ചണ്ഡിഗഡ്- ഹരിയാനയിലെ കര്‍ണാല്‍ ജില്ലയില്‍ വിവാഹ സല്‍ക്കാരത്തിനിടെ യുവാവ് അഞ്ച് പേര്‍ക്കിടയിലേക്ക് കാര്‍ ഓടിച്ചുകയറ്റിയതിനെ തുടര്‍ന്ന് ഒരു സ്ത്രീ ഉള്‍പ്പെടെ രണ്ടു പേര്‍ മരിച്ചു. കര്‍ണാലിലെ നിലോഖേരി മേഖലയില്‍ ഞായറാഴ്ച രാവിലെയാണ് സംഭവം. നിലോഖേരി സ്വദേശി അജയ് എന്നയാളാണ് കാര്‍ ഓടിച്ചുകയറ്റിയത്. സ്ത്രീ സംഭവസ്ഥലത്തും മറ്റേയാള്‍ ആശുപത്രിയില്‍വച്ചുമാണ് മരിച്ചത്.
ഇരുവരും രാവിലെ വീടിന് പുറത്ത് നില്‍ക്കുമ്പോഴാണ് സംഭവം. അജയ് വേഗത്തില്‍ വാഹനം ഓടിക്കാറുണ്ട്. വിവാഹ സല്‍ക്കാരത്തില്‍ പങ്കെടുക്കുന്ന അതിഥികളും കുട്ടികളും ഉണ്ടായിരുന്നതിനാല്‍ വേഗത കുറച്ച് ഓടിക്കണമെന്ന് ബന്ധുക്കള്‍ അജയ്‌യോട് പറഞ്ഞിരുന്നു. എന്നാല്‍ ഇതില്‍ ക്ഷുഭിതനായ അജയ്, കാര്‍ റിവേഴ്‌സ് എടുത്ത് അവിടെ ഉണ്ടായിരുന്ന അഞ്ച് പേര്‍ക്കിടയിലേക്ക് ഓടിച്ചുകയറ്റുകയായിരുന്നു.
'അജയ്‌യോട് ശ്രദ്ധിച്ച് വാഹനമോടിക്കാന്‍ പറഞ്ഞു. എന്നാല്‍ അവിടെ ഉണ്ടായിരുന്ന അജയ്യുടെ അച്ഛന്‍, അജയ്ക്ക് ഇഷ്ടമുള്ള രീതിയില്‍ വാഹനമോടിക്കുമെന്ന് പറഞ്ഞു. ഇതിനു പിന്നാലെ അഞ്ചുപേര്‍ക്കിടയിലേക്ക് അജയ് കാര്‍ ഒടിച്ചുകയറ്റി.' മരിച്ച സ്ത്രീയുടെ ബന്ധു വിജയ് കുമാര്‍ പറഞ്ഞു. അജയ്ക്കും പിതാവിനുമെതിരെ കൊലക്കുറ്റത്തിന് കേസെടുത്തതായും അജയ്‌യെ പിടികൂടാന്‍ അന്വേഷണ സംഘത്തെ രൂപീകരിച്ചതായും പോലീസ് അറിയിച്ചു.