മുംബൈ- ആഡംബര കപ്പലിലെ ലഹരിപാര്‍ട്ടി കേസുമായി ബന്ധപ്പെട്ട് അപകീര്‍ത്തി പ്രസ്താവന നടത്തിയ മഹാരാഷ്ട്ര മന്ത്രിയും എന്‍.സി.പി നേതാവുമായ നവാബ് മാലിക്കിനെതിരെ 100 കോടിയുടെ മാനനഷ്ടക്കേസ് ഫയല്‍ ചെയ്യുമെന്ന് ബി.ജെ.പി നേതാവ് മോഹിത് കാംബോജ്.
മോഹിതിന്റെ അടുത്ത ബന്ധുവായ ഋഷഭ് സച്ച്‌ദേവിനും ലഹരിപാര്‍ട്ടിയുമായി ബന്ധമുണ്ടെന്നായിരുന്നു നവാബ് മാലികിന്റെ പ്രസ്താവന.
നാര്‍ക്കോട്ടിക്‌സ് കണ്‍ട്രോള്‍ ബ്യൂറോ മുംബൈ യൂണിറ്റ് സോണല്‍ ഡയറക്ടര്‍ സമീര്‍ വാങ്കഡെയും ബി.ജെ.പി നേതാക്കളും തമ്മില്‍ ബന്ധമുണ്ടെന്ന് നവാബ് മാലിക് വാര്‍ത്താ സമ്മേളനത്തില്‍ ആരോപിച്ചിരുന്നു. ബി.ജെ.പി നേതാക്കള്‍ എന്‍.സി.ബി ഓഫീസിലെത്തുന്ന ചിത്രങ്ങളും അദ്ദേഹം പുറത്തുവിട്ടു.
എന്‍സിബി ഉദ്യോഗസ്ഥരും ബിജെപി നേതാക്കളും തമ്മില്‍ ചര്‍ച്ചകള്‍ നടന്നിട്ടുണ്ടാകുമെന്ന് കരുതുന്നു. മോഹിത് കാംബോജിന്റെഅടുത്ത ബന്ധുവായ ഋഷഭ് സച്ച്‌ദേവ, പ്രതീക് ഗാബ, ആമിര്‍ എന്നിവരെ എന്‍.സി.ബി പിന്നീട് വിട്ടയച്ചുവെന്നും നവാബ് മാലിക് ആരോപിച്ചു.
നവാബ് മാലിക് തന്റെ അധികാരം മറ്റുള്ളവരുടെ കുടുംബത്തെ അപകീര്‍ത്തിപ്പെടുത്താനാണ് ഉപയോഗിക്കുന്നതെന്ന് മോഹിത് കാംബോജ് കുറ്റപ്പെടുത്തി. ഇത്തരം ആളുകളെ മന്ത്രിസ്ഥാനത്ത് നിന്ന് പുറത്താക്കണം. തന്റെ ബന്ധുവായ ഋഷഭിന് ഈ കേസിലോ ആര്യന്‍ ഖാനുമായോ ബന്ധമില്ലെന്ന് എന്‍.സ.ബിക്ക് വ്യക്തമായിട്ടുണ്ടെന്നും അദ്ദേഹം വിശദീകരിച്ചു.