Sorry, you need to enable JavaScript to visit this website.

പാർട്ടിയോട് ഉടക്കി സംവിധായകൻ അലി അക്ബർ ബി.ജെ.പി സംസ്ഥാന കമ്മിറ്റി അംഗത്വം രാജിവെച്ചു

 

കോഴിക്കോട്:  ബിജെപി സംസ്ഥാന നേതൃത്വത്തോട് ഉടക്കി  സംവിധായകൻ അലി അക്ബർ പാർട്ടിയുടെ സംസ്ഥാന കമ്മിറ്റി ഭാരവാഹിത്വം ഉൾപ്പെടെയുള്ള എല്ലാ പദവികളിൽ നിന്ന് ഒഴിഞ്ഞു.  അലി അക്ബർ ഫെയ്‌സ്ബുക്കിലൂടെയാണ് ഇക്കാര്യം വ്യക്തമാക്കിയത്. ബിജെപി സംസ്ഥാന ഘടക പുനഃസംഘടനയുമായി ബന്ധപ്പെട്ട് അതൃപ്തിയെ തുടർന്നാണ് രാജിയെന്നാണ് സൂചന.  ചില ആനുകാലിക സംഭവങ്ങൾ ഹൃദയത്തെ വേട്ടയാടി. അതൊന്ന് തീർക്കാനായി എല്ലാ ഉത്തരവാദിത്വങ്ങളുമൊഴിഞ്ഞെന്നും പക്ഷങ്ങളില്ലാതെ മുന്നോട്ടുപോവുമെന്നും അലി അക്ബർ ഫേസ്ബുക്കിൽ . കുറിച്ചു.
ബിജെപി പുനഃസംഘടനയുമായി ബന്ധപ്പെട്ട് വലിയ പൊട്ടിത്തെറിയാണ് സംസ്ഥാന നേതൃത്വത്തിനുള്ളിൽ നിലനിൽക്കുന്നത്. കഴിഞ്ഞദിവസം ബിജെപി ഔദ്യോ?ഗിക വാട്ട്‌സ്ആപ്പ് ?ഗ്രൂപ്പിൽ പി കെ കൃഷ്ണദാസ് പക്ഷ നേതാക്കൾ ലെഫ്റ്റ് അടിച്ചിരുന്നു. അതിനിടെ അലി അക്ബറിന്റെ രാജി കൂടി ഏറെ ചർച്ചയായിരിക്കുകയാണ്. സംസ്ഥാന വക്താവ് സ്ഥാനത്തേക്ക് ഇദ്ദേഹത്തെ പരിഗണിക്കുമെന്ന് വാർത്തയുണ്ടായിരുന്നു. എന്നാൽ ഒന്നും നല്കാത്തതിൽ ഏറെ നിരാശനാണ് അക്ബർ,

അലി അക്ബറിന്റെ ഫേസ്ബുക്ക് പോസ്റ്റ് :
ഒരു മുസൽമാൻ ഭാരതീയ ജനതാപാർട്ടിയിൽ നിലകൊള്ളുമ്പോൾ അനുഭവിക്കേണ്ടി വരുന്ന തെറിവിളികൾ, സ്വകുടുംബത്തിൽ നിന്നും സമുദായത്തിൽ നിന്നും നേരിടേണ്ടി വരുന്ന അവഹേളനം ഇതൊക്കെ സമാന്യ ജനങ്ങൾക്ക് മനസ്സിലായി എന്ന് വരില്ല, പക്ഷെ രാഷ്ട്രീയ നേതൃത്വത്തിനു മനസ്സിലാവണം, അധികാരവും ആളനക്കവുമുള്ളപ്പോൾ ഉള്ളപ്പോൾ ഓടിക്കൂടിയ എന്നെപ്പോലുള്ളവരെക്കുറിച്ചല്ല ഞാൻ പറയുന്നത്, വർഷങ്ങൾക്കു മുൻപേ സംഘിപ്പട്ടം കിട്ടിയ മുസ്ലീങ്ങളെക്കുറിച്ചാണ്, അവരൊക്കെ കഴിഞ്ഞ പൗരത്വ വിഷയ സമയത്തൊക്കെ കേരളത്തിൽ ഓടി നടന്നു പ്രവർത്തിക്കുന്നതും കണ്ടു, ഒരുപാട് പേരെ എനിക്കറിയാം..

മുൻപ് പറഞ്ഞ സാമൂഹിക വേട്ടയാടലിനെ കൂസാക്കാതെ ധർമ്മത്തെ അറിഞ്ഞു പുൽകിയവർ... രാഷ്ട്രം എന്ന വികാരത്തോടെ ചലിച്ചവർ... അത്തരത്തിൽ ചിലരെ വേട്ടയാടുന്നത് കണ്ടു... വേദനയുണ്ട്. ഒരുവനു നൊന്താൽ അത് പറയണം, പ്രതിഫലിപ്പിക്കണം അത് സമാന്യ യുക്തിയാണ്, പൂട്ടിട്ട് പൂട്ടിവയ്ക്കാൻ യന്ത്രമല്ല... അതിനെ അത്തരത്തിൽ കാണാതെ അംശവടികൊണ്ട് തടവലല്ല പരിഹാരം, കാണുന്ന കാഴ്ചയും, കേൾക്കുന്ന കേഴ്‌വിയും ഒരു മനുഷ്യനിൽ ചലനം സൃഷ്ടിക്കും അതുകൊണ്ടാണല്ലോ ആർജ്ജുനൻ അധർമ്മികളായ ബന്ധു ജനങ്ങൾക്കിടയിൽ വില്ലുപേക്ഷിക്കാൻ തയ്യാറായപ്പോൾ ഭാഗവാന് ഉപദേശം നൽകേണ്ടിവന്നത്.. കൃഷ്ണൻ അർജ്ജുനനെ മാറ്റിനിറുത്തി മറ്റൊരാളെ യുദ്ധത്തിന് പ്രേരിപ്പിക്കയല്ല ചെയ്തത്..

