ന്യൂദല്‍ഹി- ലോകാരോഗ്യ സംഘടനയുടെ അനുമതി ഇനിയും ലഭിച്ചിട്ടില്ലാത്ത കോവിഡ് വാക്‌സിനായ കോവാക്‌സിന്‍ രണ്ടു മുതല്‍ 18 വരെ വയസ്സുള്ളവരില്‍ അടിയന്തിര ഉപയോഗത്തിന് കേന്ദ്ര സര്‍ക്കാരിന്റെ വിദഗ്ധ സമിതി അനുമതി നല്‍കി. ഇനി ഡ്രഗ് കണ്‍ട്രോളര്‍ ജനറലിന്റെ അന്തിമ അനുമതി കൂടി ലഭിക്കേണ്ടതുണ്ട്. ഇതിനു ശേഷം കുട്ടികള്‍ക്കും വാക്‌സിന്‍ ലഭിച്ചു തുടങ്ങും. ഹൈദരാബാദ് ആസ്ഥാനമായ മരുന്ന് കമ്പനിയായ ഭാരത് ബയോടെക് ആണ് കോവാക്‌സിന്‍ വികസിപ്പിച്ചത്. 18നു മുകളില്‍ പ്രായമുള്ളവര്‍ക്ക് ഇപ്പോള്‍ നല്‍കി വരുന്ന കോവാക്‌സിന് ഇപ്പോഴും ലോകാരോഗ്യ സംഘടനയുടെ അനുമതി ലഭിച്ചിട്ടില്ല. നടപടികള്‍ പൂര്‍ത്തിയാകുന്നതോടെ അടുത്ത മാസത്തോടെ ഇതു ലഭിക്കുമെന്നാണ് പ്രതീക്ഷ.
മുതിര്‍ന്നവര്‍ക്ക് നല്‍കുന്ന കോവാക്‌സിന്‍ തന്നെയാണ് കുട്ടികള്‍ക്കും നല്‍കുന്നത്. എന്നാല്‍ കുട്ടികളില്‍ ഇതുപയോഗിക്കുന്നതിന് പ്രത്യേക പരീക്ഷണം നടത്തേണ്ടതുണ്ടായിരുന്നു. രാജ്യത്തൊട്ടാകെ 1000 കുട്ടികളിലാണ് ഇതു പരീക്ഷിച്ചത്. ഇതിന്റെ ഫലം കമ്പനി പുറത്തു വിട്ടിട്ടില്ല. എല്ലാ രേഖകളും വിദഗ്ധ സമിതിക്കു സമര്‍പ്പിച്ചിട്ടുണ്ടെന്ന് നേരത്തെ കമ്പനി വ്യക്തമാക്കിയിരുന്നു.
12 വയസ്സിനു മുകളില്‍ പ്രായമുള്ള കുട്ടികള്‍ക്ക് സൈസഡ് കാഡിലയുടെ മൂന്ന് ഡോസ് വാക്‌സിന് നല്‍കാന്‍ നേരത്തെ കേന്ദ്ര സര്‍ക്കാര്‍ അനുമതി നല്‍കിയിരുന്നു. കുട്ടികള്‍ക്കുള്ള മൂന്നാമത്തെ വാക്‌സിന്‍ സിറം ഇന്‍സ്റ്റിറ്റ്യൂട്ട് നിര്‍മിക്കുന്ന നോവൊവാക്‌സ് ആണ്. ഏഴിനും 11നും ഇടയില്‍ പ്രായമുള്ള കുട്ടികളില്‍ ഈ വാക്‌സിന്‍ പരീക്ഷണം നടത്താന്‍ കഴിഞ്ഞ മാസം ഡ്രഗ് കണ്‍ട്രോള്‍ ജനറല്‍ ഓഫ് ഇന്ത്യ അനുമതി നല്‍കിയിരുന്നു. ബയോളജിക്കല്‍ ഇ എന്ന കമ്പനി വികസിപ്പിച്ച കോര്‍ബെവാക്‌സ് ആണ് കുട്ടികള്‍ക്കായി വികസിപ്പിച്ച നാലാമത്തെ വാക്‌സിന്‍. അഞ്ചു വയസ്സിനു മുകളില്‍ പ്രായമുള്ള കുട്ടികള്‍ ഇത് പരീക്ഷണം നടത്തിവരികയാണ്.