വരാണസി- ആഭ്യന്തര സഹമന്ത്രി അജയ് മിശ്രയേയും മകന്‍ ആശിഷ് മിശ്രയേയും പ്രധാനമന്ത്രി നരേന്ദ്ര മോഡിയും മുഖ്യമന്ത്രി യോഗി ആദിത്യനാഥും സംരക്ഷിക്കുകയാണെന്ന് കോണ്‍ഗ്രസ് നേതാവ് പ്രിയങ്ക ഗാന്ധി ആരോപിച്ചു.
വരാണസിയില്‍ കിസന്‍ ന്യായ റാലിയില്‍ സംസാരിക്കവെയാണ് പ്രിയങ്ക മോഡിയേയും യോഗിയേയും രൂക്ഷമായി ആക്രമിച്ചത്.
മന്ത്രിയുടെ മകന്‍ കഴിഞ്ഞയാഴ്ച ആറു പേരെയാണ് വാഹനം കൊണ്ട് ഇടിച്ചുവീഴ്ത്തിയത്. ഇവരുടെ കുടുംബങ്ങളെല്ലാം നീതി ലഭിക്കണമെന്നാണ് ആവശ്യപ്പെടുന്നത്. എന്നാല്‍ സര്‍ക്കാര്‍ മന്ത്രിയേയും മകനേയും സംരക്ഷിക്കുന്നതാണ് എല്ലാവരും കാണുന്നതെന്ന് പ്രിയങ്ക പറഞ്ഞു.
പ്രക്ഷോഭ രംഗത്തുള്ള കര്‍ഷകരെ ഭീകരരെന്നും ആന്തോളന്‍ജീവികളെന്നും മോഡി വിളിച്ചതിനെയും പ്രിയങ്ക വിമര്‍ശിച്ചു.
യോഗി ആദിത്യനാഥ് കര്‍ഷകരെ ഗുണ്ടകളെന്നു വിളിച്ചാണ് ഭീഷണിപ്പെടുത്തിയത്. ഇപ്പോള്‍ സംരക്ഷിക്കുന്ന മന്ത്രി അജയ് കുമാര്‍ മിശ്രയും കര്‍ഷകരെ ഭീഷണിപ്പെടുത്തിയിട്ടുണ്ട്. രണ്ട് മിനിറ്റ് കൊണ്ട് കര്‍ഷകരെ വരച്ച വരയില്‍നിര്‍ത്തുമെന്നാണ് അജയ് മിശ്ര പറഞ്ഞത്- പ്രിയങ്ക ചൂണ്ടിക്കാട്ടി.