ദുബായ്- സാമ്പത്തിക തട്ടിപ്പ് നടത്തിയ കേസിൽ സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ മകൻ ബിനോയ് കോടിയേരി ദുബായ് വിമാനതാവളത്തിൽ കുടുങ്ങി. കേരളത്തിലേക്ക് തിരിക്കാനെത്തിയ ബിനോയ് കോടിയേരിയെ വിമാനതാവളത്തിൽ എമിഗ്രേഷൻ വിഭാഗം തടഞ്ഞു. ജാസ് ടൂറിസത്തിന്റെ പരാതിയിലാണ് നടപടി. ബിനോയിയുടെ പാസ്‌പോർട്ടും എമിഗ്രേഷൻ വിഭാഗം പിടിച്ചെടുത്തു. തൽക്കാലം കേരളത്തിലേക്ക് മടങ്ങാൻ ബിനോയ് കോടിയേരിക്കാകില്ല. മറ്റൊരാളുടെ പാസ്‌പോർട്ട് ജാമ്യം നൽകി വിമാനതാവളത്തിൽനിന്ന് ബിനോയ് പുറത്തിറങ്ങി. ഈ മാസം ഒന്നിനാണ് ബിനോയിക്കെതിരെ ദുബായ് പോലീസ് കേസെടുത്തത്.
പത്തുലക്ഷം ദിർഹം (എകദേശം 1.74 കോടി രൂപ) നൽകുന്നതിൽ വീഴ്ച്ച വരുത്തിയതിനാണ് നിയമനടപടിയെന്ന് ദുബായ് പോലീസ് നൽകിയ നോട്ടീസിൽ സൂചിപ്പിച്ചിട്ടുണ്ട്. പണം അടയ്ക്കുകയോ കേസ് തീർപ്പാക്കുകയോ ചെയ്താൽ യാത്രാ വിലക്ക് നീക്കാനാകും. നേരത്തെ യു.എ.ഇ ക്രിമിനൽ അന്വേഷണ വിഭാഗത്തിൽനിന്ന് ക്ലിയറൻസ് സർട്ടിഫിക്കറ്റ് നേടിയ ശേഷമാണ് ബിനോയ് ദുബായിലേക്ക് പോയത്. അതിന് ശേഷമാണ് ഫെബ്രുവരി ഒന്നിന് ജാസ് ടൂറിസം പരാതി നൽകിയത്.
ബിനോയ് ദുബായിൽ യാത്രാവിലക്ക് നേരിടുന്നുണ്ടെന്ന് അദ്ദേഹത്തിന്റെ സഹോദരൻ ബിജീഷ് കോടിയേരി പറഞ്ഞു. 1.74 കോടി രൂപ മാത്രമാണ് നൽകാനുള്ളതെന്നും പത്തു കോടിയുണ്ട് എന്നത് തെറ്റാണെന്നും ബിജീഷ് കോടിയേരി പറഞ്ഞു. ബിനീഷ് ദുബായിൽ തന്നെ നിന്നോട്ടെയെന്നും ഇവിടെ എത്തിയിട്ട് അത്യാവശ്യമില്ലെന്നുമായിരുന്നു ബിജീഷ് കോടിയേരിയുടെ പ്രതികരണം.
അതിനിടെ, ഇന്ന് തിരുവനന്തപുരത്ത് പത്രസമ്മേളനം നടത്താനിരുന്ന ഇസ്മായിൽ അബ്ദുല്ല അൽ മർസൂഖി റദ്ദാക്കി. കരുനാഗപ്പള്ളി സബ് കോടതിയുടെ പത്രസമ്മേളനം വിലക്കിയിരന്നു.
ബിനോയ് കോടിയേരി പണം വാങ്ങിയതിൽ പാർട്ടിക്ക് പങ്കില്ലെന്നും വ്യവസായം നടത്താൻ അറിയുന്നവർക്ക് കേസ് നടത്താനും കഴിയുമെന്ന് സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ പറഞ്ഞു.