പൂനെ- പൂനെയിൽ നടപ്പാതയിൽ കുടിൽ കെട്ടി താമസിച്ചു വരികയായിരുന്ന മുൻ കരസേന ക്യാപ്റ്റനെ അജ്ഞാതർ അടിച്ചു കൊന്നു. ഏകാന്തനായി കഴിഞ്ഞിരുന്ന 67കാരനായ രവീന്ദ്ര ബാലിയാണ് കൊല്ലപ്പെട്ടത്. ബാലിയെ രണ്ടു പേർ മർദ്ദിക്കുന്നത് കണ്ട തൊട്ടടുത്ത ബംഗ്ലാവിലെ കാവൽക്കാരനാണ് പോലീസിനെ വിവരമറിയിച്ചത്. ആക്രമികൾ ഉടൻ സ്ഥലം വിടുകയും ചെയ്തു. പുനെ കന്റോൺമെന്റ്ിനടുത്ത നടപ്പാതയിലാണ് താൽക്കാലിക കുടിൽ കെട്ടി ബാലി കഴിഞ്ഞിരുന്നത്.
വർഷങ്ങളായി കുടുംബത്തിൽ നിന്നും അകന്ന് ഒറ്റയ്ക്ക് കഴിയുകയായിരുന്നു ഇദ്ദേഹം. ബന്ധുക്കളെ തിരഞ്ഞുപിടിച്ച് പോലീസ് വിവരം അറിയിച്ചിട്ടുണ്ട്. അക്രമികൾക്കെതിരെ പോലീസ് കൊലക്കുറ്റത്തിന് കേസെടുത്ത് അന്വേഷണമാരംഭിച്ചു.