Sorry, you need to enable JavaScript to visit this website.

മോഡിയുടെയും അമിത്ഷായുടെയും ചിത്രങ്ങളടങ്ങിയ പോസ്റ്ററടിച്ചിട്ടും ബി.ജെ.പി നേതാവിന് കിട്ടിയത് ഒരു വോട്ട്

Karthik

ചെന്നൈ: പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെയും അമിത് ഷായുടെയും പേരിൽ പോസ്റ്റർ അടിച്ചിറക്കിയിട്ടും വാർഡ് മെമ്പറാകാൻ മത്സരിച്ച ബി.ജെ.പി പ്രാദേശിക നേതാവിന് കിട്ടിയത് ഒറ്റവോട്ട്. കോയമ്പത്തൂരിലെ പെരിയനായ്ക്കൻ പാളയം യൂണിയനിൽ വാർഡ് മെമ്പറാകാൻ മത്സരിച്ച ഡി.കാർത്തിക്കിനാണ് ഒരു വോട്ട് ലഭിച്ചത്. കാർത്തിക്കിന്റെ വീട്ടിൽ അഞ്ചു വോട്ടുകളുണ്ടായിരുന്നു അത് പോലും കിട്ടിയില്ലെന്നതാണ് അത്ഭുതം. എന്നാൽ താനൊഴികെ വീട്ടിലുള്ളവർക്ക് വോട്ട് ഈ വാർഡിലല്ലെന്നാണ് കാർത്തിക് പറയുന്നത്.

ഒരു വോട്ട് മാത്രമേ ലഭിച്ചുള്ളൂവെങ്കിലും 'സിംഗിൾ വോട്ട് ബിജെപി ' എന്ന ഹാഷ്ടാഗിൽ ട്വിറ്ററിൽ ട്രെൻഡിങ്ങിലാണിപ്പോൾ കാർത്തിക്. കോയമ്പത്തൂർ ജില്ലാ യുവമോർച്ച ഉപാധ്യക്ഷൻ കൂടിയാണ് അദ്ദേഹം. മറ്റുള്ളവർക്ക് വോട്ട് ചെയ്യാൻ തീരുമാനിച്ച അദ്ദേഹത്തിന്റെ വീട്ടിലുള്ള ആ നാലുപേരെ ഓർത്ത് അഭിമാനിക്കുന്നു എന്നാണ് എഴുത്തുകാരിയും ആക്ടിവിസ്റ്റുമായ മീന കന്ദസ്വാമി ട്വീറ്റ് ചെയ്തത്.  പ്രാദേശിക ബിജെപി നേതാക്കളുടെ വോട്ട് പോലും ആർക്കു പോയെന്നാണ് ഇപ്പോൾ പാർട്ടിക്കുള്ളിൽ ചോദ്യമുയരുന്നത്.

Latest News