പൂനെ- കേന്ദ്ര അന്വേഷണ ഏജന്‍സികളായ സിബിഐ, ഇ.ഡി, എന്‍സിബി എന്നിവയെ കേന്ദ്ര സര്‍ക്കാര്‍ പ്രതിപക്ഷത്തിനെതിരെ ദുരുപയോഗം ചെയ്യുകയാണെന്ന എന്‍സിപി അധ്യക്ഷന്‍ ശരത് പവാറിന്റെ പ്രസ്താവനയ്ക്കു പിന്നാലെ ബിജെപിയില്‍ ചേര്‍ന്നതില്‍ ആശ്വാസം പ്രകടിപ്പിച്ച് മുന്‍ കോണ്‍ഗ്രസ് നേതാവ്. ബിജെപിയില്‍ ചേര്‍ന്നതോടെ തനിക്കിപ്പോള്‍ നല്ല ഉറക്കം കിട്ടുന്നുണ്ടെന്നും ഒരു കേന്ദ്ര ഏജന്‍സിയുടേയും അന്വേഷണം നേരിടേണ്ടി വരുന്നില്ലെന്നുമാണ് ബിജെപി നേതാവ് ഹര്‍ഷ്‌വര്‍ധന്‍ പാട്ടീല്‍ പറഞ്ഞത്.
2019ലെ മഹാരാഷ്ട്രാ നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി കോണ്‍ഗ്രസ് വിട്ടതാണ് മുന്‍ എംഎല്‍എ കൂടിയായ പാട്ടീല്‍. പുനെയിലെ മാവലില്‍ ഒരു പരിപാടിയില്‍ സംസാരിക്കവെയാണ് അദ്ദേഹം ഇങ്ങനെ പറഞ്ഞത്. എന്തിന് ബിജെപിയില്‍ ചേര്‍ന്നെന്ന് വേദിയില്‍ കൂടെ ഉണ്ടായിരുന്ന ഒരു പ്രതിപക്ഷ നേതാവിന്റെ ചോദ്യത്തിന് മറുപടി നല്‍കുകയായിരുന്നു അദ്ദേഹം. 'ഞങ്ങള്‍ക്ക് ബിജെപിയില്‍ ചേരേണ്ടി വന്നു. അത് എന്തുകൊണ്ടാണെന്ന് അദ്ദേഹത്തിന്റെ നേതാവിനോട് തന്നെ ചോദിക്കാന്‍ പറഞ്ഞു. ബിജെപിയില്‍ സുഖവും സമാധാനവുമുണ്ട്. ഒരു അന്വേഷണവും ഇല്ലാത്തതിനാല്‍ നല്ല ഉറക്കം കിട്ടുന്നുണ്ട്'- പാട്ടില്‍ പറഞ്ഞു.