പൂനെ- 14കാരിയായ എട്ടാം ക്ലാസ് വിദ്യാര്‍ത്ഥിനിയെ രണ്ടു കുട്ടികളും ബന്ധുവായ യുവാവും ചേര്‍ന്ന് പൂനെയിലെ ബിബെവാഡിയില്‍ തെരുവിലിട്ട് കുത്തിക്കൊന്നു. കബഡി പരിശീലനത്തിനായി പോകുകയായിരുന്ന പെണ്‍കുട്ടിയെ അക്രമികള്‍ ചൊവ്വാഴ്ച വൈകീട്ട് 5.45ഓടെയാണ് ബിബെവാഡിയിലെ യാഷ് ലോണ്‍സിനു സമീപത്തുവച്ച് ആക്രമിച്ചത്. പെണ്‍കുട്ടിയെ കുത്തിക്കൊന്ന് അവിടെ നിന്നു മുങ്ങിയ പ്രതികളില്‍ പ്രായപൂര്‍ത്തിയാകാത്ത രണ്ടു പേരെ പോലീസ് പിന്നീട് പിടികൂടി. മുഖ്യപ്രതിയായ 22കാരനെ കണ്ടെത്താനായില്ല.
യാഷ് ലോണ്‍സില്‍ സുഹൃത്തുക്കളുമായി സംസാരിച്ചു നില്‍ക്കെയാണ് മോട്ടോര്‍സൈക്കിളില്‍ എത്തിയ പ്രതികള്‍ പെണ്‍കുട്ടിയെ കുത്തിയത്. 22കാരനും ഒരു കുട്ടിയും ചേര്‍ന്നാണ് പെണ്‍കുട്ടിയെ തുരുതുരാ കുത്തിയത്. കൂടെ ഉണ്ടായിരുന്ന മറ്റൊരു കുട്ടി ബൈക്കില്‍ തന്നെ ഇരിക്കുകയായിരുന്നു. കൊലനടത്തിയ ശേഷം ഇവര്‍ ഉടന്‍ സ്ഥലംവിടുകയും ചെയ്തു. പെണ്‍കുട്ടിയുടെ കഴുത്തിലും മറ്റു ശരീരഭാഗങ്ങളിലുമായി പ്രതികള്‍ നിരവധി തവണ കുത്തി. പെണ്‍കുട്ടി സംഭവസ്ഥലത്തുവച്ചു തന്നെ മരിച്ചതായും പോലീസ് പറഞ്ഞു.
മുഖ്യപ്രതിയായ 22കാരന്‍ പെണ്‍കുട്ടിയുടെ അകന്ന ബന്ധുവാണ്. ഇയാള്‍ പെണ്‍കുട്ടിയെ പ്രണയിച്ചിരുന്നു. എന്നാല്‍ പെണ്‍കുട്ടിക്ക് തിരിച്ചു പ്രണയമുണ്ടായിരുന്നില്ല. ഈ സംഭവം അറിഞ്ഞതോടെ പെണ്‍കുട്ടിയുടെ വീട്ടില്‍ കഴിഞ്ഞിരുന്ന പ്രതിയെ പെണ്‍കുട്ടിയുടെ മാതാപിതാക്കള്‍ പറഞ്ഞുവിട്ടിരുന്നു. ഈ പകയാകാം കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് പ്രാഥമിക നിഗമനമെന്ന് പോലീസ് പറഞ്ഞു.