തിരുവനന്തപുരം- സ്വന്തം കുഞ്ഞിനെ തേടി അമ്മയുടെ അലച്ചിൽ. ഒരു വർഷം മുമ്പ് കാമുകനിൽനിന്ന് ഗർഭം ധരിച്ചതിനെ തുടർന്ന് പ്രസവിച്ച കുഞ്ഞിനെ അച്ഛനും അമ്മയും തന്റെ അടുത്തുനിന്ന് കൊണ്ടുപോയെന്നും പിന്നീട് തിരികെ ലഭിച്ചിട്ടില്ലെന്നും യുവതി ആരോപിച്ചു. നിരവധി സർക്കാർ ഓഫീസുകൾ കയറിയിറങ്ങിയെങ്കിലും യുവതിക്ക് ഇതേവരെ കുട്ടിയെ തിരികെ ലഭിച്ചില്ല. തിരുവനന്തപുരം പേരൂർക്കട അനുപമ(22)യാണ് പരാതിക്കാരി. സംഭവത്തിൽ, പേരൂർക്കട പോലീസിലും ഡി.ജി.പിക്കും മുഖ്യമന്ത്രിക്കും ചൈൽഡ് വെൽഫെയർ കമ്മിറ്റിക്കും പരാതി നൽകിയെങ്കിലും കുഞ്ഞിനെ കണ്ടെത്താനായില്ല.
കുഞ്ഞിനെ സംരക്ഷിക്കാമെന്ന് പറഞ്ഞ് എടുത്തുകൊണ്ടുപോയതിന് ശേഷം എവിടെയാണെന്ന് തന്റെ കുഞ്ഞെന്ന് രക്ഷിതാക്കൾ പറയുന്നില്ലെന്നും കുഞ്ഞിനെ തനിക്ക് വേണമെന്നും പരാതിയിൽ യുവതി ആവശ്യപ്പെട്ടു. പേരൂർക്കടയിലെ പ്രാദേശിക സി.പി.എം നേതാവ് ജയചന്ദ്രന്റെ മകളാണ് അനുപമ. എസ്.എഫ്.ഐ പ്രവർത്തകയായിരുന്ന അനുപമ ഡി.വൈ.എഫ്.ഐ മേഖലാ സെക്രട്ടറിയായിരുന്ന അജിത്തും തമ്മിലായിരുന്നു പ്രണയം. അജിത്ത് നേരത്തെ വിവാഹിതനായിരുന്നു. ദലിത് ക്രിസ്ത്യൻ വിഭാഗത്തിൽപെട്ട അജിത്തിനെ വിവാഹം ചെയ്യാൻ വീട്ടുകാർ സമ്മതിച്ചില്ല. ഇതിനിടയിൽ അനുപമ ഗർഭിണിയായി. വീട്ടുകാരുടെ നേതൃത്വത്തിൽ തലസ്ഥാനത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കഴിഞ്ഞ ഒക്ടോബർ 19 ന് സിസേയറിനിലൂടെ ആൺകുഞ്ഞിന് ജന്മം നൽകി. അതേസമയം, ജനുവരിയിൽ വിവാഹമോചനം നേടിയ അജിത്ത് മാർച്ച് മാസം മുതൽ അനുപമയ്ക്കൊപ്പം താമസം തുടങ്ങി.
കുഞ്ഞിനെ കാണാനില്ലെന്ന് ചൂണ്ടിക്കാട്ടി ഏപ്രിൽ 19ന് അനുപമ പേരൂർക്കട പോലീസിൽ നൽകി. കുട്ടിയെ അനുപമയുടെ രക്ഷിതാക്കൾ ഉപേക്ഷിച്ചു എന്നാണ് പ്രാഥമിക നിഗമനം. അതേ സമയം കുട്ടിയെ മകളുടെ സമ്മതത്തോടെ നിയമപരമായി കൈമാറിയെന്നാണ് അനുപമയുടെ അച്ഛൻ ജയചന്ദ്രന്റെ വിശദീകരണം.