പൊന്നാനി- സി.പി.എം ജില്ലാ സെക്രട്ടറിയേറ്റംഗം ടി.എം സിദ്ദീഖിനെതിരെയുള്ള നടപടിയിൽ സി.പി.എമ്മിൽ പരസ്യ പ്രതിഷേധം. സ്വയം സ്ഥാനാർഥിയാണെന്ന് പറഞ്ഞ് ഒപ്പു ശേഖരണം നടത്തിയ മുൻ സ്പീക്കർ പി.ശ്രീരാമകൃഷ്ണന് എതിരെയും നടപടി വേണമെന്നാവശ്യപ്പെട്ടാണ് പ്രതിഷേധക്കാർ എത്തിയത്. പ്രതിഷേധത്തെ തുടർന്ന് സമ്മേളന പ്രതിനിധികൾ എത്താത്തതിനാൽ ഒരു ബ്രാഞ്ച് സമ്മേളനം മാറ്റി. വെളിയങ്കോട് പഴഞ്ഞി ബ്രാഞ്ച് കമ്മിറ്റി യോഗത്തിൽ നിന്ന് നാല് അംഗങ്ങൾ ഇറങ്ങിപ്പോയി. പുതുപൊന്നാനിയിൽ സി.പി.എം ബ്രാഞ്ച് സമ്മേളന സ്ഥലത്തേക്ക് പാർട്ടി അനുഭാവികളാണ് പ്രതിഷേധ പ്രകടനം നടത്തിയത്. വെളിയങ്കോട് മാട്ടുമ്മലിൽ സമ്മേളന പ്രതിനിധികൾ എത്താത്തതിനാൽ ബ്രാഞ്ച് സമ്മേളനം മാറ്റിവെച്ചു. പുതുപൊന്നാനി എ.യു.പി സ്‌കൂളിൽ നടന്ന പുതുപൊന്നാനി നോർത്ത് ബ്രാഞ്ച് സമ്മേളന സ്ഥലത്തേക്കാണ് പാർട്ടി അനുഭാവികളായ ഏഴംഗങ്ങൾ പ്രകടനവുമായി എത്തിയത്. പുതുപൊന്നാനി സെന്ററിൽ നിന്നും പാർട്ടി അനുഭാവികളായ ഷുഹൈബ്, അഷ്‌ക്കർ, മൊയ്തുട്ടി, ഹംസു, ജിഫ്രി, മൊയ്തു, അലി എന്നിവർ സമ്മേളനത്തിന് അഭിവാദ്യമർപ്പിച്ച് എത്തി. സമ്മേളന വേദിക്കരികിൽ വെച്ച് ഏരിയാ കമ്മറ്റിയംഗം എം.എ ഹമീദ്, പൊന്നാനി നഗരം ലോക്കൽ സെക്രട്ടറിയും ഏരിയാ കമ്മിറ്റി അംഗവുമായ യു.കെ.അബൂബക്കർ എന്നിവരെത്തി പ്രകടനക്കാരെ പിന്തിരിപ്പിക്കാൻ ശ്രമിച്ചു. എന്നാൽ തങ്ങൾ സമ്മേളനം അലങ്കോലമാക്കാനെത്തിയതല്ലെന്നും, ടി.എം സിദ്ദീഖിനെതിരെയുള്ള നടപടിയിൽ നേതൃത്വത്തിന്റെ ഭാഗത്ത് നിന്നും വിശദീകരണം വേണമെന്നും പ്രവർത്തകർ ആവശ്യപ്പെട്ടു. സ്വയം സ്ഥാനാർഥിയായി പ്രഖ്യാപിച്ച് ഒപ്പ് ശേഖരണം നടത്തിയ ശ്രീരാമകൃഷ്ണനെതിരെ നടപടിയില്ലാതെ ടി.എം സിദ്ദീഖിനെതിരെ ഏകപക്ഷീയ നടപടിയാണ് കൈക്കൊണ്ടതെന്നും പ്രവർത്തകർ പറഞ്ഞു. അതേസമയം, മാധ്യമങ്ങളിൽ വന്ന വാർത്തകൾ മാത്രമാണ് തങ്ങൾക്കുള്ളതെന്നും, സംസ്ഥാന നേതൃത്വം ഇക്കാര്യത്തിൽ തീരുമാനം അറിയിച്ചിട്ടില്ലെന്നും ഏരിയാ നേതാക്കൾ പ്രവർത്തകരോട് പറഞ്ഞു. ഇതോടെ മുദ്രാവാക്യം വിളികളുമായാണ് പ്രവർത്തകർ പിരിഞ്ഞു പോയത്. ശനിയാഴ്ച നടക്കാനിരുന്ന വെളിയങ്കോട് മാട്ടുമ്മൽ ബ്രാഞ്ച് സമ്മേളനത്തിൽ ചുമതലയുണ്ടായിരുന്ന ഏരിയാ കമ്മിറ്റിയംഗം രജീഷ് ഊപ്പാല സമ്മേളന സ്ഥലത്തെത്തിയെങ്കിലും ബ്രാഞ്ച് സെക്രട്ടറിയുൾപ്പെടെ ബ്രാഞ്ച് കമ്മിറ്റിയംഗങ്ങൾ ഒരാൾ പോലും എത്താത്തതിനാൽ സമ്മേളനം മാറ്റിവെച്ചു. കൂടാതെ വെളിയങ്കോട് പഴഞ്ഞി ബ്രാഞ്ച് കമ്മിറ്റി യോഗത്തിൽ നിന്നും നാല് അംഗങ്ങൾ ഇറങ്ങിപ്പോയി. ബ്രാഞ്ച് കമ്മിറ്റിയംഗങ്ങളായ ജാബിർ, കെ.ഹാരിസ്, പ്രബീഷ്, ഹാരിസ് എന്നിവരാണ് സമ്മേളനം ബഹിഷ്‌ക്കരിച്ച് ഇറങ്ങിപ്പോന്നത്. ടി.എം സിദ്ദീഖിനെതിരെയുള്ള നടപടി അനീതിയാണെന്നും, നടപടി പുനഃപരിശോധിക്കണമെന്നും യോഗം ബഹിഷ്‌കരിച്ചവർ ആവശ്യപ്പെട്ടു.