മുംബൈ- ലഹരി മരുന്ന് കേസില്‍ അറസ്റ്റിലായി ആര്‍തര്‍ റോഡ് ജയിലില്‍ കഴിയുന്ന ആര്യന്‍ ഖാന്‍ പിതാവ് ഷാരൂഖ് ഖാനുമായും മാതാവ് ഗൗരിയുമായും വീഡിയോ കോളില്‍ സംസാരിച്ചു.
കോവിഡ് നിയന്ത്രണങ്ങള്‍ തുടരുന്നതിനാല്‍ ജയിലിലടച്ചിരിക്കുന്ന പ്രതികള്‍ക്കും തടവുകാര്‍ക്കും രണ്ടാഴ്ചയിലൊരിക്കല്‍ വീഡിയോ കോള്‍ നടത്താമെന്ന് ഹൈക്കോടതി ഉത്തരവുണ്ട്.
ജയില്‍ ഉദ്യോഗസ്ഥരുടെ സാന്നിധ്യത്തിലാണ് ആര്യന്‍ ഖാന്‍ പത്ത് മിനിറ്റോളം മാതാപിതാക്കളുമായി സംസാരിച്ചത്. ഷാരൂഖ് ഖാന്‍ അയച്ച 4500 രൂപയുടെ മണി ഓര്‍ഡര്‍ ആര്യന്‍ ഖാന്‍ ഈ മാസം 11-ന് കൈപ്പറ്റിയിരുന്നതായും ജയില്‍ ഉദ്യോഗസ്ഥര്‍ സ്ഥിരീകരിച്ചു. ജയില്‍ കാന്റീനില്‍നിന്നുള്ള ഭക്ഷണ ചെലവിനായാണ് ഈ പണം അയച്ചത്.
ആര്‍തര്‍ റോഡ് ജയിലില്‍ നിലവില്‍ 3200 തടവുകാരണുള്ളത്. കോവിഡ് നിയന്ത്രണങ്ങളുടെ ഭാഗമായി ബന്ധുക്കള്‍ക്ക് പ്രതികളെ സന്ദര്‍ശിക്കാന്‍ അനുമതിയില്ല. കുടുംബാംഗങ്ങളുമായി പത്ത് മിനിറ്റ് ഓണ്‍ലൈനില്‍ സംസാരിക്കാനാണ് അനുമതിയുള്ളത്. ജയിലില്‍ 11 ഫോണുകളാണ് ഉള്ളത്. വീഡിയോ കോള്‍ ആവശ്യമില്ലാത്തവര്‍ക്ക് സാദാ ഫോണ്‍വിളി നടത്താം.
നാര്‍ക്കോട്ടിക്‌സ് കണ്‍ട്രോള്‍ ബ്യൂറോ അറസ്റ്റ് ചെയ്ത ആര്യനടക്കം ആറുപേരെ കോവിഡ് നെഗറ്റീവ് റിസള്‍ട്ട് ലഭിച്ചതിനെ തുടര്‍ന്നാണ് ആര്‍തര്‍ റോഡ് ജയിലിലെ പൊതുസെല്ലിലേക്ക് മാറ്റിയത്.