ന്യൂദല്‍ഹി- സുന്നികളും ശിയാക്കളും തമ്മിലുള്ള വിഭാഗീയത വളര്‍ത്തിയ ശേഷം നിങ്ങള്‍ ഇപ്പോള്‍ ഭാര്യയേയും ഭര്‍ത്താവിനേയും വേര്‍പെടുത്തുകയാണെന്ന് ബി.ജെ.പി അധ്യക്ഷന്‍ അമിത് ഷായുടെ മുത്തലാഖ് അവകാശവാദത്തിനു പ്രതിപക്ഷ നേതാവ് ഗുലാം നബി ആസാദിന്റെ മറുപടി. ഭര്‍ത്താവിനെ ജയിലിലടച്ച് ഭാര്യയോട് സുരക്ഷിതയായെന്ന് പറയുന്നത് എന്തു സംരക്ഷണമാണെന്ന് അദ്ദേഹം ചോദിച്ചു.
പ്രതിപക്ഷത്തെ കടന്നാക്രമിച്ച അമിത്ഷായുടെ ആരോപണങ്ങള്‍ക്ക് കുറിക്കു കൊള്ളുന്ന മറുപടിയാണ് ഗുലാം നബി ആസാദ് നല്‍കിയത്.
നിലവില്‍ താഴേക്കിടയില്‍ നിന്ന് ഉന്നത പദവികളില്‍ വരെ ഭരണപക്ഷത്തെ പ്രകീര്‍ത്തിക്കുന്നവര്‍ക്കു മാത്രമാണ് ജോലി ലഭിക്കുന്നത്. ഇത്തരമൊരു സാഹചര്യം രാജ്യത്തു മുമ്പുണ്ടായിട്ടില്ലെന്നു ആസാദ് ചൂണ്ടിക്കാട്ടി.
പാചക വാതകം, എണ്ണ, പെട്രോള്‍, പലചരക്ക് സാധനങ്ങളുടെ വില റോക്കറ്റ് പോലെ കുതിക്കുകയാണ്. കോണ്‍ഗ്രസ് ഭരിച്ചിരുന്ന കാലത്തെ അപേക്ഷിച്ചു നിലവില്‍ സാധനങ്ങളുടെ വില രണ്ടോ മൂന്നോ ഇരട്ടിയായി വര്‍ധിച്ചു. സ്വച്ഛ്ഭാരത് പദ്ധതിയില്‍ വിവരാവകാശ പ്രകാരം ലഭിച്ച രേഖയനുസരിച്ച് 550 കോടി രൂപ പരസ്യത്തിന് വേണ്ടി ചെലവഴിച്ചിരിക്കുകയാണെന്ന് ഗുലാം നബി കുറ്റപ്പെടുത്തി.
ബേഠി ബച്ചാവോ, ബേഠി പഠാവോ പ്രചാരണം തകൃതിയായി നടക്കുന്നുണ്ട്. എന്നാല്‍ പത്രങ്ങളും വാര്‍ത്താ ചാനലുകളും തുറക്കാന്‍ പറ്റാത്ത സ്ഥിതിയാണ്. സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും എതിരായ ഹീനമായ കുറ്റകൃത്യങ്ങള്‍ പെരുകിയിരിക്കുന്നു. ബിജെപി ഭരിക്കുന്ന ഹരിയാന, ഉത്തര്‍പ്രദേശ് സംസ്ഥാനങ്ങളില്‍ എട്ടു മാസം പ്രായമുള്ള കുട്ടികള്‍ വരെ പീഡനത്തിനിരയായി കൊല്ലപ്പെടുന്നു. എന്തു തരം പുതിയ ഇന്ത്യയാണിത്. തലസ്ഥാന നഗരം പോലും സുരക്ഷിതമല്ല. യുപിഎ സര്‍ക്കാരിന്റെ കാലത്ത് നിര്‍ഭയ സംഭവത്തിന് ശേഷം നിയമങ്ങള്‍ കര്‍ക്കശമാക്കിയിരുന്നു. ബിജെപി ഭരണത്തില്‍ എത്തിയശേഷം ഇക്കാര്യത്തില്‍ എന്തു ചെയ്‌തെന്നും ഗുലാം നബി ചോദിച്ചു.
സാധാരണ ബജറ്റ് അവതരിപ്പിക്കുന്നത് നാലു വര്‍ഷത്തേക്കാണ്. എന്നാല്‍, ബിജെപി സര്‍ക്കാരിന്റെ ബജറ്റ് 2022 വരെയുള്ളതാണ്. ഇതിന്റെ പിന്നിലുള്ള തന്ത്രം എന്താണെന്ന് ധനമന്ത്രി വ്യക്തമാക്കണമെന്ന് ഗുലാം നബി പറഞ്ഞു. എന്തിനാണ് ഇത്തരം പാലിക്കപ്പെടാന്‍ കഴിയാത്ത വാഗ്ദാനങ്ങള്‍ നല്‍കുന്നത്. ഇത്തരം വാഗ്ദാനങ്ങള്‍ പിന്നീട് പശ്ചാത്തപിക്കാന്‍ ഇടയാക്കും. മോഡി സര്‍ക്കാരിന്റെ ബജറ്റിലെ ഏറ്റവും വലിയ പ്രഖ്യാപനം എന്നു വിശേഷിപ്പിക്കപ്പെട്ട ആരോഗ്യ സുരക്ഷ പദ്ധതിയെയും ഗുലാം നബി വിമര്‍ശിച്ചു. ബ്രിട്ടനില്‍ വരെ ഇത്തരം പദ്ധതികള്‍ പിന്‍വലിക്കേണ്ടി വന്നിട്ടുണ്ട്. ഇത് രോഗികളെ പിഴിഞ്ഞ് ഇന്‍ഷുറന്‍സ് കമ്പനികള്‍ക്ക് നേട്ടമുണ്ടാക്കാനേ ഉപകരിക്കൂ. ഇതുവരെ ഈ പദ്ധതിയില്‍ ഒരു രൂപ പോലും ചെലവഴിച്ചിട്ടില്ലാത്തതിനാല്‍ ഈ പദ്ധതി പരാജയമായിരിക്കുമെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു.
പദ്ധതികളെല്ലാം പത്രങ്ങളിലും ടിവിയിലും നന്നായി വരുന്നുണ്ടെങ്കിലും നിലനില്‍ക്കുന്നില്ല. കശ്മീരില്‍ ഇപ്പോഴത്തെ അവസ്ഥയെക്കാളും മെച്ചമായിരുന്നു കോണ്‍ഗ്രസ് ഭരണകാലത്തുണ്ടായിരുന്നത്. യുദ്ധമില്ലാതിരുന്നിട്ടും ഏറ്റവും കൂടുതല്‍ സൈനികര്‍ കൊല്ലപ്പെട്ടത് ഈ സര്‍ക്കാരിന്റെ കാലത്താണ്. അടുത്ത കാലത്ത് ജമ്മു സന്ദര്‍ശിച്ചപ്പോള്‍ ജനങ്ങളുടെ ദുരവസ്ഥ നേരിട്ടു കാണാനായെന്നും ഗുലാം നബി ആസാദ് പറഞ്ഞു.