ന്യൂദൽഹി: പറഞ്ഞാൽ ആരെങ്കിലും വിശ്വസിക്കുമോ, യാത്രക്കാരുടെ തുപ്പൽ കഴുകിക്കളയാൻ ഇന്ത്യൻ റെയിൽവേ ഒരു വർഷം ചെലവാക്കുന്നത് 1200 കോടി രൂപയാണ്. ട്രെയിനുകളിലും പ്ലാറ്റ്‌ഫോമുകളിലുമെല്ലാം പാൻമസാലയും വെറ്റിലയും മുറുക്കി തുപ്പുന്നത് കഴുകിക്കളയാനാണ് ഇത്രയും രൂപ ചെലവഴിക്കുന്നത്. ഇതിന്റെ കറ ദിവസങ്ങളോളം നിൽക്കുമെന്നതിനാൽ വെള്ളവും കറ ഇളക്കുന്ന ലായനിയുമെല്ലാം ഉപയോഗിച്ച് വളരെ ശ്രമകരമായിത്തന്നെ കഴുകിക്കളയണം.
ഈ പ്രശ്‌നം പരിഹരിക്കാൻ യാത്രക്കാർക്ക് ചെറിയ തുപ്പൽ പാത്രങ്ങൾ നൽകാൻ റെയിൽവേ പദ്ധതിയിട്ടിരിക്കുകയാണ്. അഞ്ചു മുതൽ പത്ത് രൂപയാണ് മണ്ണിൽ പെട്ടെന്ന് അലിയുന്ന തുപ്പൽ പാത്രത്തിന്റെ വില. സ്റ്റേഷനുകളിലെ വെന്റിങ് മെഷീനിലും കിയോസ്‌കുകളിലുമാണ് ഇത് ലഭിക്കുക. ഇതുമായി ബന്ധപ്പെട്ട് ഈസിസ്പിറ്റ് എന്ന സ്റ്റാർട്ടപ്പുമായി റെയിൽവേ കരാറിലെത്തിയിട്ടുണ്ട്. എന്നാൽ എത്ര യാത്രക്കാർ പണം കൊടുത്ത് തുപ്പൽ പാത്രം വാങ്ങി ഉപയോഗിക്കുമെന്നതാണ് പ്രശ്‌നം.