കസ്ഗഞ്ച് - റിപ്പബ്ലിക് ദിനത്തിൽ ഉത്തർ പ്രദേശിലെ കസ്ഗഞ്ചിൽ ഹിന്ദുത്വ തീവ്രവാദികൾ അഴിച്ചു വിട്ട വർഗീയ സംഘർഷം വീണ്ടും രൂക്ഷമാക്കാൻ ആസൂത്രിത നീക്കം. നഗരത്തിലെ ഒരു ആരാധാനലയത്തിന്റെ ഗേറ്റിന് സാമൂഹിക വിരുദ്ധർ തീയിട്ട് വർഗീയ ലഹള ആളിക്കത്തിക്കാൻ ശ്രമം നടത്തി. തക്ക സമയത്ത് പോലീസ് ഇടപെട്ടതിനാൽ കൂടുതൽ അനിഷ്ട സംഭവങ്ങളുണ്ടായില്ല. മുസ്്‌ലിംകൾക്കെതിരെ വ്യാപക അതിക്രമമുണ്ടായ കസ്ഗഞ്ചിൽ സംഘർഷാവസ്ഥ നിലനിൽക്കുകയാണ്. ഇന്നു പുലർച്ചെ ആരാധനാലയത്തിലേക്കുള്ള പ്രവേശന കവാടത്തിന് തീയിട്ടത് ശ്രദ്ധയിൽപ്പെട്ട പോലീസ് ഉടൻ തന്നെ തീ അണച്ചുവെന്ന് പോലീസ് സുപ്രണ്ട് പിയൂഷ് ശ്രീവാസ്തവ പറഞ്ഞു. പോലീസിന്റെ ഭാഗത്തു നിന്നുണ്ടായ വീഴ് ചൂണ്ടിക്കാട്ടി രണ്ട് കോൺസ്റ്റബിൾമാരെ സസ്‌പെൻഡ് ചെയ്തിട്ടുണ്ട്.
സംഭവത്തെ തുടർന്ന് ഉന്നത പോലീസ് ഉദ്യോഗസ്ഥരുടെ നേതൃത്വത്തിൽ കൂടുതൽ പോലീസ് സ്ഥലത്തെത്തി. ആക്രമസംഭവങ്ങളുണ്ടാകുന്നത് തടയാൻ കൂടുതൽ സേനയെ പ്രദേശത്ത് വിന്യസിച്ചിട്ടുണ്ട്.
പാക്കിസ്ഥാനുമായുള്ള യുദ്ധത്തിൽ വീരമൃത്യൂവരിച്ച ഇന്ത്യൻ സൈനികൻ വീർ ഹവിൽദാർ അബ്ദുൽ ഹമീദിന്റെ പേരിലുള്ള കസ്ഗഞ്ചിലെ സ്മാരകത്തിൽ ദേശീയ പതാക ഉയർത്തി റിപ്പബ്ലിക് ദിനമാഘോഷിക്കുന്ന മുസ്ലിംകൾക്കിടയിലേക്ക് തിരംഗ യാത്രയുമായി എത്തിയ ഹിന്ദുത്വ തീവ്രവാദികളാണ് ഇവിടെ വർഗീയ സംഘർഷം ഇളക്കി വിട്ടത്. അനുമതിയില്ലാതെ തിരംഗ യാത്ര സംഘടിപ്പിച്ച് ബൈക്കുകളിലെത്തിയ സംഘം മുസ്ലിംകൾ ദേശീയ പതാക ഉയർത്തുന്നത് തടയുകയും പരിപാടിയിൽ കാവി പതാക വീശി സംഘർഷമുണ്ടാക്കുകയുമായിരുന്നു.
തോക്കുകളുമായി ഇവിടേക്ക് വരുന്ന ആക്രമികളുടെ ദൃശ്യവും പിന്നീട് പുറത്തു വന്നിരുന്നു. സംഘർഷത്തിൽ 22കാരനായ ചന്ദൻ ഗുപത് എന്ന യുവാവ് വെടിയേറ്റു മരിച്ചിരുന്നു. തുടർന്നുണ്ടായ സംഘർഷത്തിൽ മുസ്ലിംകളുടെ സ്ഥാപനങ്ങളും ബസുകളും മറ്റു വാഹനങ്ങളും വ്യാപകമായി നശിപ്പിക്കുകയും തീയിടുകയും ചെയ്തു. വർഗീയ സംഘർഷങ്ങളൊന്നുമില്ലാതെ വിവിധ മതസ്ഥർ ഐക്യത്തോടെ കഴിഞ്ഞിരുന്ന ഈ മുസ്ലിം ഭൂരിപക്ഷ പ്രദേശം ഇപ്പോൾ കലാപ ഭീതിയിലാണ്.