ന്യൂദല്‍ഹി- അടുത്തയാഴ്ച മോസ്‌കോയില്‍ നടക്കുന്ന അഫ്ഗാന്‍ ചര്‍ച്ചയ്ക്കുള്ള റഷ്യയുടെ ക്ഷണം ഇന്ത്യ സ്വീകരിച്ചു. ഈ ചര്‍ച്ചയിലേക്ക് അഫ്ഗാന്‍ ഇപ്പോള്‍ ഭരിക്കുന്ന താലിബാനേയും റഷ്യ ക്ഷണിച്ചിട്ടുണ്ട്. ഒക്ടോബര്‍ 20നാണ് ചര്‍ച്ച. ഇന്ത്യയും താലിബാനും നേരിട്ടുള്ള രണ്ടാമത്തെ ചര്‍ച്ചയായിരിക്കും ഇത്. അഫ്ഗാനില്‍ താലിബാന്‍ ഭരണം പിടിച്ചെടുത്തതിനു പിന്നാലെ അവിടെ ഉള്ള എല്ലാ നയതന്ത്ര ഉദ്യോഗസ്ഥരേയും ഇന്ത്യ തിരികെ വിളിച്ചിരുന്നു. മോസ്‌കോയില്‍ നടക്കുന്ന ചര്‍ച്ചയില്‍ ഇന്ത്യ പങ്കെടുക്കുമെന്ന് വിദേശകാര്യ മന്ത്രാലയ വക്താവ് അരിന്ദം ബഗ്ചി സ്ഥിരീകരിച്ചു. ഓഗസ്റ്റില്‍ ഖത്തറിലെ ഇന്ത്യന്‍ അംബാസഡര്‍ ദീപക് മിത്തല്‍ ദോഹയില്‍ താലിബാന്‍ പ്രതിനിധികളുമായി ചര്‍ച്ച നടത്തിയിരുന്നു.
അതേസമയം ഇന്ത്യയെ പ്രതിനിധീകരിച്ച് ആര് മോസ്‌കോ ചര്‍ച്ചയില്‍ പങ്കെടുക്കുമെന്ന് ഉറപ്പായിട്ടില്ല. ജോയിന്റ് സെക്രട്ടറി തലത്തിലുള്ള ഉദ്യോഗസ്ഥനെ ആയിരിക്കും വിദേശകാര്യ മന്ത്രാലയം അയക്കുക എന്ന് കരുതപ്പെടുന്നു. ഒക്ടോബര്‍ 12ന് നടന്ന അഫ്ഗാന്‍ വിഷയം സംബന്ധിച്ച ജി20 ഉച്ചകോടിക്കു തുടര്‍ച്ചയായാണ് റഷ്യയുടെ കാര്‍മികത്വത്തില്‍ പുതിയ അഫ്ഗാന്‍ ചര്‍ച്ച.