മഹാഭാരത കഥ ഓർമ്മിപ്പിച്ചു എന്നേയുള്ളു...കൃഷ്ണ പക്ഷം നിന്നു വേണം പ്രതിസന്ധികളെ നേരിടാൻ, ഒച്ചയില്ലാത്തവന്റെ ആയുധമാണ് അക്ഷരങ്ങൾ.. അത് കുറിക്കാൻ വിരൽ ആവശ്യപ്പെടും.. ആര് പൊട്ടിച്ചെറിഞ്ഞാലും ധർമ്മവാദികളെ ഒന്നും ബാധിക്കയില്ല അത് ധർമ്മത്തോടൊപ്പം ഒറ്റയ്ക്കാണെങ്കിലും സഞ്ചരിക്കും, ചില ആനുകാലിക സംഭവങ്ങൾ ഹൃദയത്തെ വേട്ടയാടി അത് ഒന്ന് തീർക്കുന്നു. എല്ലാ ഉത്തരവാദിത്വങ്ങളുമൊഴിഞ്ഞു, പക്ഷങ്ങളില്ലാതെ മുൻപോട്ടു പോവാൻ തീരുമാനിച്ചു... എന്ത് കർത്തവ്യമാണോ ഭഗവാൻ എന്നിലർപ്പിച്ചത് അത് യജ്ഞ ഭാവത്തോടെ ചെയ്യാൻ ഭഗവാൻ സഹായിക്കട്ടെ. എന്നാണ് പോസ്റ്റ് അവസാനിക്കുന്നത്.

കഴിഞ്ഞ ദിവസം 1921 മലബാർ പോരാട്ട നായകൻ വാരിയൻ കുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയെ വില്ലനാക്കി ചെയ്യുന്ന ചിത്രത്തിന് വീണ്ടും സാമ്പത്തിക സഹായം ചോദിച്ച് അലി അക്ബർ എഫ് ബിയിൽ വന്നിരുന്നു. മമധർമ പ്രൊഡക്ഷൻസ് നിർമിക്കുന്ന '1921 പുഴ മുതൽ പുഴ വരെ' എന്ന ചിത്രത്തിനാണ് സംവിധായകൻ വീണ്ടും സംഘ് പരിവാർ അനുകൂലികളോട് സാമ്പത്തിക സഹായം അഭ്യർഥിച്ചത്. 

ഇനിയും മുന്നോട്ടു പോവാനുണ്ടെന്നും സഹായം അഭ്യർഥിക്കുന്നതായും കൂടെ നിൽക്കണമെന്നുമാണ് അലി അക്ബർ പറയുന്നത്. ഫേസ്ബൂക്കിലൂടെയാണ് അലി അക്ബറിന്റെ പണം ചോദിക്കൽ.
'തിരക്കിലാണ്. തീർക്കണ്ടേ നമ്മുടെ സിനിമ. ആർക്കും മറുപടി അയക്കാൻ കഴിയുന്നില്ല, ക്ഷമിക്കണം. അതിരാവിലെ ജോലി തുടങ്ങും അർധ രാത്രിവരെ തുടരും. ഇനിയും അല്പം മുമ്പോട്ട് പോവാനുണ്ട്, അതിനുള്ള സഹായം വേണം.സഹായം അഭ്യർഥിക്കുന്നതിൽ വൈഷ്യമുണ്ട്. കൂടെ നിൽക്കണം. നന്മയുണ്ടാവട്ടെ' എന്നായിരുന്നു അലി അക്ബറിന്റെ പോസ്റ്റ്.
ചിത്രത്തിന്റെ ആവശ്യത്തിനായി ഇതിന് മുമ്പും നിരവധി തവണ അലി അക്ബർ സംഘ്പരിവാറുകാരിൽ നിന്നും അനുഭാവികളിൽ നിന്നും സാമ്പത്തിക സഹായം ആവശ്യപ്പെട്ടിരുന്നു. ആദ്യഘട്ടത്തിൽ ഒരു കോടി മതിയെന്നായിരുന്നു  പറഞ്ഞിരുന്നത്. മലയാള സിനിമയിലെ പ്രമുഖരാണ് ചിത്രത്തിൽ അഭിനയിക്കുന്നതെന്നും അവർക്കുള്ള അഡ്വാൻസ് കൊടുക്കുവാനുമായിരുന്നുവത്രേ തുക.

 വാരിയംകുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയുടെ ജീവിതം പറയുന്ന 'വാരിയംകുന്നൻ' എന്ന സിനിമ സംവിധായകൻ ആഷിഖ് അബു പ്രഖ്യാപിച്ചതിന് തൊട്ടുപിന്നാലെയാണ് സംവിധായകൻ അലി അക്ബർ വാരിയംകുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയെ വില്ലനാക്കി '1921 പുഴ മുതൽ പുഴ വരെ എന്ന ഇതിനു നേരെ വിപരീതമായ ചിത്രം നിർമിക്കുമെന്നു പ്രഖ്യാപിച്ചതും അതിന് ദേശസ്‌നേഹികളുടെ സഹായമാവാശ്യപ്പെട്ട് രംഗത്തെത്തിയതും.

Latest News