Sorry, you need to enable JavaScript to visit this website.

സഖ്യസേനാ ആക്രമണങ്ങളിൽ ഹൂത്തികൾക്കിടയിൽ വൻ ആൾനാശം

സഖ്യസേനാ വക്താവ് ബ്രിഗേഡിയർ തുർക്കി അൽമാലികി

റിയാദ് - യെമനിൽ നാലു ദിവസത്തിനിടെ സഖ്യസേന നടത്തിയ വ്യോമാക്രമണങ്ങളിൽ 400 ലേറെ ഹൂത്തി ഭീകരർ കൊല്ലപ്പെട്ടതായി സഖ്യസേനാ വക്താവ് ബ്രിഗേഡിയർ തുർക്കി അൽമാലികി അറിയിച്ചു. മാരിബിലെ അൽഅബ്ദിയ പിടിച്ചടക്കാൻ ശ്രമിച്ച് മുന്നേറിയ ഹൂത്തി മിലീഷ്യകളെ ലക്ഷ്യമിട്ട് നാലു ദിവസത്തിനിടെ 118 വ്യോമാക്രമണങ്ങളാണ് സഖ്യസേന നടത്തിയത്. ഹൂത്തി ആക്രമണങ്ങളിൽ നിന്ന് അൽഅബ്ദിയയിൽ യെമനി പൗരന്മാർക്ക് സംരക്ഷണം നൽകാൻ ലക്ഷ്യമിട്ട് സഖ്യസേന നടത്തിയ ആക്രമണങ്ങളിൽ ഹൂത്തികളുടെ 15 യുദ്ധോപകരണങ്ങളും തകർന്നു. പതിനെട്ടു ദിവസം സഖ്യസേന നടത്തിയ ആക്രമണങ്ങളിലൂടെ അൽഅബ്ദിയ കീഴടക്കാനുള്ള ഹൂത്തികളുടെ പദ്ധതി പരാജയപ്പെട്ടതായും സഖ്യസേനാ വക്താവ് പറഞ്ഞു. അൽഅബ്ദിയയിൽ ഉപരോധത്തിൽ കഴിയുന്ന സാധാരണക്കാരുടെ ദുരിതം ലഘൂകരിക്കാൻ യു.എൻ ഏജൻസികളും സർക്കാറേതര ഏജൻസികളും ഉത്തരവാദിത്തം വഹിക്കണമെന്ന് സഖ്യസേനാ വക്താവ് ആവശ്യപ്പെട്ടു.
മാരിബിലെ അൽഅബ്ദിയക്കു നേരെ ഹൂത്തികൾ ആഴ്ചകളായി രൂക്ഷമായ ആക്രമണമാണ് നടത്തുന്നത്. ഹൂത്തികളുടെ ഉപരോധം അവസാനിപ്പിക്കാൻ അന്താരാഷ്ട്ര സമൂഹം ഇടപെടണമെന്ന് യെമനി ആക്ടിവിസ്റ്റുകളും മനുഷ്യാവകാശ പ്രവർത്തകരും ആവശ്യപ്പെട്ടു. മൂന്നാഴ്ചയായി ഹൂത്തികൾ തുടരുന്ന മിസൈൽ, പീരങ്കി ആക്രമണങ്ങൾ മൂലം അൽഅബ്ദിയയിൽ ഭക്ഷണത്തിനും മരുന്നുകൾക്കും രൂക്ഷമായ ക്ഷാമമാണ് അനുഭവപ്പെടുന്നത്. ഉപരോധത്തിൽ കഴിയുന്ന അൽഅബ്ദിയയിലെ പതിനെട്ടു സ്‌കൂളുകളിൽ അധ്യയനം നിലച്ചതായി യെമൻ ടീച്ചേഴ്‌സ് സിണ്ടിക്കേറ്റ് കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു. എണ്ണായിരത്തിലേറെ വിദ്യാർഥികളുടെ പഠനം മുടങ്ങിയിരിക്കുന്നു. ഉപരോധത്തിൽ കഴിയുന്ന അധ്യാപകരുടെ നൂറിലേറെ കുടുംബങ്ങളെ രക്ഷിക്കണമെന്നും സിണ്ടിക്കേറ്റ് ആവശ്യപ്പെട്ടു.
 

Latest News