മുംബൈ- 200 കോടിയുടെ തട്ടിപ്പുകേസില്‍ ബോളിവുഡ് നടി നോറ ഫതേഹിയെ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ചോദ്യം ചെയ്തു. ഇന്ന് രാവിലെയാണ് ദല്‍ഹി ഓഫീസില്‍ ചോദ്യം ചെയ്യലിന് ഹാജരായത്. നടി ജാക്വിലിന്‍ ഫെര്‍ണാണ്ടസിനെയും ഇതേ കേസില്‍ ഇഡി വീണ്ടും ചോദ്യം ചെയ്യും. ഇത് മൂന്നാം തവണയാണ് ഇഡി ജാക്വിലിന് സമന്‍സയക്കുന്നത്. നടി ലീന മരിയപോളും ഭര്‍ത്താവ് സുകേഷ് ചന്ദ്രശേഖറും ഉള്‍പ്പെട്ടതാണ് കേസ്. നിലവില്‍ ഇരുവരും അന്വേഷണ സംഘത്തിന്റെ കസ്റ്റഡിയിലാണ്. ബോളിവുഡ് താരങ്ങളെ ഇവര്‍ കെണിയില്‍ വീഴ്ത്തിയെന്നാണ് ഇഡിയുടെ പ്രാഥമിക വിലയിരുത്തല്‍.ഫാര്‍മസ്യൂട്ടിക്കല്‍ കമ്പനിയായ റാന്‍ബാക്‌സിയുടെ പ്രൊമോട്ടര്‍മാരായ ശിവിന്ദര്‍ സിങ്, മല്‍വീന്ദര്‍ സിങ് എന്നിവരുടെ കുടുംബത്തില്‍ നിന്നാണ് സുകേഷ് ചന്ദ്രശേഖര്‍ 200 കോടി തട്ടാന്‍ ശ്രമിച്ചത്. ഇദ്ദേഹത്തിന്റെ 16 കാറുകളും ബീച്ച് ബംഗ്ലാവും അന്വേഷണ സംഘം കണ്ടു കെട്ടിയിരുന്നു. ആന്ധ്ര, കേരളം, തമിഴ്‌നാട് എന്നിവിടങ്ങളിലെല്ലാം ഇദ്ദേഹത്തിന്റെ പേരില്‍ വഞ്ചനാ കേസുകളുണ്ട്.