ന്യൂദൽഹി- പ്രായപൂർത്തിയായ രണ്ടു പേർ വിവാഹിതരായാൽ അതിൽ ഇടപെടാനോ തടയാനോ രക്ഷിതാക്കൾ, സമൂഹം, മറ്റു വ്യക്തികൾ, സംഘടനകൾ തുടങ്ങി മൂന്നാമതൊരു കക്ഷിക്ക് അവകാശമില്ലെന്ന് സുപ്രീം കോടതി ചീഫ് ജസ്റ്റിസ് ദീപക് മിശ്ര വ്യക്തമാക്കി. ദുരഭിമാനത്തിന്റെ പേരിൽ ബന്ധുക്കൾ നടത്തുന്ന കൊലപാതകൾ തടയണമെന്നാവശ്യപ്പെട്ട് സമർപ്പിച്ച ഹർജി പരിഗണിക്കവെയാണ് ചീഫ് ജസ്റ്റിസ് ഇക്കാര്യം വ്യക്തമാക്കിയത്.
ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിലെ ഖാപ് പഞ്ചായത്തുകൾ, സ്വയം അവരോധിത ഗ്രാമ കോടതികൾ നിരോധിക്കണമെന്നും ദുരഭിമാന കൊലകൾ തടയണമെന്നും ആവശ്യപ്പെട്ട് സന്നദ്ധ സംഘടനയായ ശക്തി വാഹിനിയാണ് കോടതിയെ സമീപിച്ചത്. കുടുംബത്തിന്റെ ആശീർവാദമില്ലാതെ വിവാഹിതരാകുന്ന ദമ്പതികളെ കൊലപ്പെടുത്തേണ്ടത് കടമയാണെന്നാണ് ഹരിയാന ഉൾപ്പെടെയുള്ള സംസ്ഥാനങ്ങളിലെ പല കുടുംബങ്ങളും വിശ്വസിക്കുന്നതെന്നും ഹർജി ചൂണ്ടിക്കാട്ടുന്നു.
എന്നാൽ ഇത്തരം കൊലകൾക്ക് തങ്ങളെതിരാണെന്ന് ഖാപ് പഞ്ചായത്തുകൾക്കു വേണ്ടി ഹാജരായ അഭിഭാഷകൻ കോടതിയിൽ പറഞ്ഞു. 'വിഷയം ഖാപ് പഞ്ചായത്ത് അല്ല, വിവാഹിതരാകാനുള്ള രണ്ടു വ്യക്തികളുടെ അവകാശങ്ങളാണ്. വിവാഹം നല്ലതാണോ മോശമാണോ എന്നതൊന്നും ഇവിടെ വിഷയമല്ല,' മറുപടിയായി കോടതി വ്യക്തമാക്കി.