്രകാരമായിരിക്കുമെന്ന് സഖ്യസേനാ വക്താവ് കേണല്‍ റയാന്‍ ഡില്ലന്‍ പറഞ്ഞു. ഐ.എസിനെതിരായ യുദ്ധം അവസാനിച്ചുവെന്നും അതുകൊണ്ടുതന്നെ അമേരിക്കന്‍ സാന്നിധ്യത്തിന്റെ തോത് കുറയ്ക്കുമെന്നും ഇറാഖി സര്‍ക്കാര്‍ വക്താവ് സഅദ് അല്‍ ഹദീദി പറഞ്ഞു. യു.എസ് സേനയെ കുറയ്ക്കുന്നുവെന്ന റിപ്പോര്‍ട്ടിനു തൊട്ടുപിന്നാലെയാണ് അല്‍ ഹദീദിയുടെ പ്രതികരണം. മൂന്ന് വര്‍ഷം മുമ്പ് ഐ.എസിനെതിരായ യുദ്ധം ആരംഭിച്ച ശേഷം ആദ്യമായാണ് അമേരിക്കന്‍ സൈനികരെ കുറയ്ക്കുന്നത്.
നിലവില്‍ ഇറാഖിലുള്ള അമേരിക്കന്‍ സേനയുടെ 60 ശതമാനം കുറയ്ക്കുമെന്ന് പ്രധാനമന്ത്രി ഹൈദര്‍ അല്‍ അബാദിയുമായി അടുത്ത ബന്ധമുള്ള മുതിര്‍ന്ന സര്‍ക്കാര്‍ ഉദ്യോഗസ്ഥന്‍ പറഞ്ഞു. ഇതു സംബന്ധിച്ച് തുടക്കത്തില്‍തന്നെ യു.എസ് സര്‍ക്കാരുമായി ധാരണയിലെത്തിയിരുന്നു. 4000 യു.എസ് സൈനികര്‍ ഇറാഖി സേനയുടെ പരിശീലനത്തിനായി തുടരുമെന്നാണ് കരുതുന്നത്.
സെപ്റ്റംബര്‍ അവസാനം പെന്റഗണ്‍ നല്‍കിയ കണക്ക് പ്രകാരം 8892 യു.എസ് സൈനികരാണ് ഇറാഖിലുള്ളത്. 2014 ഓഗസ്റ്റിലായിരുന്നു ഐ.എസിനെതിരെ അമേരിക്കയുടെ ആദ്യ വ്യോമാക്രമണം. അമേരിക്കന്‍ സേനയുടെ ഇടപെടല്‍ പരിമിതമായിരിക്കുമെന്നാണ് അന്ന് പറഞ്ഞിരുന്നതെങ്കിലും ഐ.എസുമായുള്ള പോരാട്ടം കനത്തതോടെ അമേരിക്കന്‍ സൈനികരുടെ എണ്ണം കൂടി വരികയായിരുന്നു.
ഇറാഖി ദൗത്യത്തില്‍ മാറ്റം വരുത്തിയിട്ടുണ്ടെന്നും അടുത്ത മാസത്തോടെ മറ്റൊരു രീതി സ്വീകരിക്കുമെന്നും യു.എസ് സേനയുടെ ഫസ്റ്റ് ലഫ്റ്റനന്റ് വില്യം ജോണ്‍ റെയമ്ണ്ട് അല്‍ അസദ് താവളത്തില്‍വെച്ച് വാര്‍ത്താ ഏജന്‍സിയോട് പറഞ്ഞു.
ഇറാഖില്‍ പൊതുതെരഞ്ഞെടുപ്പിന് മൂന്ന് മാസം മാത്രം ബാക്കിയിരിക്കെയാണ് യു.എസ് സൈന്യത്തെ കുറയ്ക്കുന്നത്. അമേരിക്കന്‍ സേനയുടെ അനിശ്ചിതമായ സാന്നിധ്യം വിഭാഗീയ പ്രശ്‌നങ്ങളുണ്ടാക്കുമെന്ന് ആശങ്കയുണ്ട്. വീണ്ടുമൊരൂഴത്തിനു ശ്രമിക്കുന്ന ഹൈദര്‍ അല്‍ അബാദി അമേരിക്കയുടേയും ഇറാന്റേയും താല്‍പര്യങ്ങള്‍ക്കിടയില്‍ പിടിച്ചുനില്‍ക്കാന്‍ കഠിന പ്രയത്‌നമാണ് നടത്തുന്നത്. മൊസൂള്‍ പട്ടണം തിരിച്ചുപിടിക്കുന്നതടക്കം ഇറാഖ് നേടിയ സുപ്രധാന സൈനിക വിജയങ്ങളില്‍ അമേരിക്കന്‍ സേന നിര്‍ണായക പങ്ക് വഹിച്ചിട്ടുണ്ട്. അതേസമയം, യു.എസ് സേനയെ പിന്‍വലിക്കണമെന്ന് ഇറാനുമായി അടുത്ത ബന്ധമുള്ള ഇറാഖിന്റെ ശിയ അര്‍ധസേനാ വിഭാഗം സമ്മര്‍ദം തുടരുകയാണ്. വരുംവര്‍ഷങ്ങളില്‍ ഇറാഖി സൈനികര്‍ക്ക് പരിശീലനം നല്‍കുന്നതിന് അമേരിക്കന്‍ സേന തുടരണമെന്നാണ് പ്രധാനമന്ത്രി ഈയിടെ വ്യക്തമാക്കിയിരുന്നത്.

 

Latest News