ശ്രീനഗര്‍- ഐ.എസ് അയച്ച ചാവേറെന്ന് സംശയിച്ച് ജമ്മു കശ്മീര്‍ പോലീസ് അറസ്റ്റ് ചെയ്തിരുന്ന പൂനെ പെണ്‍കുട്ടിയെ ഒടുവില്‍ കേസൊന്നുമില്ലാതെ കുടുംബത്തോടൊപ്പം വിട്ടു. 18 വയസ്സായ സാദിയ അന്‍വര്‍ ശൈഖിനെ കുടുംബത്തിന് കൈമാറിയതായി സംസ്ഥാന ഡി.ജി.പി എസ്.പി. വൈദ് വാര്‍ത്താ ഏജന്‍സിയോട് പറഞ്ഞു. പൂനെയില്‍നിന്നെത്തിയ സാദിയ ബിജ്‌ബെഹാരയില്‍ പേയിംഗ് ഗസ്റ്റായി താമസിച്ചുവരുമ്പോഴാണ് അറസ്റ്റിലായത്.
ഐ.എസില്‍ ചേരാനൊരുങ്ങിയെന്ന് ആരോപിച്ച് ജനുവരി 25 നാണ് പോലീസ് പെണ്‍കുട്ടിയെ അറസ്റ്റ് ചെയ്തിരുന്നത്. താഴ്‌വരയിലെ റിപ്പബ്ലിക് ദിനാഘോഷ വേദിയിലോ പുറത്തോ പൂനെ പെണ്‍കുട്ടി ചാവേര്‍ ആക്രമണം നടത്താനിടയുണ്ടെന്ന ഇന്റലിജന്‍സ് റിപ്പോര്‍ട്ടുകളെ തുടര്‍ന്നായിരുന്നു പോലീസ് നടപടി. എന്നാല്‍ വിവിധ ഏജന്‍സികള്‍ തുടര്‍ച്ചയായി ചോദ്യം ചെയ്തിട്ടും ഒന്നും കണ്ടെത്താന്‍ കഴിഞ്ഞില്ല. എന്നാല്‍ സ്‌കൂള്‍ പഠനം ഉപേക്ഷിച്ച പെണ്‍കുട്ടി കശ്മീരില്‍ സൈനിക അതിക്രമങ്ങളില്‍ ജനങ്ങള്‍ അനുഭവിക്കുന്ന ദുരിതങ്ങളെ കുറിച്ച് ഓണ്‍ലൈനില്‍ നടക്കുന്ന പ്രചാരണങ്ങളില്‍ വീണിരുന്നുവെന്നും സമൂഹ മാധ്യമങ്ങളിലെ തെറ്റായ പ്രചാരണങ്ങള്‍ക്ക് ഇരായണെന്നും പോലീസ് പറഞ്ഞു.
പൂനെയിലെ ഭീകര വിരുദ്ധ സേന പലതവണ കസ്റ്റിഡിയിലെടുത്ത പെണ്‍കുട്ടി താഴ്‌വരയിലേക്ക് വന്നിട്ടുണ്ടെന്നും നിരീക്ഷിക്കണമെന്നും കേന്ദ്ര സുരക്ഷാ ഏജന്‍സികള്‍ നല്‍കിയ വിവരമാണ് കശ്മീര്‍ പോലീസ് പെണ്‍ ചാവേറായി വ്യാഖ്യാനിച്ചത്. തുടര്‍ന്ന് എല്ലാ ജില്ലകളിലും അതീവ ജാഗ്രതക്ക് നിര്‍ദേശം നല്‍കിയിരുന്നു. റിപ്പബ്ലിക് ദിനാഘോഷ വേദിയിലേക്ക് കടത്തിവിടുന്ന സ്ത്രീകള്‍ക്ക് പ്രത്യേക പരിശോധന നടത്തണമെന്നും നിര്‍ദേശിക്കപ്പെട്ടു. ജനുവരി 23 നാണ് ഇത്തരമൊരു സര്‍ക്കുലര്‍ അതീവ ജാഗ്രത പാലിക്കണമെന്ന നിര്‍ദേശത്തോടെ പോലീസ് സ്റ്റേഷനുകളില്‍ ലഭിച്ചത്.
2015 ഏപ്രിലില്‍ സാദിയ ശൈഖിനെ പൂനെ എ.ടി.എസ് ചോദ്യം ചെയ്തപ്പോള്‍ വിദേശത്തുള്ള ഐ.എസുകാരുമായുള്ള ഓണ്‍ലൈന്‍ ബന്ധത്തെ തുടര്‍ന്ന് തീവ്രവാദ ആശയങ്ങളില്‍ ആകൃഷ്ടയായിരിക്കയാണെന്ന് വെളിപ്പെടുത്തിയിരുന്നു. സിറിയയിലേക്ക് പോകാന്‍ പദ്ധതിയിട്ടുവെന്നും വ്യക്തമാക്കിയ എ.ടി.എസ് ഇസ്‌ലാമിക പണ്ഡിതന്മാരുടെ കൗണ്‍സലിങ് ആവശ്യമാണെന്ന നിര്‍ദേശത്തോടെയാണ് കുടുംബത്തിനു കൈമാറിയത്. പൂനെ കോളേജില്‍ അന്ന് പതിനൊന്നാം ക്ലാസ് വിദ്യാര്‍ഥിനിയായിരുന്ന സാദിയ പിന്നീട് കാള്‍ സെന്ററില്‍ ജോലിക്ക് ചേര്‍ന്നിരുന്നു..