ന്യൂദൽഹി- രാജ്യത്ത് പശുക്കൾക്ക് ആധാർ മാതൃകയിൽ പ്രത്യേക നമ്പർ നൽകുന്ന പശു സഞ്ജീവനി പദ്ധതിയുടെ ആദ്യഘട്ടത്തിൽ നാലു കോടി പശുക്കൾക്ക് 12 അക്ക നമ്പർ നൽകും. കേന്ദ്ര ബജറ്റിൽ ഇതിനായി നീക്കിവച്ചത് 50 കോടി രൂപയാണ്. കുറഞ്ഞ ചെലവിലാണ് ടാഗുകളാക്കി ഈ നമ്പർ നൽകുക. 2015ൽ കേന്ദ്ര സർക്കാർ പ്രഖ്യാപിച്ച പദ്ധതിയാണിത്. കാർഷിക മന്ത്രാലയമായിരിക്കും ഈ നമ്പർ നൽകുക. ഇതിനുള്ള സാങ്കേതിക വിദ്യ മന്ത്രാലയം സ്വന്തമാക്കിയിട്ടുണ്ടെന്ന് ഒരു മുതിർന്ന ഉദ്യോഗസ്ഥൻ പറഞ്ഞു. പശുവിന്റെ വർഗം, വയസ്സ്, ലിംഗം, ഉയരം, ശരീരത്തിലെ അടയാളങ്ങൾ തുടങ്ങിയ ജൈവ വിവരങ്ങൾ ഉൾപ്പെടുന്ന പോളിയുറിത്തീൻ ടാഗാണ് ഓരോ പശുവിനും നൽകുക. ഒരു കാർഡിന് ചെലവ് എട്ടു രൂപ മതൽ 10 രൂപ വരെ.
പാൽ ചുരത്തുന്ന തദ്ദേശീയ പശുക്കളെ സംരക്ഷിക്കുന്നതിനുള്ള പ്രത്യേക പദ്ധതിയും ഇതോടൊപ്പം കൃഷി മന്ത്രാലയം നടപ്പിലാക്കുന്നുണ്ട്. തദ്ദേശീയ പശുക്കളുടെ പാൽ കൂടുതൽ ആരോഗ്യദായകമാണെന്നാണ് മന്ത്രാലയത്തിന്റെ കണ്ടെത്തൽ. രാഷട്രീയ ഗോഗുൽ മിഷൻ എന്നു പേരിട്ട പദ്ധതി പ്രകാരം മുന്തിയ ഇനം തദ്ദേശീയ കാലികളായ ഗുജറാത്തിലെ ഗിർ, രാജസ്ഥാനിലും യുപിയിലുമുള്ള സഹിവൽ, രതി, ദേവ്‌നി, തർപർക്കർ, റെഡ് സിന്ധി ഇനങ്ങളെ ഉപയോഗപ്പെടുത്തി മറ്റു സാധാരണ ഇനം പശുക്കളെ മെച്ചപ്പെടുത്തി എടുത്ത് ഉൽപ്പാദനം വർധിപ്പിക്കാനാണ് ലക്ഷ്യമിടുന്നത്. ബജറ്റ് ലക്ഷ്യമിട്ടിരുക്കുന്ന വളർച്ച നിതി ആയോഗ് നിരീക്ഷിക്കും. ഇന്ത്യയിൽ 4.5 കോടി പാൽ ചുരത്തുന്ന പശുക്കളുണ്ടെന്നാണ് കണക്ക്.