ജയ്പുര്‍- രാജസ്ഥാനില്‍ യുവതിയുമായി ബന്ധമുണ്ടെന്നാരോപിച്ച് യുവാവിനെ അടിച്ചുകൊലപ്പെടുത്തി യുവതിയുടെ ഭര്‍ത്താവും ബന്ധുക്കളുമാണ് യുവാവിനെ വീടിന് മുന്നില്‍വെച്ച് വടികൊണ്ട് അടിച്ചു കൊലപ്പെടുത്തിയത്. സംഭവത്തിന്റെ വീഡിയോ ചിത്രീകരിച്ച് സമൂഹമാധ്യമങ്ങളില്‍ പ്രചരിപ്പിക്കുകയും ചെയ്തു. രാജസ്ഥാനിലെ ഹനുമാന്‍ഗഢ് ജില്ലയിലാണ് സംഭവം. ആറ് പേര്‍ ചേര്‍ന്ന് യുവാവിനെ ക്രൂരമായി തല്ലിച്ചതക്കുന്ന ദൃശ്യങ്ങളാണ് പുറത്തുവന്നത്. പ്രേംപുര ഗ്രാമത്തിലെ ജഗദീഷ് മേഘ്വാള്‍ എന്ന യുവാവാണ് കൊല്ലപ്പെട്ടത്. ഇയാള്‍ ദലിത് വിഭാഗത്തില്‍പ്പെട്ടയാളാണ്.
ഇയാളുടെ പിതാവിന്റെ പരാതിയില്‍ പോലീസ് കേസെടുത്തു. ഒരാള്‍ ജഗദീഷിന്റെ കഴുത്തില്‍ മുട്ടുകാലമര്‍ത്തി പിടിച്ച ശേഷം മറ്റുള്ളവര്‍ വടികൊണ്ട് അടിക്കുകയായിരുന്നു. വിനോദ്, മുകേഷ്, ലാല്‍ഛന്ദ്, സികന്ദര്‍, ദിലീപ് രാജ്പുത്ത് എന്നിവര്‍ ബൈക്കിലെത്തി ജഗദീഷിനെ വീട്ടിന് മുന്നില്‍ ഉപേക്ഷിച്ചുപോയെന്നും പിതാവ് പറഞ്ഞു. അപ്പോള്‍ ജഗദീഷിന് ജീവനുണ്ടായിരുന്നില്ലെന്നും അദ്ദേഹം വ്യക്തമാക്കി. 11 പേര്‍ക്കെതിരെയാണ് കേസെടുത്തത്. മൂന്ന് പേര്‍ പിടിയിലായെന്നും മറ്റുള്ളവര്‍ക്കായി തിരച്ചില്‍ ശക്തമാക്കിയെന്നും പോലീസ് പറഞ്ഞു. വീട്ടിലേക്ക് വരുംവഴിയാണ് പ്രതികള്‍ ജഗദീഷിനെ തട്ടിക്കൊണ്ടുപോയത്. പ്രതികളെ അറസ്റ്റ് ചെയ്യും വരെ മൃതദേഹം അടക്കം ചെയ്യില്ലെന്ന് പറഞ്ഞ് നാട്ടുകാര്‍ പോലീസ് സ്‌റ്റേഷന്‍ ഉപരോധിച്ചു.