തിരുവനന്തപുരം- പെട്രോളിനേയും ഡീസലിനേയും ജി.എസ്.ടിയിൽ ഉൾപ്പെടുത്തിയാൽ കേരളത്തിന് നികുതി വരുമാനം കുറയുമെന്ന് ധനകാര്യ മന്ത്രി കെ.എൻ. ബാലഗോപാൽ. പെട്രോളിയം ഉൽപന്നങ്ങൾ ജി.എസ്.ടി പരിധിയിൽ കൊണ്ടു വന്ന് അമിതവില വർദ്ധനവ് ഒഴിവാക്കണമെന്നാവശ്യപ്പെട്ട് തിരുവഞ്ചൂർ രാധാകൃഷ്ണന്റെ ശ്രദ്ധക്ഷണിക്കലിന് മറുപടി പറയുകയായിരുന്നു മന്ത്രി. പെട്രോളിയം ഉൽപന്നങ്ങളെ ജി.എസ്.ടിയിൽ ഉൾപ്പെടുത്തിയാൽ ദീർഘകാലമായി സംസ്ഥാനത്തിന് ലഭിക്കുന്ന വരുമാനത്തിൽ വലിയ നഷ്ടം ഉണ്ടാകും. ജി.എസ്.ടി പരിധിയിൽ വന്നാൽ നികുതി 28 ശതമാനമായി കുറയും. സംസ്ഥാന വിഹിതം 14 ശതമാനമാകും. 2018 ൽ എൽ.ഡി.എഫ് സർക്കാർ സംസ്ഥാന വിൽപന നികുതി പെട്രോളിന് 31.80 ശതമാനത്തിൽ നിന്ന് 30.08 ശതമാനവും ഡീസലിന് 22.76 ശതമാനത്തിൽ നിന്ന് 22.76 ശതമാനമായും കുറച്ചു. അധിക തീരുവ സെസ്സുകളിൽ നിന്നുള്ള വരുമാനം സംസ്ഥാനങ്ങളുമായി പങ്കുവക്കേണ്ടതില്ലാത്തതുകൊണ്ട് കേരളത്തിന് അത് ലഭിക്കുന്നില്ലെന്നും മന്ത്രി വ്യക്തമാക്കി.
കേരളം മറ്റു സംസ്ഥാനങ്ങളെ കൂടി ജി.എസ്.ടിക്ക് എതിരായി സംഘടിപ്പിക്കുകയാണെന്ന് തിരുവഞ്ചൂർ രാധാകൃഷ്ണൻ പറഞ്ഞു. പെട്രോളിയം ഉൽപന്നങ്ങളെ ജി.എസ്.ടിയിൽ ഉൾപ്പെടുത്തണമെന്ന് ഇടതുപക്ഷവും ഒരുകാലത്ത് ആവശ്യപ്പെട്ടിരുന്നു. ഇന്ന് അതു പറയുന്നില്ല. നിലവിൽ 55 ശതമാനമാണ് നികുതി ഇനത്തിൽ സാധാരണക്കാരിൽ നിന്നും ഈടാക്കുന്നത്. മുമ്പും സംസ്ഥാനം അഡീഷനൽ നികുതി കുറച്ചിട്ടുണ്ടെന്ന് തിരുവഞ്ചൂർ ഓർമിപ്പിച്ചു.