ജോധ്പൂര്‍-ഇന്ത്യന്‍ സൈന്യത്തെക്കുറിച്ചുള്ള തന്ത്രപ്രധാന വിവരങ്ങള്‍ പാക്കിസ്ഥാന്‍ യുവതിക്ക് ചോര്‍ത്തി നല്‍കിയ ജോധ്പൂര്‍ സോണിലെ മിലിട്ടറി ചീഫ് എഞ്ചിനീയറുടെ പ്യൂണിനെ രാജസ്ഥാന്‍ പോലീസ് അറസ്റ്റ് ചെയ്തു.
മിലിട്ടറി എഞ്ചിനീയറിംഗ് സര്‍വീസില്‍ (എംഇഎസ്) ജോധ്പൂര്‍ സോണിന്റെ ചീഫ് എഞ്ചിനീയറുടെ കീഴില്‍ ജോലി ചെയ്യുന്ന നാലാം ക്ലാസ് ജീവനക്കാരനായ രാം സിംഗാണ് പ്രതിയെന്ന് പോലീസ് ഡയറക്ടര്‍ (ഇന്റലിജന്‍സ്) ഉമേഷ് മിശ്ര പറഞ്ഞു.
35 കാരനായ രാം സിംഗ് കഴിഞ്ഞ രണ്ട് മാസമായി വാട്ട്‌സ്ആപ്പ് വഴി ഒരു പാക്കിസ്ഥാന്‍ വനിതാ ഹാന്‍ഡ്‌ലറുമായി ബന്ധപ്പെട്ടിരുന്നുവെന്ന് ഡിജി മിശ്ര പറഞ്ഞു. രാം സിംഗിനെ വിവാഹം കഴിക്കാനെന്ന വ്യാജേന ഹണിട്രാപ്പിലൂടെ യുവതി വശീകരിക്കുകയായിരുന്നു. യുവതിക്ക് ഇന്ത്യന്‍ സൈന്യത്തിന്റെ നിര്‍ണായക രേഖകളുടെ ചിത്രങ്ങള്‍ വാട്ട്‌സ്ആപ്പ് വഴി ഇയാള്‍ അയച്ചു നല്‍കുകയായിരുന്നു.
രഹസ്യാന്വേഷണ വിഭാഗത്തില്‍ നിന്ന് ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തില്‍, ഒരു രഹസ്യാന്വേഷണ സംഘം അദ്ദേഹത്തെ നിരീക്ഷിക്കുന്നുണ്ടായിരുന്നു. രാം സിംഗിനെ ജോധ്പൂരിലെ ഒന്നിലധികം ഏജന്‍സികള്‍ സംയുക്തമായി ചോദ്യം ചെയ്തതായി ഡിജി മിശ്ര പറഞ്ഞു. അശ്ലീല ചാറ്റുകളുടെയും തന്ത്രപരമായ പ്രാധാന്യമുള്ള വിവരങ്ങളുടെയും തെളിവുകള്‍ രാം സിംഗിന്റെ ഫോണില്‍ നിന്ന് കണ്ടെത്തി.