Sorry, you need to enable JavaScript to visit this website.

ലോകം വ്യാപാരം എളുപ്പമാക്കുന്നു; കര്‍ണാടക കൊലകളും- മോഡി

ബംഗളൂരു- വ്യാപാരം എങ്ങനെ എളുപ്പമാക്കാമെന്നാണ് ലോകം ചര്‍ച്ച ചെയ്യുന്നതെങ്കില്‍ കര്‍ണാടകയില്‍ കൊലപാതകം എങ്ങനെ എളുപ്പമാക്കാമെന്ന കാര്യമാണ് ചര്‍ച്ച ചെയ്യുന്നതെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോഡി ആരോപിച്ചു. ബംഗളൂരുവില്‍ ബി.ജെ.പി റാലിയെ അഭിസംബോധന ചെയ്യുകയായിരുന്നു പ്രധാനമന്ത്രി.
കര്‍ണാടക നിര്‍ണായക നിയമസഭാ തെരഞ്ഞെടുപ്പ് നേരിടാനിരിക്കെയാണ് പ്രധാനമന്ത്രിയടക്കമുള്ള നേതാക്കള്‍ സംസ്ഥാനത്തെത്തി സംസ്ഥാന സര്‍ക്കാരിനെതിരായ പ്രചാരണം ശക്തമാക്കിയത്. ബി.ജെ.പി പ്രവര്‍ത്തകന്‍ സന്തോഷിനെ സ്‌ക്രൂഡ്രൈവര്‍ കൊണ്ട് കുത്തിക്കൊലപ്പെടുത്തിയ സംഭവം പരാമര്‍ശിച്ചുകൊണ്ടാണ് കര്‍ണാടകയില്‍ കൊല എളുപ്പമാക്കുകയാണെന്ന മോഡിയുടെ പരാമര്‍ശം.
കോണ്‍ഗ്രസിന്റെ സംസ്‌കാരം കര്‍ണാടകക്ക് ആവശ്യമില്ലെന്നും കോണ്‍ഗ്രസ് സംസ്ഥാനത്തിന്റെ തകര്‍ച്ചക്കാണ് കാരണമാകുന്നതെന്നും മോഡി കുറ്റപ്പെടുത്തി. പല പദ്ധതികള്‍ക്കും വേണ്ടി കോണ്‍ഗ്രസ് നേതാക്കള്‍ കമ്മീഷന്‍ വാങ്ങുകയാണെന്ന റിപ്പോര്‍ട്ടുകള്‍ മോഡി ഉദ്ധരിച്ചു. കൊലപാതകങ്ങള്‍ കര്‍ണാടകയില്‍ വര്‍ധിച്ചിരിക്കയാണെന്നും ഇത് ജനാധപത്യത്തിന് നാണക്കേടും അപകടവുമാണെന്നും പ്രധാനമന്ത്രി പറഞ്ഞു. ഗുരുതരമായ അഴിമതി ആരോപണങ്ങളാണ് സംസ്ഥാന സര്‍ക്കാരിനെതിരെ ഉയരുന്നത്. പത്ത് ശതമാനം കമ്മീഷനില്ലാതെ 10 ശതമാനം ജോലി മുന്നോട്ട് കൊണ്ടുപാകാന്‍ കര്‍ണാടക സര്‍ക്കാരിന് സാധിക്കുന്നില്ലെന്ന് പ്രധാനമന്ത്രി കുറ്റപ്പെടുത്തി.
സംസ്ഥാനത്തെ ബി.ജെ.പി നേതാവ് ബി.എസ്. യെദിയൂരപ്പ കര്‍ഷകരുടെ താല്‍പര്യങ്ങള്‍ ഹൃദയത്തില്‍ സൂക്ഷിക്കുന്നയാളാണെന്നും അദ്ദേഹത്തിനു കീഴില്‍ കര്‍ഷകര്‍ക്കായുള്ള പദ്ധതികള്‍ ഫലപ്രദമായി നടപ്പിലാകുമെന്നും ഉറപ്പു നല്‍കുകയാണെന്ന് മോഡി പറഞ്ഞു. യെദിയൂരപ്പ ഒരു കര്‍ഷകന്റെ മകനാണെന്ന കാര്യവും പ്രധാനമന്ത്രി എടുത്തു പറഞ്ഞു. അപ്രഖ്യാപിത ഖാരിഫ് വിളകളുടെ ഉല്‍പാദന ചെലവിന്റെ ഒന്നര ഇരട്ടി കുറഞ്ഞു താങ്ങുവിലയായി കഴിഞ്ഞ ദിവസം ധനമന്ത്രി അരുണ്‍ ജയ്റ്റ്‌ലി അവതരിപ്പിച്ച കേന്ദ്ര ബജറ്റില്‍ പ്രഖ്യാപിച്ച കാര്യം പ്രധാനമന്ത്രി എടുത്തു പറഞ്ഞു. കര്‍ഷകര്‍ക്ക് നല്‍കുന്ന വില സംബന്ധിച്ച് നിര്‍ണായക തീരുമാനമാണ് ബജറ്റില്‍ കൈക്കൊണ്ടിരിക്കുന്നത്. കര്‍ഷകര്‍ ഉല്‍പാദിപ്പിക്കുന്ന പച്ചക്കറികള്‍ക്കും ഫലങ്ങള്‍ക്കുമാണ് തന്റെ സര്‍ക്കാര്‍ ടോപ്പ് മുന്‍ഗണന നല്‍കുന്നതെന്ന് ടൊമാറ്റോ-ഒനിയന്‍-പൊട്ടറ്റോ എന്നിവയുടെ ആദ്യാക്ഷരം ചേര്‍ത്തുകൊണ്ട് മോഡി പറഞ്ഞു. ബജറ്റ് പ്രസംഗത്തില്‍ പറഞ്ഞ ഗ്രീന്‍സ് പദ്ധതി രാജ്യത്ത് ക്ഷീരോല്‍പാദന മേഖലയില്‍ അമൂല്‍ മാതൃകയിലുള്ള വിജയം സമ്മാനിക്കുമെന്ന് പ്രധാനമന്ത്രി അവകാശപ്പെട്ടു.
 

 

Latest News