വരാണാസി- സ്വന്തം ആവശ്യത്തിനായി കഴിഞ്ഞ വര്‍ഷം 16,000 കോടിരൂപക്ക് രണ്ട് വിമാനങ്ങള്‍ വാങ്ങിയ പ്രധാനമന്ത്രി നരേന്ദ്ര മോഡി രാജ്യത്തിന്റെ എയര്‍ഇന്ത്യ വിമാന കമ്പനി 18,000 കോടിക്ക് കോടീശ്വരന്മാരായ സുഹൃത്തുകള്‍ക്ക് വിറ്റുവെന്ന് പ്രിയങ്ക ഗാന്ധി ആരോപിച്ചു. വരാണാസിയില്‍ കിസാന്‍ ന്യായ് റാലിയില്‍ സംസാരിക്കുകയായിരുന്നു അവര്‍. ദേശീയ വിമാനക്കമ്പനിയായ എയര്‍ ഇന്ത്യ 18,000 കോടിരൂപക്ക് ടാറ്റ സണ്‍സ് സ്വന്തമാക്കിയതായി കേന്ദ്ര സര്‍ക്കാര്‍ കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു.
പാവപ്പെട്ടവര്‍ക്കും, ദളിത് വിഭാഗക്കാര്‍ക്കും, സ്ത്രീകള്‍ക്കും ഒന്നും രാജ്യത്ത് സുരക്ഷിതത്വമില്ല. എന്നാല്‍ മോഡിയുടെ കോടീശ്വരന്മാരായ സുഹൃത്തുക്കള്‍ മാത്രം നല്ല രീതിയില്‍ പോകുന്നു. പ്രധാനമന്ത്രിയുടെയോ മറ്റ് മന്ത്രിമാരുടെയോ സ്വകാര്യ സ്വത്തല്ല രാജ്യം. രാജ്യം നിങ്ങളുടേതാണ്. അക്കാര്യം നിങ്ങള്‍ക്ക് ബോധ്യപ്പെട്ടില്ലെങ്കില്‍ രാജ്യത്തെ രക്ഷിക്കാന്‍ നിങ്ങള്‍ക്ക് കഴിയില്ല-പ്രിയങ്ക ഉണര്‍ത്തി.
രാജ്യത്തെ ജനങ്ങള്‍ക്ക് ഭക്ഷണം നല്‍കുന്നത് കര്‍ഷകരാണ്. അവരുടെ മക്കളാണ് അതിര്‍ത്തികള്‍ കാക്കുന്നത്. എന്നാല്‍ അവരുടെ കുടുംബങ്ങളില്‍പ്പെട്ടവരാണ് ലഖിംപുര്‍ ഖേരിയില്‍ കൊല്ലപ്പെട്ടത്. അവരുടെ കുടുംബങ്ങള്‍ക്ക് നീതി ലഭിക്കുമെന്ന വിശ്വാസം ഇല്ലാതായി- പ്രിയങ്ക പറഞ്ഞു.ാേ