ന്യൂദല്‍ഹി- യുപിയിലെ ലഖിംപൂര്‍ ഖേരിയില്‍ കേന്ദ്രമന്ത്രിയുടെ മകനും സംഘവും കര്‍ഷകര്‍ക്കു നേരെ വാഹനമോടിച്ചു കയറ്റി കൂട്ടക്കൊല നടത്തിയ സംഭവത്തില്‍ കര്‍ഷകര്‍ക്ക് നീതി തേടി കോണ്‍ഗ്രസ് ഉന്നത തല സംഘം രാഷ്ട്രപതി റാംനാഥ് കോവിന്ദിനെ കാണും. എട്ടു പേരുടെ മരണത്തിനിടയാക്കിയ ഒക്ടോബര്‍ മൂന്നിന് നടന്ന സംഘര്‍ഷവുമായി ബന്ധപ്പെട്ട വസ്തുതാ റിപോര്‍ട്ടും സംഘം രാഷ്ട്രപതിക്കു സമര്‍പ്പിക്കും. രാഹുല്‍ ഗാന്ധിയുടെ നേതൃത്വത്തിലുള്ള സംഘത്തില്‍ മുതിര്‍ന്ന നേതാക്കാളായ എ കെ ആന്റണി, മല്ലികാര്‍ജുന്‍ ഖഡ്‌ഗെ, ഗുലാം നബി ആസാദ്, കെ സി വേണുഗോപാല്‍, പ്രിയങ്ക ഗാന്ധി, അധിര്‍ രഞ്ജന്‍ ചൗധരി എന്നിവരും ഉള്‍പ്പെടും.
കഴിഞ്ഞ ദിവസം ലഖിംപൂരില്‍ നടന്ന കൊല്ലപ്പെട്ട കര്‍ഷകരുടെ അന്ത്യകര്‍മങ്ങളില്‍ പങ്കെടുക്കാന്‍ പഞ്ചാബ്, ഹരിയാന, ഉത്തരാഖണ്ഡ് എന്നീ സംസ്ഥാനങ്ങളില്‍ നിന്നായി ആയിരക്കണക്കിന് കര്‍ഷകര്‍ എത്തിയിരുന്നു. കോണ്‍ഗ്രസ് നേതാവ് പ്രിയങ്ക ഗാ്ന്ധി, രാഷ്ട്രീയ ലോക്ദള്‍ നേതാവ് ജയന്ത് ചൗധരി എന്നിവരും പങ്കെടുത്തിരുന്നു.