ന്യൂദല്‍ഹി- കര്‍ഷക സമരവേദിയായ ഹരിയാന അതിര്‍ത്തിയോട് ചേര്‍ന്ന് കിടക്കുന്ന വടക്കു പടിഞ്ഞാറന്‍ ദല്‍ഹിയിലെ സിംഘുവില്‍ യുവാവിന്റെ മൃതദേഹം കൈവെട്ടി മാറ്റി പോലീസ് ബാരിക്കേഡില്‍ ബന്ധിച്ച നിലയില്‍ കണ്ടെത്തി. വെള്ളിയാഴ്ച രാവിലെയാണ് മൃതദേഹം കണ്ടത്. സിഖ് പോരാളി വിഭാഗമായ നിഹാങുകളാണ് കൊലപാതകത്തിനു പിന്നിലെന്നും ഹരിയാനയിലെ കുണ്ഡ്‌ലിയില്‍ വച്ചാണ് യുവാവിനെ കൊലപ്പെടുത്തിയതെന്നുമാണ് പ്രാഥമിക റിപോര്‍ട്ടുകള്‍. യുവാവിന്റെ കൈവെട്ടി നിലത്തിട്ട് ആയുധധാരികള്‍ ഉള്‍പ്പെടെയുള്ള നിഹാങ്ങുകള്‍ ചുറ്റുംകൂടി നില്‍ക്കുന്ന വിഡിയോ ദൃശ്യങ്ങളും പുറത്തു വന്നിട്ടുണ്ട്. യുവാവിന്റെ പേരും സ്ഥലവും ചോദിക്കുന്നതും വിഡിയോയില്‍ കേള്‍ക്കാം. കൈമുറിഞ്ഞ് ചോരയില്‍ കുളിച്ചുകിടക്കുന്ന യുവാവിനെ ആരും രക്ഷിക്കാനും മുതിരുന്നില്ല. യുവാവിന്റെ മൃതദേഹം തലകീഴായി കെട്ടിത്തൂക്കി നിലയില്‍ കാണുന്ന മറ്റൊരു വിഡിയോയും പുറത്തു വന്നിട്ടുണ്ട്.
കൊല്ലപ്പെട്ട യുവാവ് ആരാണെന്ന് സ്ഥിരീകരിച്ചിട്ടില്ല. സിഖ് വിശുദ്ധ ഗ്രന്ഥമായ ഗുരു ഗ്രന്ഥ് സാഹിബിനെ അവഹേളിച്ചതിനാണ് നിഹാങുകള്‍ യുവാവിനെ അടിച്ചു കൊന്നതെന്നും റിപോര്‍ട്ടുണ്ട്. യുവാവിന്റെ കൈപ്പത്തി വെട്ടിമാറ്റി അടിച്ചു കൊന്ന ശേഷം പോലീസ് ബാരിക്കേഡില്‍ തലകീഴായി കെട്ടിത്തൂക്കുകയായിരുന്നു എന്നും പറയപ്പെടുന്നു. ഹരിയാന പോലീസെത്തി യുവാവിന്റെ മൃതദേഹം ആശുപത്രിയിലേക്കു മാറ്റി. സംഭവം പോലീസ് അന്വേഷിച്ചു വരികയാണ്.