ഇന്ദോര്‍- നവരാത്രി ആഘോഷത്തിന്റെ ഭാഗമായി മധ്യപ്രദേശിലെ ഇന്ദോറിലെ ഒരു കോളെജില്‍ നടന്ന ഗര്‍ബ പരിപാടിക്കിടെ അതിക്രമിച്ചെത്തി ബജ്‌റംഗ്ദള്‍ പ്രവര്‍ത്തകര്‍ അക്രമിക്കാന്‍ ഉന്നമിട്ട നാലു മുസ്‌ലിം യുവാക്കളെ പോലീസ് അറസ്റ്റ് ചെയ്തു. കോളെജ് ലവ് ജിഹാദ് പ്രോത്സാഹിപ്പിക്കുന്നു എന്നാരോപിച്ചാണ് വലിയൊരു സംഘം ഹിന്ദുത്വ തീവ്രവാദികള്‍ പരിപാടിസ്ഥലത്തേക്ക് അതിക്രമിച്ചെത്തി അലങ്കോലമാക്കിയത്. എന്നാല്‍ അതിക്രമിച്ചെത്തിയ ഇവര്‍ക്കെതിരെ നടപടി സ്വീകരിക്കാത്ത പോലീസ് കോളെജിലെ രണ്ടു വിദ്യാര്‍ത്ഥികള്‍ ഉള്‍പ്പെടെ നാലു മുസ്‌ലിം യുവാക്കളെ അറസ്റ്റ് ചെയ്തു. കോളെജില്‍ സംഘര്‍ഷമുണ്ടായതിനെ തുടര്‍ന്ന് സമാധാനന്തരീക്ഷം ഉറപ്പാക്കാന്‍ ഇവരെ കരുതല്‍ അറസ്റ്റ് ചെയ്തുവെന്നാണ് പോലീസ് വിശദീകരണം. എന്നാല്‍ മജിസ്‌ട്രേറ്റ് കോടതി ഇവരെ 50000 രൂപയുടെ ജാമ്യത്തില്‍ വിട്ടു. ബജ്‌റംഗ്ദള്‍ പ്രവര്‍ത്തകര്‍ ആക്രമിക്കാന്‍ ഉന്നമിട്ട അദ്‌നാന്‍ ഷാ, മുഹമ്മദ് ഉമര്‍, അബ്ദുല്‍ ഖാദിര്‍, സയ്ദ് സാഖിബ് എന്നിവരെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. കോവിഡ് മാനദണ്ഡങ്ങള്‍ ലംഘിച്ചെന്ന് ചൂണ്ടിക്കാട്ടി കോളെജ് അധികൃതര്‍ക്കെതിരേയും പോലീസ് കേസെടുത്തിട്ടുണ്ട്.
കോളെജിലെ പരിപാടിയുടെ സംഘാടകര്‍ തന്നെ വോളണ്ടിയര്‍ ആയി നിയമിച്ചതിനാണ് പരിപാടിക്കെത്തിയതെന്ന് അദ്‌നാന്‍ ഷാ പറഞ്ഞു. പരിപാടിക്കെത്തുന്ന വിദ്യാര്‍ത്ഥികളുടെ വാഹന പാര്‍ക്കിങ് നിയന്ത്രിക്കുകയായിരുന്നു തന്റെ ചുമതലയെന്നും രണ്ടാം വര്‍ഷ ബികോം വിദ്യാര്‍്ത്ഥിയായ ഷാ പറയുന്നു. ഇതിനിടെ നൂറ്റമ്പതോളം പേര്‍ അതിക്രമിച്ചെത്തി തന്നെ വളയുകയും എന്തിന് ഇവിടെ എത്തിയെന്ന് ചോദ്യം ചെയ്യുകയുമായിരുന്നു. കോളെജ് ഐഡി കാര്‍ഡ് കാണിച്ചെങ്കിലും അക്രമികള്‍ അതു പരിഗണിച്ചില്ലെന്നും ഷാ പറഞ്ഞു.
അറസ്റ്റിലായ നാലു മുസ്‌ലിം യുവാക്കളും കോളെജില്‍ നിന്നുള്ള ക്ഷണ പ്രകാരമാണ് പരിപാടിക്കെത്തിയതെന്ന് അവരുടെ ബന്ധുക്കള്‍ പറഞ്ഞു. മുസ്ലിം കുട്ടികള്‍ക്ക് അവരുടെ കോളെജില്‍ നടക്കുന്ന പരിപാടിയില്‍ പങ്കെടുക്കാന്‍ പാടില്ലെന്ന് രാജ്യത്തിന്റെ ഭരണഘടന പറയുന്നുണ്ടോ എന്നും വിദ്യാര്‍ത്ഥികളില്‍ ഒരാളുടെ ബന്ധുവായ സാജിദ് ഷാ ചോദിക്കുന്നു.