അറിയണം, നീതിക്കു വേണ്ടിയുള്ള ഒരു ഭാര്യയുടെ അപൂർവ്വ പോരാട്ടത്തിന്റെ കഥ. അഞ്ചു വർഷം മുൻപ് മരിച്ച ഭർത്താവിനെ കുറ്റവിമുക്തനാക്കാൻ ഭാര്യ സഹിച്ച ത്യാഗത്തിന്റെ കഥ. കാണണം, ഒടുവിൽനീതിയുടെ വെളിച്ചമെത്തിയപ്പോഴുള്ള ആനന്ദ കണ്ണിർ.
ഗുജറാത്ത് സ്വദേശിയായ ആശാ ഗുപ്തയുടെ ഭർത്താവ് അഞ്ച് വർഷം മുമ്പാണ് അർബുദം ബാധിച്ച് മരിച്ചത്. എന്നാൽ 19 വർഷം പഴക്കമുള്ള ഒരു കൊള്ളയടി കേസിൽ പ്രതിയാക്കപ്പെട്ട തന്റെ ഭർത്താവിനെ കുറ്റവിമുക്തനാക്കുന്നതിനായി ആശ നടത്തിയ നിയമ പോരാട്ടം ഒടുവിൽ ഫലം കണ്ടിരുക്കുകയാണ്. ആശാ ഗുപ്തയുടെ ഭർത്താവ് ലളിത് ഗുപ്ത കുറ്റക്കാരനല്ലെന്ന് ഗുജറാത്ത് ഹൈക്കോടതി കഴിഞ്ഞ ദിവസം വിധി പ്രഖ്യാപിച്ചു.
2002ലാണ് ലളിത് ഗുപ്തയെയും സുഹൃത്ത് രത്നാകർ രാഹുർക്കറിനെയും കൊള്ളയടിക്കൽ, ഭീഷണിപ്പെടുത്തൽ എന്നീ കുറ്റങ്ങൾ ചുമത്തി റാവുപുര പോലീസ് അറസ്റ്റ് ചെയ്തത്. വഡോദരയിലെ ഒരു മജിസ്ട്രേറ്റ് കോടതി 2008ൽ രണ്ട് കുറ്റങ്ങളിൽ നിന്നും ഇവരെ വിമുക്തരാക്കിയെങ്കിലും മറ്റ് കുറ്റങ്ങൾക്ക് മൂന്ന് വർഷത്തെ തടവ് ശിക്ഷയ്ക്ക് വിധിക്കുകയുണ്ടായി. രണ്ട് വർഷത്തിന് ശേഷം സെഷൻസ് കോടതി ഈ വിധി ശരിവച്ചു.
തുടർന്ന് നീതിക്ക് വേണ്ടി കുറ്റാരോപിതർ ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു. ഇതിനിടയിൽ 2016 മാർച്ചിൽ ലളിത് ഗുപ്ത അർബുദം ബാധിച്ച് മരണമടഞ്ഞു. തുടർന്ന് ആദ്ദേഹത്തിന്റെ വിധവ ആശ ഗുപ്ത ഭർത്താവിന്റെ മേൽ ആരോപിക്കപ്പെട്ട കുറ്റം ഇല്ലാതാക്കാൻ കേസുമായി മുന്നോട്ട് പോകാൻ തീരുമാനിക്കുകയായിരുന്നു.
കുറ്റാരോപിതൻ മരണമടഞ്ഞതിനാൽ കേസ് റദ്ദാക്കാനായിരുന്നു ഹൈക്കോടതി ആദ്യം തീരുമാനിച്ചത്. എന്നാൽ അപ്പീൽ റദ്ദാക്കരുതെന്നും ഭർത്താവിന്റെ മേലുള്ള കളങ്കം തനിക്ക് മാറ്റണമെന്നും അദ്ദേഹത്തിന്റെ പേരിൽ സമൂഹത്തിന് മുന്നിൽ തല ഉയർത്തി നിൽക്കണമെന്നും ആശ കോടതിയിൽ പറഞ്ഞു. കുറ്റാരോപിതൻ മരിച്ചാൽ കേസ് തുടരുന്ന പതിവില്ലെങ്കിലും ഹൈക്കോടതി ആശയുടെ ആവശ്യം അംഗീകരിച്ച് വാദം തുടർന്നു. ഒടുവിൽ കഴിഞ്ഞ ദിവസം ഹൈക്കോടതി കീഴ്ക്കോടതികളുടെ വിധികൾ റദ്ദാക്കുകയും ലളിത് ഗുപ്തയെയും അദ്ദേഹത്തോടൊപ്പം കുറ്റം ചുമത്തപ്പെട്ട രാഹുർക്കറിനെയും കുറ്റവിമുക്തരാക്കുകയും ചെയ്തു.
കേസിലെ പ്രധാന സാക്ഷിയെ പ്രോസിക്യൂഷൻ പരിശോധിച്ചിട്ടില്ലെന്നും . സാക്ഷിയുടെ സത്യവാങ്മൂലം പോലും കോടതി രേഖപ്പെടുത്തിയിരുന്നില്ലെന്നും ഹൈക്കോടതി കണ്ടെത്തി. ലളിത് ഗുപ്ത കോൺഗ്രസ് നേതാവും അദ്ദേഹത്തിന്റെ സുഹൃത്ത് മാധ്യമ പ്രവർത്തകനുമായിരുന്നു. കോടതി വിധിയെ സന്തോഷ കണ്ണീരോടെയാണ് ആശാ ഗുപ്തയും കുടുംബവും സ്വീകരിച്ചത്.