തിരുവനന്തപുരം- കേന്ദ്രം വൈദ്യുതി നൽകാമെന്ന് അറിയിച്ചിട്ടുള്ളതിനാൽ സംസ്ഥാനത്ത് തൽക്കാലം പവർകട്ട് ഉണ്ടാകില്ല. നിലവിൽ 300, 400 മെഗാവാട്ടിന്റെ കുറവാണുള്ളത്. കൽക്കരിക്ഷാമം കാരണം സ്വകാര്യ കമ്പനികൾ ഉൽപാദനം കുറച്ചതാണ് കെ.എസ്.ഇ.ബിയെ പ്രതിരോധത്തിലാക്കിയത്. സ്ഥിതി രൂക്ഷമായാൽ 19 ന്‌ശേഷം വൈദ്യുതി നിയന്ത്രണത്തിൽ തീരുമാനം എടുക്കുമെന്ന് വൈദ്യുതിമന്ത്രി കെ. കൃഷ്ണൻകുട്ടി പറഞ്ഞു. നിലവിലെ സാഹചര്യം ചർച്ച ചെയ്യാൻ മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ യോഗം ചേർന്നു.
സാധാരണ ദിവസങ്ങളിൽ 30 ലക്ഷം രൂപ കൊടുത്തു വാങ്ങുന്ന വൈദ്യുതി ഇപ്പോൾ വാങ്ങുന്നത് 1.8 കോടി രൂപയ്ക്ക്. യൂനിറ്റിന് ഏഴ് രൂപവരെയായിരുന്നു പവർ എക്‌സ്‌ചേഞ്ചിൽനിന്ന് വാങ്ങുന്ന വൈദ്യുതിയുടെ വില. ഇപ്പോൾ 20 രൂപ. തൽക്കാലം വൈദ്യുതി നിയന്ത്രണത്തിലേക്ക് പോകേണ്ട സാഹചര്യം ഇപ്പോഴില്ലെന്നാണ് സംസ്ഥാന ലോഡ് ഡെസ്പാച്ച് സെന്ററിന്റെ കണക്കുകൂട്ടൽ. വൈദ്യുതി നിയന്ത്രണത്തിലേക്കു പോകാതിരിക്കാൻ വിവിധ മാർഗങ്ങളിലൂടെ വൈദ്യുതി വാങ്ങാനും ബോർഡ് ശ്രമം നടത്തുന്നുണ്ട്. സംസ്ഥാനത്തിനു പുറത്തുള്ള 27 താപനിലയങ്ങളിൽനിന്നാണ് വൈദ്യുതി എത്തുന്നത്. നാലോളം നിലയങ്ങളിൽനിന്നുള്ള വൈദ്യുതി കിട്ടുന്നില്ല. കേന്ദ്രവിഹിതം കുറഞ്ഞതോടെ സംസ്ഥാനത്തെ ഉൽപാദനം വർദ്ധിപ്പിച്ചു. ഇടുക്കിയിലെ ആറ് ജനറേറ്ററുകളിൽ ഒരെണ്ണം വാർഷിക അറ്റകുറ്റപ്പണിയിലാണ്. മറ്റുള്ള ജനറേറ്ററുകളിൽനിന്ന് പരമാവധി വൈദ്യുതി ഉൽപാദിപ്പിക്കുന്നുണ്ടെന്നും മന്ത്രി പറഞ്ഞു.