Sorry, you need to enable JavaScript to visit this website.

സവര്‍ക്കര്‍ മാപ്പിരന്നത് ഗാന്ധിജി പറഞ്ഞതിനാല്‍ -രാജ്‌നാഥ് സിംഗ്

ന്യൂദല്‍ഹി- ഹിന്ദു മഹാസഭ നേതാവ് വീര്‍ സവര്‍ക്കര്‍ ബ്രിട്ടീഷ് ഭരണകൂടത്തോട് മാപ്പ് അപേക്ഷിച്ചത് മഹാത്മാഗാന്ധിയുടെ നിര്‍ദേശം അനുസരിച്ചായിരുന്നു എന്ന് കേന്ദ്ര പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗ്. സ്വാതന്ത്ര്യ സമര ചരിത്രത്തില്‍ ഉള്‍പ്പെടെ ഏറെ ചര്‍ച്ച ചെയ്യപ്പെട്ടിട്ടുള്ള വിവാദ വിഷയമാണ് ജയിലില്‍ കഴിഞ്ഞിരുന്ന സവര്‍ക്കറുടെ മാപ്പപേക്ഷ. സവര്‍ക്കറുടെ മോചനത്തിനായി ഗാന്ധിജിയും അഭ്യര്‍ഥിച്ചിരുന്നു. ജയില്‍ മോചിതനായാല്‍ സവര്‍ക്കര്‍ സമാധാനപരമായി പ്രക്ഷോഭങ്ങള്‍ നടത്തിക്കൊള്ളും എന്നാണ് ഗാന്ധിജി ഉറപ്പു നല്‍കിയിരുന്നതെന്നും രാജ്‌നാഥ് സിംഗ് പറഞ്ഞു. ഇന്ത്യയുടെ മോചനത്തിനായി യത്‌നിക്കുന്നത് പോലെ സവര്‍ക്കറുടെ മോചനത്തിനായും പ്രയത്‌നിക്കുമെന്നു ഗാന്ധിജി പറഞ്ഞിരുന്നതായും രാജ്‌നാഥ് സിംഗ് പറഞ്ഞു. ഭരണഘടനാ ശില്‍പി ഡോ. ബി.ആര്‍. അംബേദ്കറിനും സവര്‍ക്കറുമായി അടുപ്പമുണ്ടായിരുന്നു.
മഹാത്മാഗാന്ധിയും സവര്‍ക്കറും പരസ്പരം ബഹുമാനിച്ചിരുന്നതായി ആര്‍.എസ്.എസ് അധ്യക്ഷന്‍ മോഹന്‍ ഭാഗവതും പറഞ്ഞു. സവര്‍ക്കര്‍ക്ക് മോശം പരിവേഷം കല്‍പിച്ചു നല്‍കിയവരുടെ അടുത്ത ലക്ഷ്യം സ്വാമി വിവേകാനന്ദന്‍, ദയാനന്ദ സരസ്വതി, യോഗി അരവിന്ദ് എന്നിവര്‍ ആയിരുന്നു എന്നും മോഹന്‍ ഭഗവത് കുറ്റപ്പെടുത്തി. രാജ്യത്ത് ഭൂരിപക്ഷ-ന്യൂനപഷ വിഭജനം ഉണ്ടാക്കരുതെന്നും ആര്‍.എസ്.എസ് മേധാവി പറഞ്ഞു.
ദല്‍ഹി അംബേദ്കര്‍ ഇന്റര്‍നാഷണല്‍ സെന്ററില്‍ ഉദയ് മഹുര്‍ക്കര്‍,  ചിരായു പണ്ഡിറ്റ് എന്നിവര്‍ ചേര്‍ന്നെഴുതിയ 'വീരസവര്‍ക്കര്‍: വിഭജനം തടയാമായിരുന്ന മനുഷ്യന്‍' എന്ന പുസ്തകത്തിന്റെ പ്രകാശന ചടങ്ങില്‍ പങ്കെടുത്തു സംസാരിക്കുകയായിരുന്നു രാജ്‌നാഥ് സിംഗും മോഹന്‍ ഭാഗവതും. ഇന്ത്യയുടെ സുരക്ഷയിലും നയതന്ത്രത്തിലും ദീര്‍ഘവീക്ഷണം വെച്ചുപുലര്‍ത്തിയ വ്യക്തിയായിരുന്നു സവര്‍ക്കര്‍ എന്നാണ് പുസ്തകത്തില്‍ വിശേഷിപ്പിക്കുന്നത്.
സവര്‍ക്കര്‍ ഒരിക്കലും ഒരു ഫാസിസ്റ്റോ നാസിയോ ആയിരുന്നില്ല. യാഥാര്‍ഥ്യബോധമുള്ള തികഞ്ഞ ദേശീയ വാദിയായിരുന്നു. ദേശീയ നേതൃനിരയില്‍ നിന്നവരെക്കുറിച്ച് വിഭിന്ന അഭിപ്രായങ്ങള്‍ ഉണ്ടാകാം. എന്നാല്‍ ഒരു പ്രത്യേക കാഴ്ചപ്പാടില്‍ അവരെ ഒതുക്കുന്നത് ശരിയല്ല. സവര്‍ക്കാര്‍ സ്വാതന്ത്ര്യ സമര സേനാനിയായിരുന്നു. അദ്ദേഹത്തെ അവഗണിക്കുകയും അപമാനിക്കുകയും ചെയ്യുന്നത് പൊറുക്കാനാകില്ല. പ്രത്യയശാസ്ത്രങ്ങളുടെ പേരില്‍ സവര്‍ക്കറെ ചോദ്യം ചെയ്യുന്നവര്‍ ഇക്കാര്യങ്ങള്‍ ഓര്‍മിക്കണമെന്നും രാജ്‌നാഥ് സിംഗ് പറഞ്ഞു.
രാഷ്ട്ര നിര്‍മാണത്തില്‍ സവര്‍ക്കറുടെ പങ്ക് അവഗണിക്കാനാകില്ല. സവര്‍ക്കാര്‍ രാജ്യത്തിന്റെ മഹാനായകനായിരുന്നു. ഭാവിയിലും അങ്ങനെയായിരിക്കും. തികഞ്ഞ ദേശഭക്തനായിരുന്ന അദ്ദേഹത്തെ ബ്രിട്ടീഷുകാര്‍ രണ്ടു തവണയാണ് ജയിലിലടച്ചത്. സവര്‍ക്കര്‍ ഒരു വ്യക്തിയല്ല, മറിച്ച് ഒരാശയമാണെന്നാണ് മുന്‍ പ്രധാനമന്ത്രി അടല്‍ബിഹാരി വാജ്‌പേയി പറഞ്ഞത്. സവര്‍ക്കര്‍ ഒരു രാഷ്ട്രീയ നേതാവ് എന്നതിനപ്പുറം ഒരു സാംസ്‌കാരിക നായകനായിരുന്നു എന്നും സവര്‍ക്കറെക്കുറിച്ചു കൂടുതല്‍ ഗവേഷണങ്ങള്‍ നടക്കണമെന്നും രാജ്‌നാഥ് സിംഗ് കൂട്ടിച്ചേര്‍ത്തു.

 

 

Latest News