ബോസ്റ്റന്‍- യുപിയിലെ ലഖിംപൂരില്‍ നാലു കര്‍ഷകരെ കൊന്നത് തീര്‍ത്തും അപലപനീയമാണെന്ന് കേന്ദ്ര ധനമന്ത്രി നിര്‍മല സീതാരാമന്‍ പറഞ്ഞു. ഔദ്യോഗിക സന്ദര്‍ശനത്തിനായി യുഎസിലെത്തിയ മന്ത്രി ഹാവാഡ് കെന്നഡി സ്‌കൂളിലെ വിദ്യാര്‍ത്ഥികളുമായി നടന്ന സംവാദത്തില്‍ ഒരു ചോദ്യത്തിന് ഉത്തരമായാണ് ഇങ്ങനെ പറഞ്ഞത്. കേന്ദ്ര മന്ത്രിയുടെ മകന്‍ ഉള്‍പ്പെട്ട ലഖിംപൂരിലെ കര്‍ഷകരുടെ കൊലപാതകം സംബന്ധിച്ച് പ്രധാനമന്ത്രിയോ മുതിര്‍ന്ന മന്ത്രിമാരോ എന്തുകൊണ്ട് ഒരു വാക്കു പോലും പറഞ്ഞില്ല? ഇത്തരം സംഭവങ്ങളെ കുറിച്ച് ചോദ്യങ്ങള്‍ ഉന്നയിക്കുമ്പോള്‍ എന്ത് കൊണ്ട് പ്രതിരോധിക്കാന്‍ ശ്രമിക്കുന്നു എന്നായിരുന്നു മന്ത്രിയോടുള്ള ചോദ്യങ്ങള്‍. ഈ ഒരു സംഭവം മാത്രമല്ല, രാജ്യത്തിന്റെ മറ്റിടങ്ങളില്‍ നടക്കുന്ന ഇത്തരം സംഭവങ്ങളും തുല്യഅളവില്‍ അപലപനീയമാണെന്ന് നിര്‍മല മറുപടി നല്‍കി.
ഇന്ത്യയില്‍ ഇതുപോലുള്ള വ്യത്യസ്ത സംഭവങ്ങള്‍ പലഭാഗത്തും നടക്കുന്നുണ്ട്. ഇത്തരം സംഭവങ്ങള്‍ ഉണ്ടാകുമ്പോള്‍ തന്നെ ഈ പ്രശ്‌നം ഉന്നയിക്കണം. ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളില്‍ ആകുമ്പോള്‍ മാത്രമോ, മന്ത്രിസഭയിലെ എന്റെ സഹപ്രവര്‍ത്തകര്‍ ഒരു പക്ഷെ പ്രശ്‌നത്തിലാകുമ്പോള്‍ മാത്രമോ പോര. ഇത്തരം സംഭവങ്ങള്‍ക്ക് ഉത്തരവാദി അത് ചെയ്തവരാണ്, മറ്റുള്ളവരല്ല എന്നുമോര്‍ക്കണം. കുറ്റം തെളിയിക്കാന്‍ നിയമപരമായ നടപടികള്‍ തീര്‍ച്ചയായും ഉണ്ടാകും- നിര്‍മല പറഞ്ഞു.
എന്റെ പാര്‍ട്ടിക്കു വേണ്ടിയോ എന്റെ പ്രധാനമന്ത്രിക്കു വേണ്ടിയോ അല്ല പ്രതിരോധത്തിലാകുന്നത്. ഇന്ത്യയ്ക്കു വേണ്ടിയാണ്. ഞാന്‍ ഇന്ത്യയ്ക്കു വേണ്ടി സംസാരിക്കും, പാവപ്പെട്ടവരുടെ നീതിക്കു വേണ്ടി സംസാരിക്കും. എന്നെ പരിഹസിക്കുകയാണെങ്കില്‍ വസ്തുതകള്‍ വച്ച് നമുക്ക് സംസാരിക്കാം എന്നേ മറുപടി പറയാനുള്ളൂ- നിര്‍മല പറഞ്ഞു.