തൃശൂര്‍- വിയ്യൂര്‍ സെന്‍ട്രല്‍ ജയിലിലെ തടവുകാരുടെ ബ്ലോക്കില്‍ നടത്തിയ പരിശോധനയില്‍ മൊബൈല്‍ ഫോണും കഞ്ചാവും പിടികൂടി. കെവിന്‍ ദുരഭിമാനക്കൊലക്കേസിലെ പ്രതി ടിറ്റോ ജെറോം കിടന്നിരുന്ന ഇ 2 ബ്ലോക്കില്‍ നടത്തിയ പരിശോധനയിലാണ് ഇവ പിടികൂടിയത്. ഉദ്യോഗസ്ഥരെ നിരന്തരം ഭീഷണിപ്പെടുത്തുന്നെന്ന ആരോപണത്തില്‍ ഡി ബ്ലോക്കിലെ ഐസൊലേഷന്‍ സെല്ലിലാണ് ചൊവ്വാഴ്ച മുതല്‍ ഇയാളെ പാര്‍പ്പിച്ചിട്ടുള്ളത്. സെല്ലിന്റെ സമീപം മറ്റൊരു അന്തേവാസി പ്ലാസ്റ്റിക് ബക്കറ്റുമായി നില്‍ക്കുന്നതില്‍ സംശയം തോന്നിയ ജയില്‍ അധികൃതര്‍ നടത്തിയ പരിശോധനയിലാണ് ഇയാള്‍ മുമ്പ് കിടന്നിരുന്ന സെല്ലില്‍ കഞ്ചാവ് ഒളിപ്പിച്ചിട്ടുണ്ടെന്ന കുറിപ്പ് ലഭിച്ചത്. ഇതിന്റെ അടിസ്ഥാനത്തില്‍ ഇന്നലെ രാവിലെ അധികൃതര്‍ ഇ 2 ബ്ലോക്കില്‍ നടത്തിയ പരിശോധനയില്‍ പൈപ്പിന് താഴെ ഒളിപ്പിച്ച നിലയില്‍ മൊബൈല്‍ ഫോണും കഞ്ചാവും കണ്ടെത്തി. തുടര്‍ന്ന് ഡി.ജി.പിയുടെ നിര്‍ദേശപ്രകാരം ടിറ്റോ ജെറോമിനെ അതിസുരക്ഷാ ജയിലിലേക്ക് മാറ്റി.