ലഖ്‌നൗ- ബിജെപിയുമായി ഇടഞ്ഞുനില്‍ക്കുന്ന വരുണ്‍ ഗാന്ധിയെ കോണ്‍ഗ്രസിലേക്ക് സ്വാഗതം ചെയ്യുന്ന പോസ്റ്റര്‍ പങ്കുവെച്ച നേതാവിനെതിരേ പാര്‍ട്ടിയുടെ നടപടി. സോണിയ ഗാന്ധിയുടേയും വരുണ്‍ ഗാന്ധിയുടേയും ചിത്രങ്ങളുള്ള പോസ്റ്റര്‍ പങ്കുവെച്ച പ്രയാഗ്‌രാജില്‍ നിന്നുള്ള പ്രാദേശിക നേതാവിനെതിരേയാണ് കോണ്‍ഗ്രസ് നടപടി സ്വീകരിച്ചത്. ഇയാളെ 15 ദിവസത്തേക്ക് എല്ലാ പാര്‍ട്ടി ചുമതലകളില്‍നിന്നും സസ്‌പെന്‍ഡ് ചെയ്തതായി കോണ്‍ഗ്രസ് അറിയിച്ചു. പ്രയാഗ് രാജ് സിറ്റി കോണ്‍ഗ്രസ് കമ്മിറ്റി സെക്രട്ടറി ഇര്‍ഷാദ് ഉള്ള പങ്കുവെച്ച പോസ്റ്റര്‍ സമൂഹമാധ്യമങ്ങളില്‍ വൈറലായിരുന്നു. സുസ്വാഗതം. സങ്കടകരമായ ദിനങ്ങള്‍ കഴിഞ്ഞു, സന്തോഷകരമായ ദിനങ്ങള്‍ വരുന്നു എന്ന തലക്കെട്ടോടു കൂടിയുള്ള പോസ്റ്ററാണ് ഇര്‍ഷാദ് പങ്കുവെച്ചത്. സോണിയ ഗാന്ധിയുടേയും വരുണ്‍ ഗാന്ധിയുടേയും ചിത്രങ്ങള്‍ക്ക് പുറമേ ഇര്‍ഷാദ് ഉള്ളയുടേയും അഭയ് അശ്വതിയുടേയും ചിത്രങ്ങളും പോസ്റ്ററിലുണ്ടായിരുന്നു.
ലഖിംപുര്‍ സംഭവത്തെക്കുറിച്ചുള്ള പരാമര്‍ശത്തിന്റെ പശ്ചാത്തലത്തില്‍ ബിജെപി നിര്‍വാഹക സമിതിയില്‍ നിന്ന് വരുണ്‍ ഗാന്ധിയെ പുറത്താക്കിയതിന് പിന്നാലെയാണ് ഇര്‍ഷാദ് പോസ്റ്റര്‍ പങ്കുവെച്ചത്. കഴിഞ്ഞ അഞ്ച് വര്‍ഷമായി താന്‍ ഒരു സമിതിയോഗത്തില്‍ പോലും പങ്കെടുത്തിട്ടില്ലെന്നും താന്‍ അതില്‍ ഉണ്ടെന്നുപോലും തോന്നുന്നില്ലെന്നും നിര്‍വാഹക സമിതിയില്‍ നിന്ന് ഒഴിവാക്കിയതിന് പിന്നാലെ വരുണ്‍ ഗാന്ധി പറഞ്ഞിരുന്നു.
ലഖിംപുര്‍ ഖേരി സംഭവത്തില്‍ കടുത്ത വിമര്‍ശനമുന്നയിച്ച എം.പി. വരുണ്‍ഗാന്ധി, മുന്‍ കേന്ദ്രമന്ത്രിയും എം.പി.യുമായ മേനകാ ഗാന്ധി, മുന്‍മന്ത്രി ബീരേന്ദ്ര സിങ് എന്നിവരെയാണ് ബിജെപി ഒഴിവാക്കിയത്. ലഖിംപുര്‍ ഖേരി സംഭവത്തില്‍ പാര്‍ട്ടിയെ വെട്ടിലാക്കി കടുത്ത വിമര്‍ശനവുമായി രംഗത്തുവന്നതാണ് വരുണ്‍ ഗാന്ധിയെ ഒഴിവാക്കാന്‍ കാരണമായതെന്നാണ് സൂചന.