നിലമ്പൂർ : ചിലർ ഇങ്ങനെയാണ്. നമ്മളെ വിസ്മയിപ്പിച്ച് കളയും . സ്വർണ്ണത്തേക്കാൾ തിളക്കമുള്ള സത്യസന്ധതിയിലൂടെ വിസ്മയിപ്പിച്ചിരിക്കുകയാണ് ഓട്ടോ ഡ്രൈവറായ നിലമ്പൂർ രാമംകുത്ത് പാറേങ്ങൽ ഹനീഫ. കളഞ്ഞുകിട്ടിയ സ്വർണാഭരണം നാലു വർഷമാണ് ഉടമയ്ക്ക് നൽകാനായി ഹനീഫ സൂക്ഷിച്ചുവെച്ചത്. നാലു വർഷം മുമ്പ് തന്റെ ഓട്ടോറിക്ഷയിൽനിന്ന് രണ്ട് സ്വർണപാദസരങ്ങൾ ലഭിച്ചത്. ഓട്ടോറിക്ഷ കഴുകുന്നതിനിടെ പിറകിലെ സീറ്റിനടിയിൽ ചെളി മൂടിയ നിലയിലായിരുന്നു പാദസരങ്ങൾ. ഒന്നരപവൻ തൂക്കംവരുന്നതാണിത്.
അന്ന് ഉടമയെ അന്വേഷിച്ചെങ്കിലും കണ്ടെത്താനായിരുന്നില്ല. കഴിഞ്ഞ ദിവസം തന്റെ ഓട്ടോയിൽ കയറിയ നിലമ്പൂർ റെയിൽവേ സ്റ്റേഷനു സമീപം വീട്ടിച്ചാലിൽ താമസിക്കുന്ന യുവതി യാത്രക്കിടെ നാലു വർഷം മുമ്പ് നഷ്ടപ്പെട്ട സ്വർണാഭരണത്തെക്കുറിച്ച് ആകസ്മികമായി ഹനീഫയോട് സംസാരിച്ചപ്പോഴാണ് സംഭവത്തിൽ വഴിത്തിരിവായത്.
കളഞ്ഞുപോയത് ഇവരുടെ ആഭരണം തന്നെയാകുമെന്ന സംശയം തോന്നിയതോടെ ഹനീഫ യുവതിയോട് വിശദമായി കാര്യങ്ങൾ തിരക്കുകയും സ്വർണ്ണാഭരണം ഇവരുടേത് തന്നെയാണെന്ന് ഉറപ്പിക്കുകയുമായിരുന്നു. പിന്നീട് ആഭരണം ഇവർക്ക് തിരിച്ചുനൽകി സമൂഹത്തിന് മാതൃകയാകുകയും ചെയ്തു
നാടിനു അഭിമാനമായി മാറിയ ഓട്ടോ ഡ്രൈവർ ഹനീഫയെ ലൈറ്റ് മോട്ടോർ തൊഴിലാളി ഫെഡറേഷൻ സംസ്ഥാന ജനറൽ സെക്രട്ടറി സുനിൽകുമാർ ഹനീഫയുടെ വീട്ടിലെത്തി ആദരിച്ചു. ജില്ലാ സെക്രട്ടറി കെ.എസ്. അനിൽ, ഏരിയാ പ്രസിഡന്റ് കക്കാടൻ റഹിം, ജില്ലാ കമ്മിറ്റി അംഗങ്ങളായ ഫൈസൽ, മുരളീധരൻ എന്നിവർ പങ്കെടുത്തു.
.