ന്യൂദല്‍ഹി- സി.ബി.ഐ പ്രത്യേക കോടതി ജഡ്ജി ബി.എച്ച്. ലോയയുടെ മരണവുമായി ബന്ധപ്പെട്ട കേസില്‍ വാദം തുടരുന്ന സുപ്രീം കോടതിയില്‍ മുതിര്‍ന്ന അഭിഭാഷകര്‍ തമ്മില്‍ രൂക്ഷ വാഗ്വാദം. ഒടുവില്‍ കോടതി മുറി മീന്‍ മാര്‍ക്കറ്റ് പോലെയാക്കരുതെന്ന് സുപ്രീം കോടതി മുന്നറിയിപ്പ് നല്‍കുകയും ചെയ്തു.
ബി.ജെ.പി അധ്യക്ഷന്‍ അമിത് ഷാ പ്രതിയായിരുന്ന സുഹ്‌റാബുദ്ദീന്‍ വ്യാജ ഏറ്റുമുട്ടല്‍ കേസിലെ വിചാരണക്കിടെ ജസ്റ്റിസ് ലോയ ദുരൂഹ സാഹചര്യത്തില്‍ മരിച്ചത് വീണ്ടും അന്വേഷിക്കണമെന്ന് ആവശ്യപ്പെടുന്ന കേസാണിത്.
മുതിര്‍ന്ന അഭിഭാഷകരായ ദുഷ്യന്ത് ദവേയും പല്ലവ് ശിശോദിയയും തമ്മില്‍ നടത്തിയ വാഗ്വാദം സ്വീകാര്യമല്ലെന്ന് സുപ്രീം കോടതി വ്യക്തമാക്കി.
ജഡ്ജിയുടെ വാക്കുകള്‍ക്ക് കാതോര്‍ക്കണമെന്ന് ജസ്റ്റിസ് ഡി.വൈ ചന്ദ്രചൂഢ് ആവശ്യപ്പെട്ടപ്പോള്‍ ഈ കേസില്‍ പല്ലവ് ശിശോദിയയും ഹരീഷ് സാല്‍വേയും ഹാജരാകുന്നത് തടയുന്നതുവരെ നിശബ്ദനാകാനാവില്ലെന്നായിരുന്നു ദവേയുടെ മറുപടി. ബോംബെ ലോയേഴ്‌സ് അസോസിയേഷനുവേണ്ടിയാണ് ദവേ ഹാജരാകുന്നത്.
കോടതിയെ മീന്‍മാര്‍ക്കറ്റായി ചുരുക്കരുതെന്നും ജഡ്ജി പറയുന്നതു കേള്‍ക്കണമെന്നും അവസരം വരുമ്പോള്‍ സംസാരിക്കണമെന്നുമായിരുന്നു ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ചില്‍ അംഗമായ ജസ്റ്റിസ് ചന്ദ്രചൂഢ് ദുഷ്യന്ത് ദവേയോട് പറഞ്ഞത്.
സ്വന്തം മനഃസാക്ഷിയോട് മറുപടി പറയണമെന്നും ഈ കേസില്‍ ഹാജരാകുന്നതില്‍നിന്ന് ഇവരെ തടയണമെന്നും ദവേ ജഡ്ജിയോട് തിരിച്ചടിച്ചു. മനഃസാക്ഷിയെ കുറിച്ച് പഠിപ്പിക്കേണ്ടതില്ലെന്നായിരുന്നു ജസ്റ്റിസ് എ.എം. ഖാന്‍വില്‍കര്‍ കൂടി അംഗമായ ബെഞ്ചിന്റെ മറുപടി.
മഹാരാഷ്ട്രയിലെ മാധ്യമപ്രവര്‍ത്തകന്‍ ബന്ധുരാജ് സംഭാജി ലോണിനുവേണ്ടിയാണ് ശിശോദിയ ഹാജരാകുന്നത്. മാധ്യമ റിപ്പോര്‍ട്ടുകള്‍ നമ്മുടെ നീതിന്യായ വ്യവസ്ഥയെ കുറിച്ച് സംശയങ്ങള്‍ ജനിപ്പിച്ചുവെന്ന് കഴിഞ്ഞ മാസം നാല് സുപ്രീം കോടതി ജഡ്ജിമാര്‍ നടത്തിയ വാര്‍ത്താ സമ്മേളനം പരാമര്‍ശിച്ചുകൊണ്ട് ശിശോദിയ ചൂണ്ടിക്കാട്ടി. സ്വതന്ത്രമായ അന്വേഷണം വണ്‍വേ ട്രാഫിക്ക് പോലെ ഏകപക്ഷീയമായിക്കൂടെന്നും ഉത്തരവാദിത്തമില്ലാതെ ആരോപണങ്ങള്‍ ഉന്നയിക്കുന്നത് കോടതിയുടേയും ജുഡീഷ്യറിയുടേയും വിശ്വാസ്യത തകര്‍ക്കുമെന്നും ശിശോദിയ ആരോപിച്ചതിനെ അഭിഭാഷകരായ ദുഷ്യന്ത് ദവേയും ഇന്ദിരാ ജയ്‌സിംഗും ചോദ്യം ചെയ്തതാണ് വാഗ്വാദത്തിലേക്ക് നയിച്ചത്.
അന്വേഷണം ആവശ്യമില്ലെങ്കില്‍ മാധ്യമപ്രവര്‍ത്തകന്‍ പിന്നെ എന്തിന് ഹരജി ഫയല്‍ ചെയ്തുവെന്ന് ദവേ ചോദിച്ചു.
ഈ കേസ് കുഴിച്ചുമൂടാനാണ് ഹരജി ഫയല്‍ ചെയ്തതെന്നാണ് ശിശോദിയയുടെ വാദങ്ങള്‍ തെളിയിക്കുന്നതെന്ന് ആരോപിച്ച ദവേ രൂക്ഷ പദങ്ങള്‍ ഉപയോഗിച്ചതിനെ അപലപിക്കുകയും ചെയ്തു.
അമിത് ഷാക്കുവേണ്ടി ഹാജരായിരുന്ന നിങ്ങള്‍ ഇപ്പോള്‍ പരാതിക്കാരനുവേണ്ടി ഹാജരാകുന്നുവെന്നും ദവേ തുടര്‍ന്നു. നിങ്ങള്‍ പറയുന്നത് കാര്യമാക്കുന്നില്ലെന്നും നരകത്തിലോ സ്വര്‍ഗത്തിലോ പോയി തുലയൂ എന്നുമായിരുന്നു ശിശോദിയയുടെ പ്രതികരണം. തുടര്‍ന്നാണ് ജഡ്ജിമാര്‍ ഇടപെട്ടത്.